
ദോഹ: സാങ്കേതികവിദ്യയുടെ അത്യാധുനിക യുഗത്തിൽ ഇസ്ലാമിക ധനകാര്യ മേഖലയുടെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന പന്ത്രണ്ടാമത് ദോഹ ഇസ്ലാമിക് ഫിനാൻസ് കോൺഫറൻസിന് തുടക്കമായി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിംp അൽ ഥാനിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്.
"ഇസ്ലാമിക് ഫിനാൻസ് ഇൻ ദി ഏജ് ഓഫ് ഏജന്റിക് സിസ്റ്റംസ്" (Islamic Finance in the Age of Agentic Systems) എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഫറൻസ് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി ഉദ്ഘാടനം ചെയ്തു. ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ഘാനിം ബിൻ ഷഹീൻ ബിൻ ഘാനിം അൽ ഘാനിം ചടങ്ങിൽ സന്നിഹിതനായിരുന്നു. വിവിധ സർക്കാർ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, സാമ്പത്തിക-സാങ്കേതിക വിദഗ്ധർ, സർവ്വകലാശാലകൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ശരീഅത്ത് നിയമങ്ങൾക്കും നിയമവ്യവസ്ഥകൾക്കും വിധേയമായി സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള 'ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (Agentic AI) സാങ്കേതികവിദ്യകളെ ഇസ്ലാമിക ധനകാര്യ മേഖലയിൽ എപ്രകാരം പ്രയോജനപ്പെടുത്താം എന്നാണ് കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സകാത്ത് വിതരണം, വഖഫ് ആസ്തികളുടെ മാനേജ്‌മെന്റ്, പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ എന്നിവയിൽ സുസ്ഥിര വികസനം കൈവരിക്കാൻ എ.ഐ സാങ്കേതികവിദ്യ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.










