09:13am 01 May 2026
NEWS
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പദവിയൊഴിഞ്ഞത് ശശി തരൂരിന് വഴിയൊരുക്കാനോ?
22/07/2025  08:03 AM IST
nila
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പദവിയൊഴിഞ്ഞത് ശശി തരൂരിന് വഴിയൊരുക്കാനോ?

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്നത് സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുകയാണ്. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളാണ് ധൻകറിന്റെ രാജിയിലേക്ക് നയിച്ചത് എന്നാണ് അഭ്യൂഹമെങ്കിലും തരൂരിന് തങ്ങളുടെ പാളയത്തിലേക്ക് വഴിയൊരുക്കാനുള്ള ബിജെപി തന്ത്രമാണ് ഇതെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്. തരൂരിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരി​ഗണിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അതേസമയം, കേരളത്തിന്റെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരളത്തിൽ നിന്നുള്ള ബിജെപി നേതാവും ഗോവയുടെ മുൻ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.

ആരോഗ്യപ്രശ്നങ്ങളാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഒഴിയാൻ കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണു രാജിയിലേക്കു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖർ. 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്. 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചതിന് ശേഷമാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവിയിലെത്തിയത്. ആദ്യം ജനതാദളിലായിരുന്നു ധൻകർ. ചന്ദ്രശേഖറിൻ്റെ കാലത്ത് കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം കോൺഗ്രസിലേക്ക് മാറി. കോൺഗ്രസിൽ രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

പിന്നീട് രാജസ്ഥാൻ നിയമസഭയിലേക്ക് മത്സരിച്ച് അദ്ദേഹം മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2003-ലാണ് ധൻകർ ബി.ജെ.പി.യിൽ ചേരുന്നത്. പിന്നീടങ്ങോട്ട് ബി.ജെ.പി.യിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു. 2019-ൽ ബംഗാൾ ഗവർണറായ ധൻകറെ, 2022-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img