
പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നു. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് പറഞ്ഞെങ്കിലും ഇറാൻ സൈനിക വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) പ്രസിഡന്റിന്റെ പ്രസ്താവന തള്ളി രംഗത്തെത്തി. മസൂദ് പെസെഷ്കിയാന്റെ പ്രഖ്യാപനത്തിനു പിന്നാലെ മണിക്കൂറുകൾക്കകം അബുദാബിയിലെ യുഎസ് വ്യോമത്താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ എത്തി. കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ അറിയിച്ചു. ഇറാന്റെ ശത്രുക്കൾക്ക് താവളം നൽകിയ അയൽരാജ്യങ്ങളും ലക്ഷ്യമാകുമെന്ന് ഇറാന്റെ ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് മുന്നറിയിപ്പ് നൽകി. ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു ശേഷം ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ അംഗമാണ് അദ്ദേഹം.
ഇതിനിടെ ഖത്തറിനെയും യുഎഇയെയും ലക്ഷ്യമിട്ട് ഇറാനിൽനിന്ന് പുതിയ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ടെഹ്റാനിൽ ഇറാൻ റവല്യൂഷനറി ഗാർഡുമായി ബന്ധമുള്ള എണ്ണ സംഭരണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. ടെഹ്റാനിലെ വ്യോമനിയന്ത്രണം ഉടൻ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും അവർ അവകാശപ്പെട്ടു.
സംഘർഷം കടുപ്പിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കുന്നതിനെക്കുറിച്ച് ബ്രിട്ടൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇതിനകം വിജയം നേടിയെന്നും ട്രംപ് അവകാശപ്പെട്ടു.
ബഹ്റൈൻ തലസ്ഥാനമായ മനാമയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. യുഎസ് സൈനിക താവളവും ആക്രമണ ലക്ഷ്യമായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെ ഇറാൻ റോക്കറ്റ് ആക്രമണം നടത്തി. നഗരത്തിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളുടെ വിവരങ്ങൾ ഇതുവരെ വ്യക്തമല്ല. ദുബായിലെ അൽ ബർഷയിൽ ഇറാന്റെ മിസൈൽ ആക്രമണം തടയുന്നതിനിടെ കത്തിയമർന്ന അവശിഷ്ടം വാഹനത്തിൽ പതിച്ച് പാക്കിസ്ഥാൻ പൗരനായ ഡ്രൈവർ മരിച്ചു. യുഎഇ അധികൃതർ സംഭവം സ്ഥിരീകരിച്ചു.
ടെഹ്റാനിൽ ഇസ്രയേൽ-യുഎസ് സഖ്യത്തിന്റെ ബോംബാക്രമണം തുടരുകയാണ്. അതേസമയം ഇറാന്റെ മിസൈലുകൾ ഇസ്രയേലിലെ ചില നഗരങ്ങളിൽ സ്ഫോടനമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇതുവരെ ഇറാനിൽ 1332 പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്രയേലിൽ 11 പേർ മരിച്ചു. ലബനാനിലെ കിഴക്കൻ പ്രദേശമായ നബി ചിത്തിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധം കൂടുതൽ കടുപ്പിക്കാനുള്ള സൂചനയായി ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അനുമതി നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഇന്ധനവിലയും കുതിച്ചുയർന്നു. രണ്ട് വർഷത്തിനിടെ ആദ്യമായി യുഎസ് ക്രൂഡ് എണ്ണയുടെ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുകയാണ്. മാർച്ച് 1 മുതൽ 7 വരെ 52,000 പേർ വിവിധ വിമാന സർവീസുകൾ ഉപയോഗിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 32,107 പേർ ഇന്ത്യൻ വിമാനങ്ങളിലൂടെയാണ് എത്തിയത്.











