04:45pm 13 November 2025
NEWS
ഇശൽ സാമ്രാട്ട് : മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫ്
20/05/2025  12:21 PM IST
എസ്.പി.ജെ
ഇശൽ സാമ്രാട്ട് : മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫ്
HIGHLIGHTS

 പതിറ്റാണ്ടുകളായി തുടരുന്ന സംഗീതജീവിതം. ഏഴായിരത്തിലധികം പാട്ടുകൾ... മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫ്  'മഹിളാരത്‌ന'ത്തോട് സംസാരിച്ചത്..

ക്ലാസ് മുറിയിലെ ഇടവേളനേരം ഡസ്‌ക്കിൽ താളമിട്ട് പാടി സുഹൃത്തുക്കളെ വിസ്മയിപ്പിക്കുന്നതിന്റെ ഇടയിലാണ് സംഗീത അദ്ധ്യാപിക വിശാലാക്ഷി ഓടി അങ്ങെത്തുന്നത്. പാട്ടിനും, കൊട്ടിനും സഡൻ ബ്രേക്ക്. ഗായകനായ ഷെരീഫ് എന്ന പതിമൂന്നുകാരൻ പരിഭ്രമത്തോടെ ടീച്ചറിന്റെ മുഖത്തേയ്ക്ക് നോക്കി. ടീച്ചറിന്റെ മുഖത്ത് പുഞ്ചിരി. 'നല്ല ശബ്ദം.. താളവും കൃത്യം.. നീ ശാസ്ത്രീയമായി സംഗീതം പഠിക്കണം.. പ്രയോജനമുണ്ടാകും.' ടീച്ചറിന്റെ വാക്കുകൾക്ക് ഗായകൻ തല കുലുക്കി. സംഗീതവും ശാസ്ത്രീയമായി പഠിക്കാനുണ്ടോ...? അങ്ങനെ ആര് പഠിപ്പിക്കും...? അത്തരക്കാരെ ആരേയും പരിചയം ഇല്ലല്ലോ.. ഷെരീഫിന്റെ മനസ്സിൽ ഇങ്ങനെ പലവിധ ചിന്തകൾ..

പിറ്റേദിനം രാവിലെ പാടുന്ന പയ്യനാണ്... ഇന്നലെ അവൻ പാടുന്നത് ഞാൻ കേട്ടു.. നിങ്ങൾക്ക് സമ്മതമെങ്കിൽ ഞാനവനെ സംഗീതം പഠിപ്പിക്കാം... ഉമ്മച്ചി അൽപ്പനേരം ചിന്തയിലാണ്ടു. 'സാറ് എന്തായാലും ഇവനെ നന്മ മാത്രമല്ലേ പഠിപ്പിക്കൂ... സാറ് ഇവനെ പാട്ട് പഠിപ്പിച്ചോളീ... ആത്മവിശ്വാസത്തോടെ കണ്ണൂരുകാരി ഉമ്മ പറഞ്ഞ വാക്കുകൾ സൃഷ്ടിക്കുന്നത് മാപ്പിളപ്പാട്ടിന്റെ സുൽത്താനെ.

മാപ്പിളപ്പാട്ടെഴുത്തിലെ മഹാരഥന്മാരുടെ വരികൾ കണ്ണൂർ ഷെരീഫിന്റെ ശബ്ദത്തിലായപ്പോൾ അത് മധുമഴയായി ശ്രോതാക്കളുടെ ഹൃദയത്തിലേയ്ക്ക് പെയ്തിറങ്ങി. ആ മധുമഴയിലലിയാൻ പതിനായിരങ്ങൾ ഒത്തുചേരുന്നു. മൂന്ന് പതിറ്റാണ്ടുകളിലേറെയായി മാപ്പിളപ്പാട്ട് രംഗത്തെ കിരീടം വയ്ക്കാത്ത സുൽത്താനാണ് കണ്ണൂർ ഷെരീഫ്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികൾ, റിയാലിറ്റി ഷോകൾ, മാപ്പിളപ്പാട്ട്, സംഗീത ആൽബങ്ങൾ, സിനിമാഗാനങ്ങൾ എന്നിങ്ങനെ ഷെരീഫിന്റെ ആലാപനമികവിന്റെ ഗ്രാഫ് ഉയർന്നുകൊണ്ടേ ഇരുന്നു.

കണ്ണൂർ പയ്യാമ്പലത്തെ വീട്ടിലിരുന്ന് ഷെരീഫ് സംസാരിച്ചു. ഉപ്പ മൂസാക്കുട്ടി സിംഗപ്പൂർ പൗരത്വം ഉണ്ടായിരുന്ന ആളായിരുന്നു. സംഗീതപ്രേമിയായിരുന്ന ഉപ്പ മുഹമ്മദ് റാഫിയോടുള്ള കടുത്ത ആരാധനയിൽ ജ്യേഷ്ഠന് മുഹമ്മദ് റാഫി എന്നാണ് പേരിട്ടത്. നാല് വയസ്സുള്ളപ്പോഴായിരുന്നു ഉപ്പായുടെ മരണം. ഞങ്ങൾ മൂന്ന് മക്കൾ. വീട്ടിലെ ഓരോരുത്തരും സംഗീതവുമായി ബന്ധമുള്ളവർ. ഹാർമോണിയവും, തബലയും കൈകാര്യം ചെയ്യാൻ പ്രാവീണ്യം നേടിയവർ കുടുംബത്തുണ്ട്. അതുകൊണ്ട് സംഗീതവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്. സ്‌ക്കൂളിലും മദ്രസയിലുമൊക്കെ പാട്ട് മത്സരങ്ങളിൽ സ്ഥിരമായി കുട്ടിക്കാലത്ത് സമ്മാനാർഹനായിട്ടുണ്ട്. ഹിന്ദി പാട്ടുകളോടായിരുന്നു വീട്ടിൽ എല്ലാവർക്കും താൽപ്പര്യം. പ്രത്യേകിച്ച് മുഹമ്മദ് റഫി. പിന്നെ കിഷോർകുമാറും, മന്നാഡയും.

1990-91 കാലഘട്ടത്തിൽ കോളേജ് വിദ്യാർത്ഥി ആയിരിക്കെ അവിടെയാണ് തന്റെ സംഗീതം ശക്തിയാർജ്ജിക്കുന്നത്. കോളേജ് വേദിയിലാണ് ഓർക്കസ്ട്രയ്ക്ക് ഒപ്പം പാടാനുള്ള അവസരം ലഭിക്കുന്നത്. കണ്ണൂർ പുതിയ തെരുവിലെ 'സ്വരരാഗ്' ഓർക്കസ്ട്രയായിരുന്നു കോളേജിൽ സംഗീതപ്രോഗ്രാമുകൾക്കായി എത്തുന്നത്. അവർ ക്ഷണിച്ചതോടെ സംഗീതജീവിതം അവരോടൊപ്പമായി. 1993 ലാണ് മാപ്പിളപ്പാട്ട് ആൽബത്തിൽ പാടുന്നത്. 'തനിമ' എന്നായിരുന്നു കാസറ്റിന്റെ പേര്. ഒരു ഗാനമായിരുന്നു തനിമയിൽ പാടാനായി ലഭിക്കുന്നത്. തനിമ അക്കാലത്ത് വൻഹിറ്റായി. തുടർന്ന് നിരവധി ആൽബങ്ങളിലും ഗാനമേളകൾക്കും ശബ്ദമായി. കേരളത്തിലെ പ്രശസ്തമായ എല്ലാ ഗാനമേളക്കാർക്കൊപ്പവും സഹകരിക്കാനായി. ഗാനമേളകളിൽ തന്റെ പാട്ടിന് ശ്രോതാക്കൾ നൽകുന്ന കയ്യടിയുടെ ശബ്ദം ഉയർന്നതോടെ കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള എന്ന പേരിൽ പ്രോഗ്രാമുകൾ ചെയ്തു. വൻസ്വീകരണമാണ് ലഭിച്ചത്. ഗാനമേളകളിൽ കാലാകാലങ്ങളിൽ ഹിറ്റാകുന്ന സിനിമാഗാനങ്ങളാണ് പാടുന്നത്. പുതിയ സിനിമയുടെ കാസറ്റ് ഇറങ്ങുന്ന ദിവസം കാസറ്റ് വാങ്ങി ടേപ്പ് റിക്കോർഡറിൽ കേട്ട് പഠിച്ച് ഗാനമേളകളിൽ പാടുകയാണ് പതിവ്.

പ്രമദവനം വീണ്ടം..., മധുരം ജീവാമൃത ബിന്ദു, ഹരിമുരളീരവം, കളിപ്പാട്ടമായി കൺമണീ തുടങ്ങിയ ഗാനങ്ങൾ പാടി ഗാനമേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹരിമുരളീരവം എന്ന ഗാനം മിക്ക രാജ്യങ്ങളിലെ വേദികളിലും പാടിയിട്ടുണ്ട്. ആയിരത്തിലധികം തവണ വിദേശരാജ്യങ്ങളിലേക്ക് പോയി അയ്യായിരത്തിലധികം വേദികളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുതവണ ലണ്ടനിലും രണ്ടുതവണ ഓസ്‌ട്രേലിയായിലും പരിപാടി ചെയ്തിട്ടുണ്ട്. പ്രോഗ്രാമുകൾക്കായി ഏത് പാട്ടാണ് ആലപിക്കേണ്ടതെന്ന് മുൻകൂട്ടി തീരുമാനിക്കാറില്ല. ആൾക്കൂട്ടത്തിന്റെ അപ്പോഴത്തെ മനസ്സറിഞ്ഞ് പാടുന്നു.

തനിമ എന്ന ആദ്യമായി പാടിയ മാപ്പിളപ്പാട്ടു കാസറ്റിലെ 'മിസറിലെ രാജൻ' എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യഹിറ്റ്. തുടർന്ന് ദറജപ്പൂമോളല്ലേ.., പുലരിപ്പൂചിരിയാൽ, താജ്ദാരെ മദീനാ, അല്ലാഹുവിന്റെ ദാവ്, ഈ കണ്ണ് നനഞ്ഞു നനഞ്ഞു ഞാൻ പാടവേ, ജന്മം കൊണ്ട് നാം ഇരുകാലി, മാണിക്യമരതകം, മഴവിൽ ചേലാണ്, തേനിശൽ പാടാം ഞാൻ, നോവുന്നള്ളാ ഉള്ളം തുടങ്ങി ആയിരക്കണക്കിന് ഹിറ്റ് മാപ്പിളഗാനങ്ങളുടെ ശബ്ദമാകാൻ കഴിഞ്ഞത് ഗുരുക്കന്മാരുടേയും മാതാപിതാക്കളുടേയും അല്ലാഹുവിന്റേയും അനുഗ്രഹത്തിലാണ്.

കേശു ഈ വീടിന്റെ നായകൻ, ഗോഡ് ഫോർ സെയ്ൽ തുടങ്ങിയ സിനിമകളിലും പാടാനായി. ഗോഡ് ഫോർ സെയിൽ എന്ന സിനിമയിൽ അയ്യപ്പഭക്തിഗാനമാണ് പാടിയത്. സംഗീതജ്ഞരായിരുന്ന ജയവിജയന്മാരിൽ ജയൻ സാറിനോടൊപ്പം അയ്യപ്പഭക്തിഗാനം പാടാൻ കഴിഞ്ഞതും ഏറെ ഭാഗ്യമായി കരുതുന്നു. സിനിമാ- സംഗീത രംഗത്തെ സുഹൃത്തുക്കൾ സിനിമാരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി ചെന്നൈയിലേക്ക് താമസം മാറണമെന്ന് മിക്കപ്പോഴും ഉപദേശിക്കാറുണ്ട്. മഹത്തായ ആഗ്രഹങ്ങൾ ഏറെ ഒന്നും സൂക്ഷിക്കാത്തതാണ് നല്ലത്. നാടും, വീടും ഉപേക്ഷിച്ചൊരു മാറ്റം ആഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭപാത്രം കഴിഞ്ഞാൽ നമുക്ക് ഏറെ സുരക്ഷിതത്വം നൽകുന്നത് സ്വന്തം വീടാണ്.

1993 ൽ കണ്ണൂർ സിറ്റിയിലുള്ള തറവാട് വീട് വിൽക്കുകയും ബന്ധുക്കൾ പലവഴിക്ക് മാറി. അമ്മയും സഹോദരങ്ങളുമായി ഒരു ക്വാർട്ടേഴ്‌സിലായിരുന്നു തുടർന്നുള്ള ജീവിതം. അന്നത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തം വീട്. അതിനായി ഒരു ദിവസം തന്നെ പല ഗാനമേള ട്രൂപ്പുകളിലും മാറിമാറി പാടി. അക്കാലത്ത് യാത്രകളെല്ലാം ബസിലും, ചരക്കുലോറികളിലും. വീടിനായി നന്നായി അധ്വാനിക്കേണ്ടതായി വന്നു. ഉറുമ്പ് ഭക്ഷണസാധനങ്ങൾ സ്വരൂപിക്കുന്നതുപോലെ തുച്ഛമായ സമ്പാദ്യങ്ങൾ ശേഖരിച്ചാണ് പയ്യാമ്പലത്തെ ഇപ്പോഴുള്ള വീട് സ്വന്തമാക്കുന്നത്. എന്റെ പാട്ടുകളുടെ ഏറ്റവും വലിയ ആസ്വാദക ഉമ്മയാണ്. കല്യാണവീടുകളിൽ പോകുമ്പോൾ ഇത് പാട്ടുകാരൻ കണ്ണൂർ ഷെരീഫിന്റെ ഉമ്മയാണെന്ന് ആരെങ്കിലും പറയുന്നതുകേട്ടാൽ ഉമ്മയ്ക്ക് ഭയങ്കര സന്തോഷമാണ്. ഇക്കാര്യം ഉമ്മ പറയുമ്പോൾ വലിയ അഭിമാനം തോന്നിയിട്ടുണ്ട്. കോവിഡ് കാലത്താണ് ഉമ്മ വിടപറയുന്നത് ഭാര്യ ഫാസിലയും മക്കൾ ഷിഫ ഷെറിൻ, മുഹമ്മദ് ഷിബിൻ. മക്കൾ ഇരുവരും ഗായകരാണ്.

സംഗീതത്തിന് ഭാഷയും, മതവുമില്ലെന്നാണ് പറയുന്നത്. സംഗീതലോകത്തിലേയ്ക്ക് ആദ്യം കൈപിടിച്ച് കൊണ്ടുപോയത് വിശാലാക്ഷി ടീച്ചർ. പിന്നീട് ഗുരുവായത് എം.എൻ. രാജീവ്. ഇരുവരും സംഗീതജ്ഞാനത്തോടൊപ്പം പകർന്നുനൽകിയത് മറ്റുള്ളവരെ സ്‌നേഹിക്കാനും, കരുതുവാനുമുള്ള ബോധ്യം കൂടിയാണ്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.