
ദോഹ: ഖത്തറിലെ ഉപഗ്രഹ സംപ്രേക്ഷണ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മീഡിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി മീഡിയ സിറ്റി ഖത്തറും ഇഷൈൽസാറ്റും (Es’hailSat) ധാരണാപത്രത്തിൽ ഒപ്പിട്ടു. മീഡിയ സിറ്റി ഖത്തറിന് കീഴിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള കമ്പനികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.ഇഷൈൽസാറ്റിന്റെ ഉപഗ്രഹ വാർത്താവിനിമയ രംഗത്തെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ബ്രോഡ്കാസ്റ്റ് പ്ലേഔട്ട് സൊല്യൂഷനുകൾ, സിഗ്നൽ ട്രാൻസ്മിഷൻ, ഡിസാസ്റ്റർ റിക്കവറി സേവനങ്ങൾ എന്നിവ മീഡിയ സിറ്റിയിലെ കമ്പനികൾക്ക് ലഭ്യമാക്കും.ലൈസൻസുള്ള കമ്പനികൾക്ക് ഇഷൈൽസാറ്റുമായി സഹകരിക്കാനുള്ള അവസരങ്ങൾ മീഡിയ സിറ്റി ഒരുക്കും. ഇതിനായി റെഗുലേറ്ററി പിന്തുണയും സംയുക്ത മാർക്കറ്റിംഗ് പദ്ധതികളും നടപ്പിലാക്കും.ഒടിടി (OTT) സേവനങ്ങൾ, ഇ-സ്‌പോർട്‌സ് ഹബുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ഇരു സ്ഥാപനങ്ങളും ചേർന്ന് അന്വേഷിക്കും.
അറബിക്, അന്തർദേശീയ ഉള്ളടക്കങ്ങൾ (Content) കൂടുതൽ ഗുണമേന്മയോടെയും വിശ്വസ്തതയോടെയും ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി മാധ്യമ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനാണ് ഈ നീക്കം. നിലവിൽ 500-ലധികം ലൈസൻസുള്ള കമ്പനികളാണ് മീഡിയ സിറ്റി ഖത്തറിന് കീഴിൽ പ്രവർത്തിക്കുന്നത്. മീഡിയ സിറ്റി സിഇഒ ഹമദ് ഒമർ അൽ മന്നായിയും ഇഷൈൽസാറ്റ് സിഇഒ അലി അഹമ്മദ് അൽ കുവാരിയും കരാറിനെ സ്വാഗതം ചെയ്തു.











