
ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബ് ഉത് തഹ്രീറിന്റെ വാർഷിക സമ്മേളനം കാനഡയിൽ നടക്കുമെന്ന് റിപ്പോർട്ട്. ജനുവരി 18ന് കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയിൽ വാർഷിക സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഇസ്ലാമിക ഖിലാഫത്ത് നടപ്പാക്കണമെന്ന് വാദിക്കുന്ന സംഘടനയാണ് ഹിസ്ബ് ഉത് തഹ്രീർ. ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനവും ശരിയത്ത് നിയമം നടപ്പിലാക്കണമെന്നതുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.
അമേരിക്ക, യൂറോപ്പ്, റഷ്യ, ചൈന എന്നിവയുൾപ്പെടുന്ന കൊളോണിയലിസ്റ്റ് സൂപ്പർപവറുകളെ മറികടക്കാനുള്ള വഴികൾ പര്യവേഷണം ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സമ്മേളനത്തിന്റെ പ്രൊമോഷണൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹിസ്ബ് ഉത്-തഹ്രീറിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘അമേരിക്ക നമ്മുടെ സമൂഹത്തിന്റെ അത്ര ശക്തമാണോയെന്നും നമുക്ക് അമേരിക്കയെ തോൽപ്പിക്കാൻ കഴിയില്ലേയെന്നും വീഡിയോയിൽ ചോദിക്കുന്നുണ്ട്. റോം, പേർഷ്യ ഉൾപ്പെടെയുള്ള പുരാതന സാമ്രാജ്യങ്ങളുടെ വിജയങ്ങളെക്കുറിച്ചും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ ഉൾപ്പെടെയുള്ള നഗരങ്ങളെ ‘മുസ്ലീം നഗരങ്ങൾ’ എന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
ഭീകര സംഘടന കാനഡയിൽ സമ്മേളനം നടത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ആഗോളതലത്തിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടും അവരുടെ പ്രവർത്തനങ്ങളോട് കാനഡ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഭീകരസംഘടനകൾക്ക് പ്രോത്സാഹനം നൽകിയെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം രാജിവെച്ചത്.











