
തിരുവനന്തപുരം: രാജ്യത്തിനകത്തും ആഗോള തലത്തിലും ഇസ്‌ലാമോഫോബിയയും മുസ്‌ലിം സമൂഹത്തിനെതിരായ വിരോധവും വർധിക്കുന്നുവെന്ന് പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹ് പ്രാർത്ഥനയ്ക്ക് ശേഷം പെരുന്നാൾ സന്ദേശം നൽകവെയാണ് ഡോ. വി. പി. സുഹൈബ് മൗലവി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആൾക്കൂട്ട ആക്രമണങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുപ്പിനെ വെറുപ്പിലൂടെ നേരിടുന്നതല്ല പരിഹാരമെന്നും, സൗഹൃദവും സഹിഷ്ണുതയും കൊണ്ടാണ് ഇത്തരം പ്രവണതകളെ ചെറുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്നും കേൾക്കുന്നു. പക്ഷെ വാർത്തകളിൽ നാം ഭയപ്പെടേണ്ടതില്ല. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണ്. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. നന്മയും തിന്മയും തുല്യമാവില്ല': പാളയം ഇമാം പറഞ്ഞു.
ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും ട്രംപിന്റെയും നെതന്യാഹുവിന്റെയും നേതൃത്വത്തിൽ ഇറാൻ നടത്തിയ ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു. 'സ്‌കൂൾ കുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുകയാണ്. ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച്ച ചെയ്‌തെങ്കിലും ഒരു സമാധാന കരാർ ഉണ്ടാക്കാൻ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരെ ഓർത്ത് കുടുംബങ്ങൾ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പൂർണമായ യുദ്ധവിരാമമാണ് ആവശ്യം. സൈറൺ മുഴക്കങ്ങൾ ഇല്ലാത്ത ബോംബ് വർഷങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ ലഭിക്കാനായി പ്രാർത്ഥിക്കാം'; പാളയം ഇമാം പറഞ്ഞു.











