07:37am 19 November 2026
NEWS
2035ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും; മുസ്‌ലിം ജനസംഖ്യ 257 കോടിയായി വർധിക്കുമെന്നും പഠന റിപ്പോർട്ട്
19/11/2026  04:36 AM IST
nila
2035ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും; മുസ്‌ലിം ജനസംഖ്യ 257 കോടിയായി വർധിക്കുമെന്നും പഠന റിപ്പോർട്ട്

 

ലോകത്തെ ഏറ്റവും വലിയ മതമെന്ന സ്ഥാനം ക്രിസ്തുമതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനം. 2035ഓടെ മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെ മറികടക്കുമെന്നാണ് പുതിയ ജനസംഖ്യാ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. മതവിശ്വാസികളുടെ എണ്ണത്തിൽ ക്രിസ്തുമതവും ഇസ്‌ലാമും വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇസ്‌ലാമിന്റെ വളർച്ചാനിരക്ക് താരതമ്യേന വളരെ കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മറ്റ് പ്രധാന മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകളുടെ പ്രസവനിരക്ക് ഉയർന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി പ്യൂ റിസർച്ച് സെന്റർ വിലയിരുത്തുന്നത്. മതം മാറുന്നതും മറ്റ് കാരണങ്ങളാൽ മതപരമായ സ്വത്വത്തിൽ മാറ്റമുണ്ടാകുന്നതും ജനസംഖ്യാ വളർച്ചയിൽ താരതമ്യേന ചെറിയ സ്വാധീനമേ ചെലുത്തുന്നുള്ളൂവെന്ന് പ്യൂവിലെ മുതിർന്ന ജനസംഖ്യാ ഗവേഷകൻ കോൺറാഡ് ഹാക്കറ്റ് വ്യക്തമാക്കി. 'കുട്ടികളാണ് പ്രധാന ഘടകം' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

2020 മുതൽ 2025 വരെയുള്ള കാലയളവിൽ മുസ്‌ലിം സ്ത്രീകളുടെ ശരാശരി പ്രസവനിരക്ക് ഒരു സ്ത്രീക്ക് 3.1 കുട്ടികളാണ്. ക്രിസ്ത്യൻ സ്ത്രീകളുടേത് 2.5 ആണ്. മറ്റ് മതവിഭാഗങ്ങളിലെ സ്ത്രീകളുടെ ശരാശരി നിരക്ക് 1.6 മാത്രമാണ്. ഒരു തലമുറയിലെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ കുറവാണിത്.

പ്യൂവിന്റെ കണക്കുകൾ പ്രകാരം 2020ൽ ലോകത്ത് 227 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്‌ലിംകളുമാണുണ്ടായിരുന്നത്. പുതിയ പ്രവചനമനുസരിച്ച് 2035ൽ മുസ്‌ലിം ജനസംഖ്യ 257 കോടിയായും ക്രിസ്ത്യൻ ജനസംഖ്യ 252 കോടിയായും ഉയരും. നിലവിലെ പ്രവണത തുടർന്നാൽ 2070ഓടെ ലോകത്ത് 360 കോടിയിലധികം മുസ്‌ലിംകളും 300 കോടിയിൽ താഴെ ക്രിസ്ത്യാനികളുമുണ്ടാകുമെന്നും പഠനം പ്രവചിക്കുന്നു.

2020 മുതൽ 2070 വരെയുള്ള കാലയളവിൽ ലോകത്തെ പ്രധാന മതവിഭാഗങ്ങളുടെ ജനസംഖ്യയിൽ സംഭവിക്കാവുന്ന മാറ്റങ്ങളാണ് പഠനം വിലയിരുത്തുന്നത്. വിവിധ മതവിഭാഗങ്ങളുടെ പ്രായഘടന, പ്രസവനിരക്ക്, മതം മാറുന്നവരുടെ പ്രവണത, കുടിയേറ്റം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പ്രവചനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കയിലും കാനഡയിലും ക്രിസ്ത്യൻ ഭൂരിപക്ഷം ഇല്ലാതാകും

അടുത്ത നാല് പതിറ്റാണ്ടിനുള്ളിൽ അമേരിക്കയ്ക്ക് ക്രിസ്ത്യൻ ഭൂരിപക്ഷം നഷ്ടമാകുമെന്നും പഠനം പ്രവചിക്കുന്നു. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനമാണ് ക്രിസ്ത്യാനികൾ. 2065ഓടെ ഇത് 50 ശതമാനത്തിൽ താഴെയെത്തുമെന്നാണ് കണക്കുകൂട്ടൽ. അയൽരാജ്യമായ കാനഡയിൽ 2030ഓടെ ക്രിസ്ത്യാനികളുടെ വിഹിതം 50 ശതമാനത്തിൽ താഴെയാകുമെന്നും പ്യൂ പറയുന്നു.

മതവിശ്വാസമില്ലാത്തവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് ഇരു രാജ്യങ്ങളിലും ക്രിസ്ത്യൻ ജനസംഖ്യയുടെ അനുപാതം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിരീശ്വരവാദികൾ, അജ്ഞേയവാദികൾ, പ്രത്യേക മതബന്ധമില്ലാത്തവർ എന്നിവരെയാണ് 'നോൺസ്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2070ഓടെ അമേരിക്കൻ ജനസംഖ്യയുടെ 41 ശതമാനം ഈ വിഭാഗത്തിലായിരിക്കുമെന്നാണ് പ്രവചനം. കാനഡയിൽ മതബന്ധമില്ലാത്തവരുടെ എണ്ണം ക്രിസ്ത്യാനികളുടേതിനെ മറികടക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

2020 മുതൽ 2070 വരെയുള്ള കാലയളവിൽ ലോകജനസംഖ്യ 29 ശതമാനം വർധിക്കുമെന്നാണ് പ്യൂവിന്റെ കണക്കുകൂട്ടൽ. പരിശോധിച്ച പ്രധാന മതവിഭാഗങ്ങളിൽ ആഗോള ജനസംഖ്യാ വളർച്ചയുടെ അതേ വേഗതയിലോ അതിനേക്കാളേറെയോ വളരുക ക്രിസ്തുമതവും ഇസ്‌ലാമും മാത്രമായിരിക്കും. ക്രിസ്ത്യൻ ജനസംഖ്യയിൽ 30 ശതമാനം വർധന പ്രതീക്ഷിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യയിൽ 80 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്.

ഹിന്ദു, ജൂത മതവിഭാഗങ്ങളുടെ ആകെ ജനസംഖ്യ വർധിക്കുമെങ്കിലും ലോകജനസംഖ്യയിലെ അവരുടെ വിഹിതം കുറയാനാണ് സാധ്യത. ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിലും ആഗോള ജനസംഖ്യയിലെ അനുപാതത്തിലും കുറവുണ്ടാകുമെന്നും പഠനം പറയുന്നു. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ കുറയുമെന്ന പ്രതീക്ഷയാണ് ഇതിന് ഒരു കാരണം.

ആഫ്രിക്കയിൽ മതജനസംഖ്യാ വളർച്ച ശക്തമാകും

വരും ദശകങ്ങളിൽ ലോകജനസംഖ്യാ വളർച്ചയുടെ വലിയൊരു പങ്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരിക്കും. പ്രത്യേകിച്ച് സഹാറ മരുഭൂമിക്ക് തെക്കുള്ള രാജ്യങ്ങളിലാകും വർധന കൂടുതൽ പ്രകടമാകുക. ഈ മേഖലയിൽ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളോ മുസ്‌ലിംകളോ ആണ്. ഉയർന്ന പ്രസവനിരക്കും വർധിച്ചുവരുന്ന ആയുർദൈർഘ്യവും ഇരു മതവിഭാഗങ്ങളുടെയും ആഗോള ജനസംഖ്യ ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

2070ഓടെ ലോകത്തെ ക്രിസ്ത്യാനികളിൽ പകുതിയിലധികവും സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള രാജ്യമെന്ന നിലവിലെ അമേരിക്കയുടെ സ്ഥാനത്തേക്ക് കോംഗോ എത്തുമെന്നും പഠനം പ്രവചിക്കുന്നു. കോംഗോയിലെ ക്രിസ്ത്യൻ ജനസംഖ്യ മൂന്നിരട്ടിയായി വർധിച്ച് 27 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, യൂറോപ്പിലെ ജനസംഖ്യയിൽ 2070ഓടെ 17 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രവചനം. യൂറോപ്പിലെ ക്രിസ്ത്യൻ ജനസംഖ്യ മൂന്നിലൊന്നായി കുറയുകയും ചെയ്യും. 2020ൽ 50.5 കോടിയായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം 2070ൽ 32.4 കോടിയായി താഴുമെന്നാണ് കണക്ക്. ഇതേ കാലയളവിൽ യൂറോപ്പിലെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതം ആറ് ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയരും.

അമേരിക്കയിലെ ക്രിസ്ത്യൻ ജനസംഖ്യയും കുറയുമെന്നാണ് പ്രവചനം. 2020ൽ ഏകദേശം 21.7 കോടിയായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം 2070ഓടെ 17.4 കോടിയായി താഴുമെന്നാണ് പ്യൂവിന്റെ വിലയിരുത്തൽ.

അമേരിക്കയിലെ പ്രധാന പ്രൊട്ടസ്റ്റന്റ് സഭകളിൽ വർഷങ്ങളായി അംഗസംഖ്യ കുറഞ്ഞുവരികയാണ്. എന്നാൽ ഈ മാസം നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മിതവാദ-ലിബറൽ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുമായി ബന്ധമുള്ള ചില ഡെമോക്രാറ്റുകൾ നേടിയ വിജയങ്ങൾ സഭകളുടെ തിരിച്ചുവരവിന് സാധ്യതയൊരുക്കാമെന്ന് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സാക്രമെന്റോയിലെ മതപഠന പ്രൊഫസർ ജെഫ്രി ബ്രോഡ് അഭിപ്രായപ്പെട്ടു.

പ്രസവനിരക്ക് നിർണായക ഘടകം

2020 മുതൽ 2025 വരെയുള്ള കാലയളവിൽ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകളാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയതെന്ന് പ്യൂവിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മുസ്‌ലിം അമ്മമാർക്ക് ജനിച്ചത് ഏകദേശം 25.2 കോടി കുട്ടികളാണ്. ക്രിസ്ത്യൻ അമ്മമാർക്ക് ജനിച്ചത് 20.8 കോടി കുട്ടികളും.

വരും ദശകങ്ങളിൽ ജനനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഏക പ്രധാന മതവിഭാഗം മുസ്‌ലിംകളാണ്. മറ്റ് മതവിഭാഗങ്ങളിൽ ജനനങ്ങളുടെ എണ്ണം നിലവിലെ നിലയിൽ തുടരുകയോ ക്രമേണ കുറയുകയോ ചെയ്യുമെന്നാണ് പ്രവചനം.

നിലവിലെ പ്രവണത തുടർന്നാൽ 2070ഓടെ ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള രാജ്യം പാകിസ്ഥാനായിരിക്കും. ഇന്ത്യ, നൈജീരിയ, നിലവിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള ഇന്തോനേഷ്യ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരിക.

മതജനസംഖ്യാ പഠനങ്ങളിൽ വിദഗ്ധയായ ഹാർവാർഡ് ഡിവിനിറ്റി സ്കൂളിലെ മുതിർന്ന ഗവേഷക ജിന സുർലോ, ക്രിസ്ത്യൻ-മുസ്‌ലിം ബന്ധങ്ങൾക്ക് വരുംകാലത്ത് വലിയ പ്രാധാന്യമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. ഇരു മതവിഭാഗങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും 'സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ' എന്ന സിദ്ധാന്തവും ആശങ്കകൾക്ക് കാരണമാകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

മതങ്ങൾ തമ്മിലുള്ള പരസ്പരധാരണ വർധിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസവും വ്യക്തിബന്ധങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. മതവ്യത്യാസങ്ങൾക്കപ്പുറം വ്യക്തിപരമായ ബന്ധങ്ങൾ രൂപപ്പെടുമ്പോൾ പരസ്പരമുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

അതേസമയം, മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യാ വർധന പ്രധാനമായും ഇതിനകം തന്നെ ഈ മതങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്ന് പ്യൂവിന്റെ മതഗവേഷണ വിഭാഗം ഡയറക്ടർ അലൻ കൂപ്പർമാൻ വ്യക്തമാക്കി. മതംമാറ്റത്തിന് ഇതിൽ ചെറിയ പങ്ക് മാത്രമാണുള്ളത്. മുസ്‌ലിം ജനസംഖ്യയുടെ വളർച്ച ക്രിസ്ത്യാനികളുടെ എണ്ണത്തിൽ നിന്നുള്ള കുറവിന്റെ ഫലമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഈ കണക്കുകളെ ക്രിസ്ത്യാനികൾ മുസ്‌ലിംകളോട് പരാജയപ്പെടുന്ന തരത്തിലുള്ള മതപരമായ ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതബന്ധമില്ലാത്തവരുടെ എണ്ണവും വർധിക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതബന്ധമില്ലാത്തവരുടെ എണ്ണവും തുടർച്ചയായി ഉയരുകയാണ്. നിരീശ്വരവാദികൾ, അജ്ഞേയവാദികൾ, പ്രത്യേക മതവിശ്വാസമോ മതബന്ധമോ ഇല്ലാത്തവർ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.

ജനസംഖ്യ കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്ന ചൈനയെ ഒഴിവാക്കിയാൽ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ മതബന്ധമില്ലാത്തവരുടെ എണ്ണം 2070ഓടെ 18 കോടിയിലധികം വർധിക്കുമെന്നാണ് പ്യൂവിന്റെ വിലയിരുത്തൽ.

നിലവിൽ ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, നെതർലൻഡ്‌സ്, ന്യൂസിലൻഡ്, ഉറുഗ്വേ, വിയറ്റ്നാം തുടങ്ങിയ പത്ത് രാജ്യങ്ങളിൽ മതബന്ധമില്ലാത്തവരാണ് ജനസംഖ്യയിൽ ഭൂരിപക്ഷം. 2070ഓടെ ദക്ഷിണ കൊറിയ, ഫ്രാൻസ്, യുകെ എന്നിവയും ഈ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് പഠനത്തിലെ പ്രവചനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img