
ദോഹ: സൊലസ് ഖത്തർ സംഘടിപ്പിച്ച ‘സോളസ് ക്വസ്റ്റ് 2026’ ഗ്ലോബൽ ഫാമിലി ക്വിസ് മത്സരത്തിൽ ഇഷൽ മുഹമ്മദ് ചാമ്പ്യനായി. മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ഇഷൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മത്സരത്തിൽ ഗൗതം രഞ്ജീവ് ഒന്നാം റണ്ണറപ്പായും മഖ്ബൂൽ മനോജ് രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മെയ് 2-ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ ക്വിസ് മാസ്റ്റർ മൻസൂർ മൊയ്തീൻ മത്സരങ്ങൾ നിയന്ത്രിച്ചു.
വിവിധ റൗണ്ടുകളിലായി നടന്ന പോരാട്ടത്തിൽ മികച്ച പ്രകടനമാണ് വിജയികൾ കാഴ്ചവെച്ചത്. മനസ്വി ചൗധരി, റൈഹാൻ റിനീഷ്, ആയുഷ് പ്രദീപ് എന്നിവർ സ്പോട്ട് പ്രൈസുകൾ നേടി. രോഹൻ കൃഷ്ണൻ, അനായ് കൃഷ്ണൻ, മുഹമ്മദ് ഹാസിം എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.
സൊലസ് ഖത്തർ പ്രതിനിധികളായ ഡോ. ഇ. ദിവാകരൻ, ഡോ. റാണി സൂസൻ എബ്രഹാം, ഷബ്ന മനോജ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സൊലസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികൾക്കും പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.










