06:58pm 04 September 2026
NEWS
ഇസ്‌ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു
13/01/2025  12:45 AM IST
ഇസ്‌ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അടുത്ത കാലത്തായി തൽപരകക്ഷികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളിൽ നിന്നും മുസ്‌ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. ഏകദൈവ വിശ്വാസം മനുഷ്യന് പ്രദാനം ചെയ്യുന്നതും ചെയ്യേണ്ടതും നിർഭയത്വവും സമാധാനവുമാണ് എന്ന് മുജീബ് റഹ്മാൻ മദനി പറഞ്ഞു. പരിപാടിയിൽ "നിർഭയത്വം നല്കുന്ന വിശ്വാസം" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പ്രാർത്ഥിക്കേണ്ടത് ദൈവത്തോട് മാത്രമാണ്. മനുഷ്യ കഴിവിന് അതീതമായ വിഷയങ്ങളിൽ പ്രതീക്ഷയർപ്പിക്കേണ്ടതും ദൈവത്തിലാണ്. എന്നിരിക്കെ അഭൗതിക സൃഷ്ടികളായ ജിന്നുകളെ സഹായത്തിന് വേണ്ടി വിളിക്കാമെന്നു പറയുന്നത് ഇസ്‌ലാം നിരോധിച്ച ബഹുദൈവ വിശ്വാസമാണ്. മനുഷ്യ ശരീരത്തിൽ ജിന്നുകൾ പ്രവേശിച്ചു രോഗങ്ങൾ ഉണ്ടാക്കുമെന്ന വാദം ഖുർആനിനും പ്രവാചക ചര്യക്കുമെതിരാണ്. നവയാഥാസ്ഥിതിക പണ്ഡിതന്മാർ ജനങ്ങളെ ശിർക്കിലേക്കാണ് നയിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിചേർത്തു. കേരളീയ മുസ്‌ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിപ്പിച്ചു സാമൂഹ്യ പുരോഗതി സാധ്യമാക്കിയത് ഇസ്‌ലാഹി പ്രസ്ഥാനമാണ് എന്ന് തുടർന്നു സംസാരിച്ച കെ എൻ സുലൈമാൻ മദനി പറഞ്ഞു. ഇസ്‌ലാഹ് പുതിയ ആശയമോ ചിന്തയോ അല്ല. ഇസ്ലാമിനോളം പഴക്കമുള്ളതാണ്. പ്രവാചകൻമാരുടെ പ്രബോധന പ്രവർത്തനങ്ങളെ ഖുർആൻ വിശേഷിപ്പിച്ചത് ഇസ്‌ലാഹ് എന്നാണ്. പ്രവാചകന്റെ കാലശേഷം സഹാബികളും താബിഉകളും ഇമാമുമാരും പണ്ഡിതരും ഈ ദൗത്യം ഏറ്റെടുത്തതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്നത്. ഇസ്‌ലാഹിന്റെ നൈരന്തര്യം ലോകാവസാനം വരെ നില നിൽക്കേണ്ടതുണ്ട്. ഇസ്‌ലാം കാലാതിവർത്തിയായ ജീവിത ദർശനമാണ്. ജീവിക്കുന്ന നാടും ചുറ്റുപാടും സാഹചര്യവുമുൾകൊണ്ടു ഇസ്‌ലാമിനെ മനസ്സിലാക്കുക എന്നതും ഇസ്‌ലാഹിന്റെ ഭാഗമാണ്. പുരോഗതിയും വളർച്ചയും നവോത്ഥാനവും മുസ്‌ലിം സമുദായത്തിന് അന്യമാവരുത്. പൂർവ്വ കാലങ്ങളിൽ അവ സാധ്യമാക്കിയത് ഇസ്‌ലാമിന്റെയും ഇസ്‌ലാഹിന്റെയും പാരസ്പര്യം മനസ്സിലാക്കിയ ദീർഘ ദൃഷ്ടിയുള്ള നമ്മുടെ പണ്ഡിതരും നേതാക്കളുമാണ്. പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന നവയാഥാസ്ഥിതിക വാദങ്ങൾക്കെതിരെ ചരിത്രപരമായ ദൗത്യമേറ്റെടുത്ത്‌ പ്രവർത്തനം കുടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ ഇസ്‌ലാഹി സെന്റെർ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മൊയ്തീൻ ഷാ പരിപാടി നിയന്ത്രിച്ചു. ഷാഹുൽ നന്മണ്ട സ്വാഗതവും അബ്ദുറഹീം ഫാറുഖി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img