10:14am 18 January 2026
NEWS
നിങ്ങളുടെ കുട്ടി ഡിജിറ്റൽ ബാലവേലക്ക് ഇരയാകുന്നുണ്ടോ? എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പുമായി യുണിസെഫ്
27/09/2025  02:18 PM IST
nila
നിങ്ങളുടെ കുട്ടി ഡിജിറ്റൽ ബാലവേലക്ക് ഇരയാകുന്നുണ്ടോ? എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പുമായി യുണിസെഫ്

വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരെ സംബന്ധിച്ച് സകല മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. കൃഷിയിലും വ്യവസായത്തിലും തുടങ്ങി ബഹിരാകാശ രം​ഗത്തെ നേട്ടങ്ങളിൽ വരെ വിവര സാങ്കേതിക വിദ്യയോട് നാം കടപ്പെട്ടിരിക്കുന്നു. എന്നാൽ, ഇതേ വിവര സാങ്കേതിക വിദ്യ ചിലപ്പോഴൊക്കെ വില്ലനാകാറുമുണ്ട്. പലപ്പോഴും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന കെണികളിൽ പെട്ടുപോകുന്നവരിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ഇപ്പോഴിതാ, ഇതുസംബന്ധിച്ച് ഒരു മുന്നറിയിപ്പ് നൽകുകയാണ് യുണിസെഫ്. കുട്ടികൾ ഡിജിറ്റൽ ലോകത്തിൽ കൂടുതൽ കൂടുതൽ മുഴുകുന്നു എന്നു മാത്രമല്ല, ഡിജിറ്റൽ ലോകത്ത് ബാലവേല വ്യാപകമാകുന്നു എന്ന സൂചനകളും യുണിസെഫ് നൽകുന്നു. 

കൊവിഡിന് ശേഷം കുട്ടികൾക്ക് മൊബൈൽ ഫോണുകൾ പഠനസഹായിയായി മാറിക്കഴിഞ്ഞു. പഠനത്തിന്റെ ഇടവേളകളെ ഉല്ലാസപ്രദമാക്കാനും ഭൂരിപക്ഷം കുട്ടികളും മൊബൈൽ ഫോണുകൾ തന്നെയാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നത്. പലതരം വീഡിയോ ​ഗെയിമുകളും വീഡിയോകളും കാർട്ടൂണുകളുമൊക്കെയായി ഡിജിറ്റൽ ലോകത്ത് തന്നെയാണ് കുട്ടികൾ. 

യുണിസെഫിന്റെ സമീപകാല ബ്ലോഗ് അനുസരിച്ച്, ലക്ഷ്യബോധമുള്ള പരസ്യങ്ങൾ, ഡാറ്റാ ശേഖരണം എന്നിവ മുതൽ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കവും ബോധ്യപ്പെടുത്തുന്ന ഡിസൈൻ ടെക്നിക്കുകളും വരെ കുട്ടികളെ ഉപയോ​ഗിച്ച് ചെയ്യുന്നുണ്ടത്രെ. പലപ്പോഴും ഇത്തരം കാര്യങ്ങളോട് അഭിരുചിയുള്ള കുട്ടികളെയാണ് ഇത്തരത്തിൽ ഉപയോ​ഗിക്കുന്നത്.  വളർന്നുവരുന്ന ഈ പ്രവണത ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് അവരുടെ സുരക്ഷ, സ്വകാര്യത, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ അപകടത്തിലാക്കുന്ന വഞ്ചനാപരവും കൃത്രിമവുമായ വാണിജ്യ രീതികളാണ് ഇക്കൂട്ടർ ഉപയോ​ഗിക്കുന്നതത്രെ. കുട്ടികൾ എത്രത്തോളം സമയം മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നുവോ, അത്രത്തോളം അപകട സാധ്യതയും വർധിക്കുന്നു എന്നാണ് യുണിസെഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

'ഡിജിറ്റൽ ബാലവേല' എന്ന ഉയർന്നുവരുന്ന ആശങ്കയെക്കുറിച്ചാണ് യുണിസെഫ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മുതൽ ഇ സ്പോർട്സിലെ പങ്കാളിത്തം വരെ 'ഡിജിറ്റൽ ബാലവേല'യുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.  ഇത് നിയന്ത്രണമില്ലാതെ വിട്ടാൽ സാമ്പത്തിക ചൂഷണത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ ആശങ്കാജനകമായി, കുട്ടികളെ സായുധ സംഘട്ടനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നു, ഇത് അവരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

സർക്കാരുകൾ, ടെക് കമ്പനികൾ, രക്ഷകർത്താക്കൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ സൃഷ്ടിക്കണമെന്നാണ് യുണിസെഫ് നിർദ്ദേശിക്കുന്നത്. ഇതിന് മാർഗ്ഗനിർദ്ദേശങ്ങളും യുണിസെഫ് പുറപ്പെടുവിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെ അടുത്തകാലത്ത് വലിയ പ്രചാരം ലഭിച്ച സാങ്കേതിക വിദ്യകൾ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് യുണിസെഫ് നിർദ്ദേശിക്കുന്നത്. ഭാവിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നതിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളുടെ ആവശ്യകതയും യുണിസെഫ് ഊന്നിപ്പറയുന്നു.

എങ്ങനെയാണ് ഡിജിറ്റൽ ബാലവേല നടപ്പാക്കുന്നത്?

നിരവധി തരത്തിലാണ് നമ്മുടെ കുട്ടികൾ ഡിജിറ്റൽ ബാലവേലയുടെ ഇരകളാകുന്നത്. പലതരം ഡിജിറ്റൽ ബാലവേലകളുണ്ട്. അവയിൽ ചിലത് നമുക്കൊന്ന് നോക്കാം,

കിഡ്‌ഫ്ലുവൻസർ: സോഷ്യൽമീഡിയ താരങ്ങളായ കുട്ടികൾ ഡിജിറ്റൽ ബാലവേലയുടെ ഉത്തമ ഉദാഹരണങ്ങലാണ്. കുട്ടികൾ സോഷ്യൽ മീഡിയ ചാനലുകൾക്കായി കണ്ടന്റുകൾ സൃഷ്ടിക്കുന്നു. പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പ് ഡീലുകളിലൂടെയും ഇവർ പണം സമ്പാദിക്കുന്നു, ഫലപ്രദമായി അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ വരുമാന സ്രോതസ്സാക്കി മാറ്റുന്നുണ്ട് എങ്കിലും നിയമപരമായി ഇത് ബാലവേലയുടെ പരിധിയിൽ വരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

ഇ-സ്‌പോർട്‌സ്: സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ഓൺലൈൻ ​ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നതും ഡിജിറ്റൽ ബാലവേല തന്നെയാണ്. 

ഷെയറിങ്: മാതാപിതാക്കൾ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ ഇടയ്ക്കിടെ പങ്കിടുന്നതും ഡിജിറ്റൽ ബാലവേലയുടെ ഭാ​ഗമാകും എന്നാണ് മുന്നറിയിപ്പ്. ഇത്തരം ഫോട്ടോകളും വീഡിയോകളും പലപ്പോഴും സാമ്പത്തിക നേട്ടത്തിനായി ഉപയോ​ഗിക്കപ്പെടാം.

ലൈം​ഗിക ചൂഷണത്തിനും ഇരകളാകാം

ഡിജിറ്റൽ ലോകത്ത് കുട്ടികൾ ലൈം​ഗിക ചൂഷണങ്ങൾക്ക് ഇരകളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓൺലൈൻ ലൈംഗിക ദുരുപയോഗത്തെ ചെറുക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെയാണ് യുണിസെഫ് ഒരു പദ്ധതി നടപ്പാക്കുന്നത്. 'WeProtect Model National Response' ചട്ടക്കൂട് നടപ്പിലാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നുണ്ട്.  ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ കഴിവുകൾ കുട്ടികൾക്ക് നൽകാൻ ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് യുണിസെഫ് പിന്തുണ നൽകുന്നുണ്ട്. അതോസമയം, കുട്ടികൾ ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന മുന്നറിയിപ്പും സർക്കാരുകൾക്കും രക്ഷകർത്താക്കൾക്കും നൽകുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img