
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്, ലക്ഷക്കണക്കിന് നമ്പറുകളും മൊബൈൽ ഫോണുകളുമാണ് കേന്ദ്രം ഈ അടുത്തിടെ റദ്ധാക്കിയത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ? നമ്മളിൽ പലരും തന്നെ ആണ് ഇതിനൊക്കെ കാരണം. ആർക്കും എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്ന പാസ്സ്‌വേർഡുകളും, പിൻ നമ്പറുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. പിന്നെ ഹാക്കർമാർക്ക് അവരുടെ കാര്യങ്ങൾ സുഗമായി നടത്താമല്ലോ ?
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പിൻ നമ്പർ 1234 ആണെന്നാണ് ഏറ്റവും പുതിയ സൈബർ സെക്യൂരിറ്റി പഠനം കണ്ടെത്തിയിരിക്കുന്നത്. ഡാറ്റ ജെനറ്റിക്സിൽ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പഠനം. ഏകദേശം 3.4 മില്യൺ പിൻ നമ്പറുകളും പാസ്കോഡുകളുമാണ് പരിശോധിച്ചത്. അതിൽ 11 ശതമാനം പേരും ഉപയോഗിക്കുന്ന പിൻ നമ്പർ 1234 ആണെന്നാണ് കണ്ടെത്തൽ. 1111, 1212, 7777,1004 , 2000, 4444, 2222, 6969 എന്നിവയാണ് മറ്റ് പിൻ നമ്പറുകൾ. ഇത്തരം പാസ്സ്‌വേർഡുകൾ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്നവയാണ്, വലിയ കുരുക്കുകളിൽ ചെന്ന് പെടുമ്പോഴാണ് ആളുകൾ ഈ അമളി മനസിലാക്കുന്നത്. പക്ഷെ മനസിലാക്കി വരുമ്പോഴേക്കും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ച് കഴിഞ്ഞിട്ടുമുണ്ടാവും. ചുരുക്കം ചിലർ മാത്രമാണ് ഓർത്തെടുക്കാൻ പ്രയാസമുള്ള പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നതായി മനസിലാകുന്നത്. 8557 8438 9539 7063 6827 0859 6793 0738 6835 8093 തുടങ്ങിയവ ആണ്.
ലോകത്തിലെ 70 ശതമാനം പാസ‍്‍വേർഡുകളും സെക്കൻറുകൾക്കുള്ളിൽ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് പിൻ നമ്പറുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നുണ്ട്. അതുമല്ല ജനന തിയതിയും മറ്റും ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമല്ല. ഇനി ഈ പറഞ്ഞ പാസ്സ്‌വേഡുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നോർത്താൽ മതി പാസ്സ്‌വേർഡുകൾ വെക്കുന്നത് കൂടുതൽ സുരക്ഷക്കാണ് അല്ലാതെ മറ്റുള്ളവർക്ക് എളുപ്പം കണ്ടുപിടിക്കാനല്ല.











