08:01am 29 November 2026
NEWS
വളർമതിയുടെ സമരം സ്‌പോൺസേർഡ് പ്രോഗ്രാമോ..? എൽ.പി.എസ്.ടി സമരം വിജയിച്ചാൽ ഗുണഭോക്താക്കൾ എയിഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റുകൾ
29/11/2026  05:24 AM IST
പി. ജയചന്ദ്രൻ
വളർമതിയുടെ സമരം സ്‌പോൺസേർഡ് പ്രോഗ്രാമോ..? എൽ.പി.എസ്.ടി സമരം വിജയിച്ചാൽ ഗുണഭോക്താക്കൾ എയിഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റുകൾ

ഭരണസിരാകേന്ദ്രമായ സെക്രട്ടറേയറ്റിന് മുന്നിൽ സമരപ്പന്തലില്ലാത്ത ഒരു ദിവസം എന്നത് ഏതൊരു ഗവൺമെന്റിന്റേയും ഏറ്റവും വലിയ സ്വപ്നമായിരിക്കും. സ്വാഭാവികമായും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവൺമെന്റിനുമുണ്ടായിരുന്നിരിക്കും അങ്ങനൊരു സ്വപ്നം. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് പ്രത്യേകിച്ചും ഒരിക്കലും നടക്കാത്ത അങ്ങനൊരു നല്ല സ്വപ്നവുമായി അധികാരത്തിലേറിയ സതീശൻ സർക്കാരിന് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചുകൊണ്ട് 50-ാം ദിവസം തന്നെ ആദ്യസമരത്തെ അഭിമുഖീകരിക്കേണ്ടി വന്നു. എൽ.പി.എസ്.ടി(ലോവർ പ്രൈമറി സ്‌ക്കൂൾ ടീച്ചേഴ്‌സ്) റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള ആ സമരം ഇതെഴുതുമ്പോൾ 142 ദിവസം പിന്നിട്ട് തുടരുകയാണ്. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരവും, സമരപ്പന്തൽപൊളിപ്പും, വളർമതിയുടെ അറസ്റ്റും, തുടർന്ന് ആശുപത്രിയിലേക്കുള്ള മാറ്റവും അവിടെയും തുടർന്ന നിരാഹാരവും, തലമുണ്ഡനം ചെയ്യലും ഒക്കെക്കൂടിയായപ്പോൾ സോഷ്യൽമീഡിയ ഉൾപ്പെടെ സർക്കാരിനെതിരെയുള്ള ആയുധമാക്കി സമരത്തെ കൊണ്ടാടുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ നിന്നും മുഖ്യമന്ത്രിയായപ്പോൾ വി.ഡി. സതീശൻ പിന്നോട്ടുപോകുന്നു എന്ന് കൊണ്ടുപിടിച്ച പ്രചരണവും നടത്തി.

വാസ്തവം എന്ത്?

എന്നാൽ എൽ.പി.എസ്.ടി സമരത്തിന്റെ പിന്നാമ്പുറം തേടിച്ചെല്ലുമ്പോൾ സംശയങ്ങൾ ബാക്കിയാവുകയാണ്. ഇതൊരു സ്‌പോൺസേർഡ് സമരമാണോ എന്നുപോലും ചിന്തിക്കേണ്ടി വരുന്നു എന്നുള്ളതാണ് വാസ്തവം. സമരത്തിനാധാരമായ റാങ്ക് പട്ടിക വന്ന തീയതിയും, സമരം തുടങ്ങിയ തീയതിയും, റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന തീയതിയും പരിശോധിച്ചാൽ മാത്രം മതി അത് ബോധ്യപ്പെടാൻ.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് ഒരു വർഷം മുൻപാണ് എൽ.പി.എസ്.ടിയുടെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചത്. 2025 മേയ് 31 ന്. പിണറായി മാറി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി വന്നത് 2026 മേയ് 18 നും. ആ വി.ഡി. സതീശൻ സർക്കാർ അധികാരക്കസേരയിൽ നേരാംവിധം ഇരിപ്പുറപ്പിക്കും മുൻപാണ്, അതായത് കൃത്യം 50-ാം ദിവസമാണ് വളർമതിയുടെ നേതൃത്വത്തിൽ എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് നിയമനം ഉൾപ്പെടെയുള്ള അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നത്.

വളർമതി സമരവുമായി രംഗത്തുവരുമ്പോൾ, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം ഒരു വർഷക്കാലം അധികാരത്തിലിരുന്ന പിണറായി സർക്കാർ വളർമതിയുടെ തന്നെ ജില്ലയായ പാലക്കാട് ജില്ലയിലെ ഒന്നാംറാങ്കുകാരനെപ്പോലും നിയമിച്ചില്ല എന്ന വസ്തുത നിലനിൽക്കുകയാണ്. അന്നൊന്നും സമരം ചെയ്യാതിരുന്നവർ പുതിയ ഗവൺമെന്റ് വന്ന് രണ്ടുമാസം തികയും മുൻപേ സമരരംഗത്ത് വരുമ്പോൾ സംശയം തോന്നുക സ്വാഭാവികമാണല്ലോ.

മുഖ്യമായും അഞ്ച് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവച്ചത്. ഒന്ന്, പ്രൈമറി സ്‌ക്കൂളിൽ 151 കുട്ടികളുണ്ടെങ്കിൽ ഹെഡ്മാസ്റ്ററെ സഹായിക്കുവാനായി കരാറടിസ്ഥാനത്തിൽ ഒരദ്ധ്യാപകനെ നിയമിക്കാം, ദിവസശമ്പളത്തിൽ. ആ പോസ്റ്റിലേക്ക് ഈ റാങ്ക് പട്ടികയിൽ നിന്നും നിയമനം നടത്തണം. ഗവൺമെന്റ് അതംഗീകരിച്ചു റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം എന്നുള്ളതായിരുന്നു രണ്ടാമത്തെ ആവശ്യം. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, 2028 മേയ് 30 നാണ് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. അതും അംഗീകരിച്ചു. മൂന്നാമത്തെ ആവശ്യം ഈ ലിസ്റ്റിലുള്ള അർഹതപ്പെട്ടവർക്ക് നിയമനം നൽകണമെന്നതായിരുന്നു. ചർച്ചയിൽ അതും അംഗീകരിച്ചു. അടുത്ത വിജ്ഞാപനം നടത്തരുതെന്നുള്ള ആവശ്യവും സർക്കാർ അംഗീകരിച്ചു.

എന്നാൽ അഞ്ചാമത്തെ ആവശ്യം അംഗീകരിക്കില്ലെന്നുള്ള കാര്യം സർക്കാർ തീർത്തുപറഞ്ഞു. 30 കുട്ടികൾക്ക് ഒരദ്ധ്യാപക തസ്തിക എന്നുള്ള നിലവിലെ അനുപാതം 25:1 എന്നാക്കി കുറയ്ക്കണമെന്നായിരുന്നു സമരക്കാരുന്നയിച്ച ആവശ്യം. എൽ.പിയിൽ 30:1, യു.പിയിലും എച്ച്.എസിലും 35:1 എന്ന നിലവിലെ അനുപാതം എൽ.പി. വിഭാഗത്തിനുവേണ്ടി കുറച്ചാൽ യു.പി. വിഭാഗവും എച്ച്.എസ് വിഭാഗവും അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് വരാനുള്ള സാധ്യത കാണുന്നതുമാത്രമല്ല, അത് സൃഷ്ടിക്കുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് ഈ ആവശ്യം അംഗീകരിക്കുവാൻ സർക്കാർ തയ്യാറാകാതിരുന്നത്.

ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ളത് പിണറായി വിജയന്റെയോ വി.ഡി. സതീശന്റെയോ ആൾ അല്ല, റൂൾ ഓഫ് ലോ ആണെന്നുമുള്ളതാണത്. അതായത് നിയമത്തിന്റെ ഭരണം അതുകൊണ്ട് ഗവൺമെന്റ് സ്‌ക്കൂളിന് മാത്രമായി ഇങ്ങനൊരു അനുപാതമാറ്റം കൊണ്ടുവരാൻ പറ്റില്ല. ചെയ്യുന്നുണ്ടെങ്കിൽ എയിഡഡ് സ്‌ക്കൂളുകളിലും ചെയ്യേണ്ടിവരും. അതിന്റെയും ഭാരം വന്നുവീഴുക സർക്കാരിന്റെ തലയിലായിരിക്കുമല്ലോ. കാരണം കേരളത്തിൽ സർക്കാർ വിലാസം സ്‌ക്കൂളുകളേക്കാൾ എണ്ണത്തിൽ കൂടുതൽ സ്വകാര്യ എയിഡഡ് മേഖലയിലാണ്. അതിനാൽ വളർമതി ഇങ്ങനൊരാവശ്യം ഉന്നയിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എയിഡഡ് മാനേജുമെന്റുകളാണ്. കാരണം ഇതനുവദിച്ചുകിട്ടിയാൽ മാനേജ്‌മെന്റുകൾക്ക് ഏതാണ്ട് അയ്യായിരത്തോളം തസ്തികകളായിരിക്കും ലഭിക്കുക. ഒരദ്ധ്യാപക തസ്തികയ്ക്ക് 50 ലക്ഷം വച്ച് വിൽക്കാം. ശമ്പളം സർക്കാർ ഖജനാവിൽ നിന്ന് നൽകുകയും ചെയ്യും എന്നുപറയുമ്പോൾ ഒരു പ്രൈമറി സ്‌ക്കൂൾ അദ്ധ്യാപകന് 35600 അടിസ്ഥാന ശമ്പളവും അതിന്റെ 37 ശതമാനം ഡി.എയും കൂട്ടിച്ചേർത്ത് 50000 ത്തോളം രൂപാ വരുമെന്നറിയണം. രണ്ടുപേരെ എടുക്കുമ്പോൾ 1 ലക്ഷം. ഇത് കൂടിക്കൂടി വരും. പിന്നെ പെൻഷൻ, മരിച്ചാൽ ഫാമിലി പെൻഷൻ... എല്ലാം കൂടി കണക്കാക്കുമ്പോൾ ഭീമമായ തുകയാകും എയിഡഡിലും സർക്കാർ സ്‌ക്കൂളിലുമൊക്കെക്കൂടി നൽകേണ്ടി വരിക.

അതുകൊണ്ട് ആ ഒരു വിഷയത്തിൽ ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ല. അതിപ്പോൾ പ്രസ് ചെയ്യരുതെന്നാണ് ചർച്ചയിൽ സർക്കാർ പറഞ്ഞത്. അപ്പോൾ സമരക്കാർ പറഞ്ഞത്, അംഗീകരിച്ച നാല് ആവശ്യങ്ങൾ ഉത്തരവായിട്ടിറക്കൂ, അഞ്ചാമത്തേത് പിന്നീട് തീരുമാനിക്കാം എന്നാണ്. അതായത് സമരം തീർക്കില്ല എന്നുതന്നെയാണ്. സർക്കാർ പറഞ്ഞത് നാല് അംഗീകരിച്ചു; ഒന്ന് പിന്നീട് തീരുമാനിക്കും. അതാണ് ഒത്തുതീർപ്പ് പാക്കേജ്. അതിന്റടിസ്ഥാനത്തിൽ സമരം പിൻവലിച്ചു എന്ന് എഴുതിനൽകണം. അതിനുപക്ഷെ അവർ തയ്യാറല്ല.

മറ്റൊന്ന് എയിഡഡ് സ്‌ക്കൂളിൽ പണം വാങ്ങി മാനേജ്‌മെന്റ് നിയമിക്കുന്നയാൾ ഡിവിഷൻ ഫാൾ ആയി പുറത്തുപോയാൽ അയാൾക്ക് സർക്കാർ പ്രൊട്ടക്ഷൻ കൊടുക്കണം. അതാണ് വ്യവസ്ഥ. അങ്ങനെ പ്രോട്ടക്റ്റ് ചെയ്തവർ കേരളത്തിലെ എല്ലാ നിലകളിലും കൂടി മൂവായിരത്തോളം പേരുണ്ട്. അപ്പോൾ സ്വാഭാവികമായും മുൻഗണനക്കാർ അവരാണ്. സർവ്വീസിൽ കയറി, ഇനി വേറെ ജോലിക്ക് പോകാൻ കഴിയാത്ത അവരെ വേണം ആദ്യം പരിഗണിക്കാൻ. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിഷയമാണ്.

അതേ അവസരത്തിൽ സമരനായിക വളർമതി പക്കാ രാഷ്ട്രീയം കളിക്കുകയാണെന്ന ഒരാരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. അവരുടെ പത്രസമ്മേളനങ്ങളിലെ വാക്കുകൾ എടുത്തുകാട്ടിയാണ് അങ്ങനൊരാരോപണം പറയുന്നത്. 'ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു പിണറായി സർക്കാർ. ഈ സർക്കാർ കോഴവാങ്ങി നിയമനം നടത്തുകയല്ലേ. പിണറായിയുടെ കാലത്ത് തല മൊട്ടയടിക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ അതുവേണ്ടി വന്നു..' തുടങ്ങിയ പ്രസ്താവനകൾ വളർമതിയുടെ രാഷ്ട്രീയമാണ് എടുത്തുകാട്ടുന്നതെന്നും, ജോലി ലഭിക്കുന്നതിലല്ല മുഖ്യമന്ത്രി സതീശനേയും സർക്കാരിനേയും കരിവാരിത്തേക്കുന്നതിലാണ് അവർക്ക് താൽപ്പര്യമെന്നുമാണ് ആക്ഷേപം. റാങ്ക് ഹോൾഡേഴ്‌സിന്റെ വിഷയം ഈ ഗവൺമെന്റിനെതിരെ കിട്ടിയ ആയുധമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. അല്ലെങ്കിൽ പിന്നെ ഒന്നരവർഷം കഴിഞ്ഞു മാത്രം കാലാവധി കഴിയുന്ന ഒരു റാങ്ക് പട്ടികയുടെ പേരിൽ നിരാഹാരവും തലമുണ്ഡനം ചെയ്യലുമൊക്കെപ്പോലുള്ള കടുത്ത സമരമുറകൾ സ്വീകരിക്കണോ എന്നാണ് ചോദ്യം. എന്നുമാത്രമല്ല, ഒന്നാം റാങ്കോ രണ്ടാം റാങ്കോ കിട്ടിയ ഒരു വ്യക്തി, തനിക്ക് ജോലി കിട്ടിയില്ല എന്നുപറഞ്ഞാൽ മനസ്സിലാക്കാം. ഇവിടെ വളർമതിയുടെ റാങ്ക് 168 ആണ്. അതിൽ പി.എസ്.സിയുടെ റൊട്ടേഷനും ഒക്കെ കഴിഞ്ഞ് നിയമനം കിട്ടണമെങ്കിൽ 200 നുമേൽ ഒഴിവ് വേണം.

ഇതൊക്കെപ്പറയുമ്പോൾ സമരം എങ്ങനേയും അവസാനിപ്പിക്കുവാൻ വേണ്ടി സർക്കാർ സ്വീകരിച്ചിട്ടുള്ള ഒരു വിവേകശൂന്യ നിലപാട് എടുത്തുകാട്ടാതെ തരമില്ല. അടുത്ത രണ്ടുവർഷം എൽ.പി വിഭാഗത്തിൽ വരുന്ന റിട്ടയർമെന്റ് ഒഴിവുകൾ ഇവർക്ക് നൽകാമെന്നാണ് സർക്കാർ ഉറപ്പുനൽകിയിട്ടുള്ളത്. സാധാരണ നിലയിൽ റിട്ടയർമെന്റ് ഒഴിവുകളിലേക്ക് പ്രഥമപരിഗണന നൽകുന്നത് പ്രൊട്ടക്റ്റഡ് അദ്ധ്യാപകർക്കാണ്. ഡിവിഷൻ ഫാളിനെ തുടർന്ന് ധാരാളം അദ്ധ്യാപകർ പ്രൊട്ടക്ഷനിൽ നിൽക്കുകയാണ്. അവരെ പരിഗണിക്കാതെ ഇവരെ പരിഗണിച്ചാൽ പ്രൊട്ടക്ഷനിൽ നിൽക്കുന്ന അദ്ധ്യാപകർ പിന്നെയും പ്രൊട്ടക്ഷനിൽ നിൽക്കേണ്ടിവരും. അപ്പോൾ അവർക്ക് ജോലി ചെയ്യാതെ ശമ്പളം കൊടുക്കൽ തുടരണം.

ചുരുക്കിപ്പറഞ്ഞാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം ഒരു നിയമനവും നടത്താതിരുന്നിട്ടും പിണറായി സർക്കാരിനെതിരെ സമരം നടത്തുവാൻ തയ്യാറാകാതിരുന്ന വളർമതിയും കൂട്ടരും, സതീശൻ വന്ന് 50-ാം ദിവസം ഒന്നരവർഷം ഇനിയും കാലാവധിയുണ്ടായിട്ടും കടുത്ത സമരത്തിലേക്ക് എടുത്തുചാടിയതിനുപിന്നിൽ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് സംസാരം. പൊളിറ്റിക്കൽ പ്രൊട്ടക്ഷനും, എയിഡഡ് സ്‌പോൺസർഷിപ്പും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img