06:20am 21 January 2025
NEWS
മോഹൻലാലിന്റെ 'ബറോസ്'സിനിമയുടെ കഥ കോപ്പിയടിയോ?
01/12/2024  10:08 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മോഹൻലാലിന്റെ 'ബറോസ്'സിനിമയുടെ കഥ കോപ്പിയടിയോ?
HIGHLIGHTS

2008 ജർമ്മൻ മലയാളി ജോർജ് അഗസ്റ്റിൻ എഴുതിയ 'മായ' എന്ന നോവലിലെ കഥാതന്തുവും സംഭവ വികാസങ്ങളും ജിജോ പുന്നൂസ് അടിച്ചുമാറ്റിയതായി പരാതി

വിസ്മയകരമായ അഭിനയമികവോടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന അതുല്യ നടനാണ് മെഗാസ്റ്റാർ മോഹൻലാൽ. അദ്ദേഹം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്ന വിവരം മലയാളികൾ ആവേശത്തോടെയാണ് വരവേറ്റത്. മോഹൻലാൽ സംവിധാനം നിർവഹിക്കുന്ന ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രേക്ഷകർ മാത്രമല്ല സിനിമാമേഖല തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ബറോസ്: നിധി കാക്കും ഭൂതം' എന്ന ത്രീഡി ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്തത്. കുട്ടികൾക്ക് വേണ്ടിയുള്ള ഈ ചിത്രത്തിലെ  മുഖ്യകഥാപാത്രത്തെ യും അദ്ദേഹം അവതരിപ്പിക്കുന്നു. 2021 മാർച്ചിൽ  തുടങ്ങിയ ചിത്രീകരണം കോവിഡിനെത്തുടർന്ന് നിർത്തിവെച്ചു. പിന്നീട്  കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തുകയും പഴയ താരങ്ങളെ  ഒഴിവാക്കുകയും ചെയ്ത ശേഷമാണ് പുനരാരംഭിച്ചത്.

ജർമ്മൻ മലയാളിയുടെ

നോവൽ കോപ്പിയടിച്ചോ?

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്ത് പ്രദർശനത്തിന് ഒരുങ്ങുന്ന വേളയിലാണ് മോഹൻലാൽ ചിത്രം കോപ്പിയടി വിവാദത്തിൽ കുരുങ്ങുന്നത്. കാൽ നൂറ്റാണ്ടിലേറെയായി ജർമ്മനിയിൽ താമസിക്കുന്ന ഫോർട്ട് കൊച്ചി സ്വദേശി ടി.എ.ജോർജ് അഗസ്റ്റിന്റെ 2008-ൽ പ്രസിദ്ധീകരിച്ച 'മായ' എന്ന ഇംഗ്ലീഷ് നോവലിലെ കഥാതന്തു കോപ്പിയടിച്ചാണ് ബറോസ്: നിധി കാക്കും ഭൂതം എന്ന സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കിയതെന്ന ആരോപണം സിനിമാ മേഖലയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. തന്റെ നോവൽ കോപ്പിയടിച്ച് നിർമ്മിച്ച സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ജോർജ് അഗസ്റ്റിൻ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ജിജോ പുന്നൂസ് (നവോദയ), പ്രസിദ്ധ സംവിധായകൻ ടി.കെ.രാജീവ് കുമാർ, ബറോസിന്റെ സംവിധായകൻ കൂടിയായ മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരാണ് ഒന്നു മുതൽ നാലുവരെ കക്ഷികൾ.

ജിജോ

കോപ്പിയടിക്കാരനോ...?

മലയാളത്തിലെ ആദ്യ 70 എംഎം ചലച്ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങി സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഹിറ്റ് സിനിമകളുടെ സംവിധായകനായ ജിജോ പുന്നൂസാണ് ബറോസിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

2018-ൽ ജിജോ എഴുതിയതായി അദ്ദേഹം അവകാശപ്പെടുന്ന 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ഗാർഡിയൻസ് ട്രഷർ 'എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ കഥാതന്തു (സ്റ്റോറിലൈൻ ) വികസിപ്പിച്ചാണ് കഥയും തിരക്കഥയും രചിച്ചതെന്ന് ജിജോ അവകാശപ്പെടുന്നു. കവർ ഉൾപ്പെടെ ഏകദേശം 26 പേജുകൾ മാത്രമുള്ള നോവലിന്റെ പ്രസാധകർ നവോദയ ആണ്.

എന്നാൽ 2008-ൽ എഴുതിയ മായ എന്ന തന്റെ നോവലിലെ സാങ്കൽപ്പിക കഥാപാത്രങ്ങളെയും സംഭവവികാസങ്ങളെയും (സീക്വൻസസ്) കടമെടുത്താണ് തിരക്കഥ തയ്യാറാക്കിയതെന്ന് ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  ജോർജ് അഗസ്റ്റിൻ ആരോപിക്കുന്നു.

ഫോർട്ട് കൊച്ചിയിലും പരിസരത്തും നൂറ്റാണ്ടുകളായി നിലവിലുള്ള ഒരു വിശ്വാസ പ്രമാണത്തെ ചുറ്റിപ്പറ്റിയാണ് ജോർജ് അഗസ്റ്റിൻ 317 പേജുള്ള ഇംഗ്ലീഷ്  നോവൽ എഴുതിയത്. ഫോർട്ട് കൊച്ചിക്ക് വേണ്ടിയുള്ള പോർച്ചുഗീസ്, ഡച്ച് പോരാട്ടങ്ങളുടെ തുടർച്ചയാണ് ഈ പഴങ്കഥ. ഡച്ച് പോരാട്ട വീര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്ന പോർച്ചുഗീസുകാർ കൊച്ചി വിടുന്നതിന് മുൻപായി തങ്ങളുടെ നിധിശേഖരം ഒളിപ്പിച്ചതായും, ഇത് കാത്തു സൂക്ഷിക്കാൻ തങ്ങളുടെ അനുചരൻമാരായ ആഫ്രിക്കൻ കാപ്പിരിമാരിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കാപ്പിരിയുടെ ആത്മാവിനെ നിധിയുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചെന്നുമാണ് വിശ്വാസം. നിധി കാത്തുസൂക്ഷിക്കുന്ന കാപ്പിരിയുടെ ആത്മാവിനെയാണ് പ്രാദേശികമായി കാപ്പിരിമുത്തപ്പൻ എന്ന് വിളിക്കുന്നത്.

നിധിയുടെ യഥാർത്ഥ അവകാശി ഏതെങ്കിലുമൊരു കാലത്ത് ഫോർട്ട് കൊച്ചിയിലെത്തുമ്പോൾ ആ അവകാശിക്ക് മാത്രമേ നഗ്‌നനേത്രങ്ങൾ കൊണ്ട് കാപ്പിരി മുത്തപ്പനെ തിരിച്ചറിയാനാകൂ. തന്നെ തിരിച്ചറിയുന്ന അവകാശിക്ക് കാപ്പിരിമുത്തപ്പൻ നിധിശേഖരം കൈമാറുമെന്നാണ് വിശ്വാസം.

മായ എന്ന പെൺകുട്ടി

ഫോർട്ട് കൊച്ചിയിലും പരിസരത്തും നിലനിൽക്കുന്ന ഈ പഴങ്കഥയെ ആസ്പദമാക്കിയാണ് ജോർജ് അഗസ്റ്റിൻ 'മായ' എന്ന നോവൽ എഴുതിയത്. ഇതിനായി മായ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ അദ്ദേഹം സൃഷ്ടിച്ചു. പതിനെട്ട് വയസ്സുള്ള ഒരു മലയാളി പെൺകുട്ടിയാണ് മായ. ഫോർട്ട് കൊച്ചി സന്ദർശിക്കാനെത്തുന്ന മായയ്ക്ക് കാപ്പിരിമുത്തപ്പനെ കാണാനും സംസാരിക്കാനും സാധിക്കുന്നു.

തന്നെ തിരിച്ചറിഞ്ഞ പെൺകുട്ടി നിധിശേഖരത്തിന്റെ യഥാർത്ഥ ഉടമയാണെന്ന് വിശ്വസിക്കുന്ന കാപ്പിരിമുത്തപ്പൻ ഫോർട്ട് കൊച്ചിയുടെയും പോർച്ചുഗീസ്- ഡച്ച് പോരാട്ടത്തിന്റെയും പഴയകാല കഥകൾ മായയോട് പറയുന്ന രീതിയിലാണ് നോവൽ വികസിക്കുന്നത്. പോണ്ടിച്ചേരിയിലെ ഗൗരി പബ്ലിഷേഴ്‌സാണ് 2008-ൽ നോവൽ പ്രസിദ്ധീകരിച്ചത്.

പ്രവാസി മലയാളിയായ ജോർജ് അഗസ്റ്റിൻ 2016 ൽ നാട്ടിലെത്തിയപ്പോൾ സുഹൃത്തായ അനിൽ ദയാനന്ദൻ അദ്ദേഹത്തെ സമീപിച്ച് നോവലിന്റെ ഒരു കോപ്പി വാങ്ങിയിരുന്നു. പ്രശസ്ത സംവിധായകൻ ടി.കെ.രാജീവ് കുമാറിന് നോവലിനെ ആസ്പദമാക്കി ഒരു സിനിമയെടുക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹത്തിന് നൽകാനാണ് നോവലെന്നും ദയാനന്ദൻ പറയുകയുണ്ടായിയത്രെ.

കാപ്പിരിമുത്തപ്പൻ

ബറോസായപ്പോൾ

ജർമ്മനിയിലേക്ക് മടങ്ങിയ ജോർജ് അഗസ്റ്റിന് പിന്നീട് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ 2024- ജൂണിൽ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്‌നേഹിതൻ തന്നെയാണ് മായ നോവലുമായി നല്ല  സാമ്യമുള്ള ഒരു സിനിമ ബറോസ് എന്ന പേരിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന വിവരം ജോർജ് അഗസ്റ്റിനെ അറിയിക്കുന്നത്.

'തുടക്കത്തിൽ ഞാൻ കള്ളക്കളി നടന്നതായി സംശയിച്ചില്ല' ആലപ്പുഴ അരൂക്കുറ്റിയിലെ വീട്ടിൽ അവധിക്കെത്തിയ ജോർജ് അഗസ്റ്റിൻ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് പറഞ്ഞു. 'ഈ സിനിമയുമായി ബന്ധപ്പെട്ട് ടി.കെ. രാജീവ് കുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് സംശയം ശക്തമായത്. തുടർന്ന് 2018-ൽ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്ന ബറോസ്: 'ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' എന്ന നോവലിനു വേണ്ടി തിരഞ്ഞെങ്കിലും പുസ്തക വിപണിയിൽ ഇങ്ങനെയൊരു നോവൽ ലഭ്യമായിരുന്നില്ല.

ബറോസിന്റെ കഥയും തിരക്കഥയും ജിജോ പുന്നൂസിന്റേതാണെന്നതിനാൽ നവോദയ ഫിലിം സ്റ്റുഡിയോയുടെ വെബ്‌സൈറ്റുകൾ പരിശോധിച്ചപ്പോൾ ബറോസ് നോവലിന്റെ ആദ്യത്തെ അഞ്ച് ചാപ്റ്ററുകൾ കാണാൻ പറ്റി.

'ഞാനെഴുതിയ നോവലുമായി ബറോസ് നോവലിന്റെ ലഭ്യമായ അഞ്ച് അധ്യായങ്ങൾക്കും നല്ല സാമ്യമുള്ളതായി കണ്ടതിനെ തുടർന്നാണ് ജിജോ പുന്നൂസിന് വക്കീൽ നോട്ടീസ് അയച്ചത്. ഇതിന് ജിജോ നൽകിയ മറുപടിയിൽ നോവലിന്റെ ബാക്കിയുള്ള ഒൻപത് അധ്യായങ്ങൾ കൂടി ഉൾക്കൊള്ളിച്ചിരുന്നു. ഈ അധ്യായങ്ങൾ കൂടി വായിച്ചതോടെ ബറോസ് നോവലും സിനിമയും മായയെ ആസ്പദമാക്കി തയ്യാറാക്കിയതാണെന്നും പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്നും വ്യക്തമായി. തുടർന്നാണ് സിനിമയുടെ പ്രദർശനം തടയണമെന്നും പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനായ അഡ്വ. വി.സി ജോർജ്ജ് മുഖേന കോടതിയെ സമീപിച്ചതെന്ന്' ജോർജ് അഗസ്റ്റിൻ പറഞ്ഞു.

ഫോർട്ട് കൊച്ചിയിലും പരിസരത്തും നിലവിലുള്ള പഴങ്കഥയ്ക്കും കാപ്പിരിമുത്തപ്പനും പകർപ്പവകാശം ബാധകമല്ലെന്ന് ജോർജ് അഗസ്റ്റിൻ സമ്മതിക്കുന്നു. 'കാപ്പിരിമുത്തപ്പൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നോവൽ എഴുതാനും സിനിമയെടുക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നോവലിലെ മായ എന്ന കഥാപാത്രം എന്റെ മാത്രം സാങ്കൽപ്പിക സൃഷ്ടിയാണ്. അതിലെ കഥപറച്ചിലും മായയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും എന്റെ മാത്രം സങ്കൽപ്പ സൃഷ്ടികളാണ്.'

കോപ്പിയടി മറച്ചുവെയ്ക്കാൻ വിദഗ്ധ ശ്രമങ്ങൾ നടന്നതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഥ നടക്കുന്ന പശ്ചാത്തലം ഫോർട്ട് കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പറിച്ചുനട്ടിരിക്കുന്നു. കാപ്പിരിമുത്തപ്പന് പകരം ബറോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മായയ്ക്ക് പകരം ഇസബെല്ല എന്ന കഥാപാത്രം. എന്നാൽ കഥയിലെ സംഭവ വികാസങ്ങളാണ് മായ എന്ന നോവലിൽ പറയുന്നതും.

വക്കീൽ നോട്ടീസിന് ജിജോ നൽകിയ മറുപടിയിൽ ബറോസിന്റെ കഥാതന്തു മറ്റ് രചനകളെ ആസ്പദമാക്കിയുള്ളതാണെന്ന് സമ്മതിക്കുന്നുണ്ട്. 1980-ൽ തന്നെ ഇത്തരമൊരു കഥാതന്തു വികസിപ്പിച്ചെടുത്തിരുന്നതായും 2003-ൽ ഫോർട്ട് കൊച്ചിയിൽ വന്നപ്പോൾ ടി.കെ.രാജീവ് കുമാറിനോട് കഥ വിവരിച്ചിരുന്നതായും ജിജോ അവകാശപ്പെടുന്നു.

ഇതൊന്നും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ബറോസ് നോവലിലെ കഥയ്ക്ക് മായ നോവലുമായുള്ള സാമ്യം നിരത്തി ജോർജ് ആഗസ്റ്റിൻ അക്കമിട്ട് പറയുമ്പോൾ ജിജോ പുന്നൂസിനും മോഹൻലാലിനും മറുപടി പറയാൻ  വിയർപ്പൊഴുക്കേണ്ടി വരും. മറ്റ് എഴുത്തുകാരുടെ സൃഷ്ടികളിലൊന്നും പറയാത്ത കഥാപാത്രങ്ങളും സംഭവ വികാസങ്ങളുമാണ് മായ നോവലിൽ ഉള്ളത്. തന്റെ നോവലിലെ കഥയും  ബറോസും തമ്മിലുള്ള സാമ്യം വ്യക്തമാക്കി പേജ് നമ്പരുകൾ സഹിതം ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.

കേസിലെ രണ്ടാം കക്ഷിയായ ടി.കെ.രാജീവ്കുമാറും മൂന്നാം കക്ഷി മോഹൻലാലും നാലാം കക്ഷി ആന്റണി പെരുമ്പാവൂരും മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വാദം കൂടി കേൾക്കാതെ കേസിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് നാലു പേരും കോടതിയിൽ കേവിയേറ്റ് സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img