11:27pm 04 June 2026
NEWS
ലാഭമില്ലാത്തതൊക്കെ പൂട്ടുകയോ വിൽക്കുകയോ വേണം! ധവളപത്രം കേരളത്തിലെ പൊതുമേഖലയുടെ മരണമണിയോ?
04/06/2026  11:19 AM IST
nila
ലാഭമില്ലാത്തതൊക്കെ പൂട്ടുകയോ വിൽക്കുകയോ വേണം! ധവളപത്രം കേരളത്തിലെ പൊതുമേഖലയുടെ മരണമണിയോ?

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നിർണായക ശുപാർശകൾ. പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ബാധ്യതയാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്ന തരത്തിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.

കെഎസ്ഇബി ഉൾപ്പെടെയുള്ള പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതുണ്ടെങ്കിലും അതിന്റെ പേരിൽ പ്രവർത്തനക്ഷമതക്കുറവും സാമ്പത്തിക നഷ്ടവും തുടരാൻ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്ന സംവിധാനം നടപ്പാക്കണമെന്നും ശുപാർശ ചെയ്യുന്നു.

പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉപഭോക്തൃ നിരക്കുകൾ വഴി നിലനിർത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ സർക്കാർ പൂർണ സബ്സിഡി നൽകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ഭാവിയിലെ വ്യവസായ വളർച്ച കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. എഐ, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളുടെ വികസനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്.

ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം. ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗപ്പെടുത്തി സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നഷ്ടത്തിലോടുന്ന തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ, അല്ലെങ്കിൽ അടച്ചുപൂട്ടൽ തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കണമെന്നും സമിതി നിർദേശിക്കുന്നു. അതേസമയം ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് വിനിയോഗിക്കണമെന്നും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും ധവളപത്രം ശുപാർശ ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img