
ലോകമെമ്പാടും മുസ്ലീം ജനസംഖ്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോർട്ട്. 2060 ആകുമ്പോഴേക്കും ആഗോള മുസ്ലീം ജനസംഖ്യ 70ശതമാനം വർധിക്കുമെന്നാണ് പ്യൂ റിസർച്ച് സെന്ററിന്റെ സമീപകാല പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇസ്ലാം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മതമാണെന്നും ഇത് ക്രിസ്തു മതത്തെ മറികടന്ന് ഏറ്റവും വലിയ മതമായി മാറുമെന്നുമാണ് പ്യൂ റിസർച്ച് റിപ്പോർട്ടിലുള്ളത്.
2030 ആകുമ്പോഴേക്കും കാനഡയിലെ മുസ്ലീം ജനസംഖ്യ മൂന്നിരട്ടിയാകുമെന്നും 2010 ൽ 940,000 ആയിരുന്നത് 2.7 ദശലക്ഷമായി ഉയരുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് കാനഡയുടെ മൊത്തം ജനസംഖ്യയുടെ 6.6ശതമാനം വരും. അതുപോലെ, അമേരിക്കയിൽ, 0-4 വയസ്സ് പ്രായമുള്ള മുസ്ലീം കുട്ടികളുടെ എണ്ണം 2010 ൽ 2,00,000 ൽ നിന്ന് വരും വർഷങ്ങളിൽ 6,50,000 ആയി ഉയരും. ഇന്ത്യ 2025 ആകുമ്പോഴേക്കും ഇന്തോനേഷ്യയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2060 ആകുമ്പോഴേക്കും മുസ്ലീങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മാറുമെന്നാണ് പ്യൂ റിസർച്ചിന്റെ പ്രവചനം. യുവ മുസ്ലീങ്ങളുടെ ഉയർന്ന ശതമാനം, മുസ്ലീം കുടുംബങ്ങൾക്കിടയിലെ ഉയർന്ന ജനനനിരക്ക്, മതപരിവർത്തനം എന്നിവയാണ് മുസ്ലീം ജനസംഖ്യ വർധിക്കാനുള്ള കാരണങ്ങളായി പഠന റിപ്പോർട്ടിൽ പറയുന്നത്. 2060 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയിൽ 32ശതമാനത്തിന്റെ വർധനവുണ്ടാകുമ്പോൾ മുസ്ലീം ജനസംഖ്യ 70ശതമാനം വർദ്ധിക്കും, ഇത് ആഗോള ശരാശരിയുടെ ഇരട്ടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.











