
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമല്ലെന്നും സെന്റകോം അറിയിച്ചു. ആക്രമണം നടത്തിയ ഭീകരനെ യുഎസ് സേന വധിച്ചു..
യുഎസിനെയും സിറിയയെയും ലക്ഷ്യമിട്ട് ഐഎസ്ഐഎസ് നടത്തിയ ആക്രമണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രതികരിച്ചത്. സംഭവത്തെ ശക്തമായി അപലപിച്ച ട്രംപ്, ഐഎസിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. പരുക്കേറ്റവരുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിൽ തുടരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടെയാണ് ആക്രമണമുണ്ടായതെന്നും, മേഖലയിൽ ഐഎസ് ഭീഷണി പൂർണമായി ഇല്ലാതായിട്ടില്ലെന്നതിനുള്ള മറ്റൊരു സൂചനയാണിതെന്നും യുഎസ് അധികൃതർ വിലയിരുത്തുന്നു.











