08:13am 13 November 2026
NEWS
ശക്തിയുള്ളതുകൊണ്ടല്ലേ കോൺഗ്രസ് ഇപ്പോഴും വിളിക്കുന്നത്? യു.ഡി.എഫിലേക്ക് പോകേണ്ട രാഷ്ട്രീയ സാഹചര്യമില്ല: ജോസ് കെ. മാണി
03/01/2026  09:47 AM IST
സുരേഷ് വണ്ടന്നൂർ
ശക്തിയുള്ളതുകൊണ്ടല്ലേ കോൺഗ്രസ് ഇപ്പോഴും വിളിക്കുന്നത്? യു.ഡി.എഫിലേക്ക് പോകേണ്ട രാഷ്ട്രീയ സാഹചര്യമില്ല: ജോസ് കെ. മാണി

​തിരുവനന്തപുരം: കേരള കോൺഗ്രസിനെ (എം) യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിന് മറുപടിയുമായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ ശക്തി ബോധ്യമുള്ളതുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ക്ഷണിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.

​"ശക്തി കുറഞ്ഞാൽ ആരെങ്കിലും ക്ഷണിക്കുമോ? തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്തത്. പാർട്ടിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല." - ജോസ് കെ. മാണി വ്യക്തമാക്കി.

​മുന്നണി മാറ്റമില്ല

​ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങിപ്പോകേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികൾക്കും ഏഴു സീറ്റുകൾ വീതം ലഭിച്ചത് കേരളത്തിൽ ഇരുപക്ഷവും തുല്യ ശക്തികളാണെന്നതിന്റെ തെളിവാണ്.

​13 സീറ്റുകളിൽ മത്സരിക്കും

​വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകൾ പാർട്ടി ആവശ്യപ്പെടും. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകൾക്ക് പുറമെ, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉറപ്പിന്മേൽ വിട്ടുകൊടുത്ത കുറ്റ്യാടി സീറ്റ് ഇത്തവണ തിരിച്ചുചോദിക്കും. സീറ്റുകൾ വച്ചുമാറുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പാലായിൽ മേൽക്കൈ

​തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2,198 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് യു.ഡി.എഫ് അവിടെ ഭരണം പിടിച്ചതെന്നും പി.ജെ. ജോസഫ് വിഭാഗത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായി എന്ന വാദം തെറ്റാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img