
ദീപാവലിക്കാലത്തെ പടക്കം കൊണ്ടുള്ള ശബ്ദ-അന്തരീക്ഷ മലിനീകരണങ്ങൾ പരമാവധി കുറയ്ക്കാൻ പ്രശസ്തരായ കായിക താരങ്ങൾ, സിനിമ താരങ്ങൾ എന്നിവരുടെ സന്ദേശങ്ങൾ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കാൻ ബോംബെ ഹൈക്കോടതിയാണ് ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷനോട് (ബിഎംസി) ഉത്തരവിട്ടത്.
ഖജനാവിനു നഷ്ടം വരാതെ സൗജന്യമായി ചെയ്യാൻ താൽപര്യമുള്ളവരെ വേണം ഇതിൽ പങ്കെടിപ്പിക്കാനെന്നും കോടതി നിർദേശിച്ചിരുന്നു. ഇതു പ്രകാരം ബിഎംസി ബോളിവുഡ് അഭിനേത്രികളായ മാധുരി ദീക്ഷിത്, ദിയ മിർസ, ക്രിക്കറ്റർ അജിങ്ക്യാ രഹാനെ എന്നിവരെ പങ്കെടുപ്പിച്ച് മനോഹരമായി വീഡിയോ ചെയ്യിപ്പിച്ചു സാമൂഹ്യ മാധ്യമമായ എക്സിൽ അപ്ലോഡ് ചെയ്തു.
'ആഘോഷങ്ങൾ പതിവായി വന്നു കൊണ്ടിരിക്കും. ഇവ ആഘോഷിക്കുമ്പോൾ നമ്മുടെ ആരോഗ്യവും സുഖങ്ങളും മറക്കരുത്. നമ്മുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവാതകങ്ങളാണ് പടക്കങ്ങൾ പുറത്തുവിടുന്നത്. ശബ്ദമലിനീകരണമാണ് മറ്റൊന്ന്. അതിനാൽ ഞാൻ അപേക്ഷിക്കുന്നു, പടക്കത്തെ നമുക്ക് നിയന്ത്രിക്കാം. സന്തോഷവും സൗഹൃദവും പങ്കിട്ടുകൊണ്ട് നമുക്ക് ദീവാളി ആഘോഷിക്കാം.' സ്വന്തം ശബ്ദത്തിൽ മിർസ പറയുന്നു.
നവംബർ ഒന്നിനു ഞായറാഴ്ച രാവിലെ സമൂഹമാധ്യമമായ 'എക്സി'ൽ ഇവ പ്രത്യക്ഷപ്പെട്ടു.
അപ്പോൾ അതാ വരുന്നു, ബിജെപി മുംബയ് ചീഫും അന്ധേരി എംഎൽഎയുമായ അമീത് സാട്ടമിന്റെ എതിർപ്പ്. ഇതിനു പിന്നാലെ മുംബയ് മേയർ റിതു താവഡെയും എതിർപ്പുമായി രംഗത്തു വന്നു.
'ആരാണ് ദിയ മിർസയെ വീഡിയോയിൽ പങ്കെടുപ്പിച്ചത് ? ദീവാളി എങ്ങനെ ആഘോഷിക്കണമെന്നു നിർദേശിക്കാൻ മിർസ ആരാണ് ? ദീവാളി എങ്ങനെ ആഘോഷിക്കണമെന്നു ആരും ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ സംസ് കാരം ഞങ്ങളുടെ പൈതൃകവുമായി ബന്ധപ്പെട്ടതാണ്. അതെങ്ങനെ ആഘോഷിക്കണമെന്നു ഞങ്ങൾക്കറിയാം.'
സാട്ടമിന്റെ ഈ ട്വീറ്റിനെ തുടർന്ന് മറ്റു പല പ്രവർത്തകരും എതിർപ്പുമായി രംഗത്തു വന്നു.
മേയർ റിതു താവഡെ പ്രതികരിച്ചത്, 'മിർസ പറയുന്ന സന്ദേശത്തോടല്ല, മിർസയെ തിരഞ്ഞെടുത്തതിലാണ്' എന്നത്രേ. 'നർമദ ആന്ദോളനെയും യൂണിഫോം സിവിൽ കോഡിനെയും എതിർത്ത ആളാണ് മിർസ. മോദിജിയുടെ സ്റ്റേറ്റ്മെന്റുകളെയും എതിർത്തിട്ടുണ്ട്. ഹിന്ദുത്വയ്ക്ക് എതിരാണ് മിർസ'യെന്നും മേയർ കടത്തിപ്പറഞ്ഞു.
തീരുമാനമെടുത്തവർ തന്നെ ബന്ധപ്പെട്ടില്ലായെന്നതാണ് മേയറുടെ മറ്റൊരു ആരോപണം. .
നേതാക്കളുടെ എതിർപ്പിനെ തുടർന്ന് അന്നു രാത്രി തന്നെ വീഡിയോകൾ ബിഎംസി പിൻവലിച്ചു. എന്നാൽ, ക്രിക്കറ്റർ അജിങ്ക്യാ രഹാനെ, അഭിനേത്രി മാധുരി ദീക്ഷിത് എന്നിവരുടെ വീഡിയോ പെട്ടെന്നു തന്നെ തിരിച്ചെത്തി.
കോടതി ഇടപെടുന്നു
സംഭവത്തിൽ ബോംബെ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പൊതുതാൽപര്യ ഹർജി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോഖലെ എന്നിവരാണ് ഹർജി പരിഗണിച്ചത്.
സൗജന്യമായി ഒരു സെലിബ്രറ്റി ചെയ്ത, അന്തരീക്ഷ മാലിന്യ നിർമാർജനത്തിനു ഉപകാരപ്രദമായ വീഡിയോ പിൻവലിച്ചത്, 'നിർഭാഗ്യകര'മെന്നും, 'ജനങ്ങളുടെ മനസ്സിൽ ഭരണഘടനയെപ്പറ്റിയുള്ള ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ എത്രയും വേഗം വീഡിയോ വീണ്ടും അപ്ലോഡ് ചെയ്യാനും' കോടതി നിർദേശിച്ചു.
'മുംബയ് ഇങ്ങനെ നിലനിൽക്കുന്നത് പലതരം ജനം തമ്മിലൂള്ള ഒത്തൊരുമയിലൂടെയാണ്. നഗരത്തിലെ ഈ സമനിലാവസ്ഥ തകർക്കരുത്. രാഷ്ട്രീയ അഭിപ്രായങ്ങളൊ ജാതി പരാമർശങ്ങളോ ഇതിൽ വരാൻ പാടില്ല. നേതാക്കൾ 'ലൂസ് കമന്റ്' നടത്തരുതെന്നും' കോടതി നിർദേശിച്ചു.
സെലിബ്രറ്റിയായ നടി ബിഎംസിക്ക് ഒരു സഹായമാണ് ചെയ്തത്. അതും ഹൈക്കോടതി ഉത്തരവ് പ്രകാരം. വീഡിയൊ മാറ്റിയെങ്കിൽ തിരികെ സ്ഥാപിക്കണം. എന്താ, ഇന്ത്യ ഒരു മതേതര രാഷ്ട്രമ ല്ലേ ? അങ്ങനെ വരുമ്പോൾ മതസൗഹാർദവും ഐക്യദാർഢ്യവും മുഖ്യമാണ്. എന്നാൽ, ഇന്നലത്തെ പ്രവൃത്തിയിൽ (വീഡിയോ നീക്കൽ) ഇതു കണ്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. വീഡിയോ നീക്കൽ കോടതിയെ അസ്വസ്ഥമാക്കിയെന്നും കോടതി പറഞ്ഞു.
മാലിന്യ വിഷയത്തിൽ ബിഎംസി കമ്മിഷണർ അശ്വിനി ഭാവെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കോടതി ഉത്തരവാണിത്. വ്യക്തിയോ വിഭാഗമോ ഇതിൽ ഇടപെടേണ്ടതില്ല.
പൊതുസ്ഥലങ്ങളിൽ പടക്കം പാടില്ല. അനുവദിച്ച സമയം (വൈകിട്ട് 7 മുതൽ രാത്രി 10 വരെ) മാത്രം പടക്കം പൊട്ടിക്കുക. പരിസ്ഥിതി, ശബ്ദമാലിന്യം എന്നിവയെപ്പറ്റി മിർസ നല്ല സന്ദേശമാണ് നൽകിയത്. ആരോ എതിർത്തു. ആരോ എടുത്തു മാറ്റി. അതു ശരിയായില്ല. എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവെന്ന് എല്ലാവരും ഓർക്കണമെന്നും കോടതി ഓർമിപ്പിച്ചു.
ബിഎംസി, നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മഹാരാഷ്ട്ര പൊല്യൂഷൻ കൺട്രോൾ ബോർഡ്, പൊലീസ് എന്നിവർ നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപട സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഉത്തരവല്ല, കേവലം നീരിക്ഷണമെന്ന്
കോടതിയുടേത് ഉത്തരവ് അല്ലെന്നാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡണവീസ് ന്യായീകരിച്ചത്. ഉത്തരവല്ലത്, നീരിക്ഷണം മാത്രമാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്. എന്തു ചെയ്യണമെന്നു ബിഎംസി തീരുമാനിക്കട്ടെ. പിന്നെ, മിർസ നല്ല ആക്ടറാണ്. എന്നാൽ, ഇന്ത്യയിലെ നേതാവ് അല്ല. ഇത്തരം മൈനർ വിഷയങ്ങൾക്ക് തന്നോട് അഭിപ്രായം തേടണ്ടതില്ലെന്നും കൂടി മുഖ്യമന്ത്രി വിഷയത്തെ നിസ്സാരവൽക്കരിച്ചു.
കോടതി ഉത്തരവ് വരട്ടെ. പിന്നെ നോക്കാമെന്നാണ്, വീഡിയോ വിഷയത്തിൽ ആദ്യം എതിർപ്പു പ്രകടിപ്പിച്ച സാട്ടം പ്രതികരിച്ചത്. ജാതിക്കോ മതത്തിനോ വ്യക്തിക്കോ എതിരായിട്ടല്ല ഞാൻ പറഞ്ഞത്. എന്നാൽ, വീഡിയോയിൽ പങ്കെടുത്തയാളുടെ 'ഇന്ത്യാ വിരുദ്ധ ശക്തികളുമായിട്ടുള്ള ചങ്ങാത്തത്തോടാണ് എതിർപ്പെ'ന്നും സാട്ടം പറഞ്ഞുവച്ചു.
ഉദ്ധവ് ശിവസേന നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്, കോടതിയുടെ ഉത്തരവുപോലും പാലിക്കാത്തവരാണ് ബിജെപി എന്നാണ്. സ്ഥാനപ്പേര് പറഞ്ഞ് ആദ്യം മിർസയെ ആക്ഷേപിച്ചു, ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് മിർസ വീഡിയാ ചെയ്തതെന്ന് ഇവർ ഓർക്കുന്നില്ല. ബിജെപി പറയുന്നു മിർസ ദേശീയ വിരുദ്ധയാണെന്ന്. എങ്ങനെയാണ് അതെന്ന് വ്യക്തമാക്കണം. ബിഎംസി മാത്രമല്ല, രാജ്യവും ഭരിക്കാൻ ബിജെപി യോഗ്യമല്ല- ആദിത്യ കുറ്റപ്പെടുത്തി.
ബിജെപി ഭയക്കുമ്പോൾ ഹിന്ദു-മുസ്ലിം പുരാണം തുടങ്ങുമെന്നാണ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് സന്ദീപ് ദേശ്ഡപാണ്ഡെ പരിഹസിച്ചത്.
2000 ൽ തന്നെ സുപ്രീം കോടതി ഉത്തരവിട്ടതാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്. മിർസയുടെ വീഡിയോ പിൻവലിച്ച ദിവസവും സുപ്രീം കോടതി അന്തരീക്ഷ മാലിനീകരണം നിയന്ത്രിക്കാത്തതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ പ്രതികരിച്ചത്.
ബോംബെ ഹൈക്കോടതി മിർസാക്കേസ് സ്വമേധയ ഫയലിൽ സ്വീകരിച്ച്, ഏറെ വികാരഭരിതമായി പ്രതികരിക്കുകയും നടി മിർസയുടെ വീഡിയോ എത്രയും വേഗം പുന:സ്ഥാപിച്ച് ഭരണഘടനപരമായ അവകാശം നിലനിർത്തണമെന്ന് നവംബർ 3 നു നിർദേശിക്കുകയും ചെയ്തിട്ട് ഇന്നുവരെ (നവംബർ 6) ബിഎംസി അതു പാലിച്ചതായി കണ്ടില്ല.










