02:13am 16 September 2026
NEWS
കെഎസ്ആർടിസിയുടെ ശാപം പഴയ ലുക്കോ?
30/06/2025  08:37 PM IST
nila
കെഎസ്ആർടിസിയുടെ ശാപം പഴയ ലുക്കോ?

നഷ്ടത്തിലാണ് ഓടുന്നതെങ്കിലും ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി കിട്ടാറില്ലെങ്കിലും മലയാളികളിൽ നല്ലൊറു ശതമാനവും കെഎസ്ആർടിസി പ്രേമികളാണ്. ആനവണ്ടികൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന കെ എസ് ആർ ടിസി മലയാളികളെ സംബന്ധിച്ച് ഒരു വികാരം തന്നെയാണ് കെഎസ്ആർടിസി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ചുവപ്പും ചന്ദനക്കളറും നിറത്തിൽ പിന്നിൽ മാത്രം വാതിലുള്ള ബസുകളാണ്. പിന്നീട് മുന്നിലും വാതിലെത്തി. പരമ്പരാ​ഗത ആനവണ്ടിയുടെ ലുക്കിൽ മാറ്റം വരുത്തി വേണാടും മലബാറും മിന്നലും ​ഗരുഢയും എന്നൊക്കെ ബ്രാൻഡ് ചെയ്ത് കെഎസ്ആർടിസി പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. സ്വിഫ്റ്റും കെയുആർടിസിയുമൊക്കെ വ്യത്യസ്തങ്ങളായ ബസുകൾ നിരത്തിലെത്തിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ആ പഴയ ആനവണ്ടി തന്നെയാണ് പതിഞ്ഞിട്ടുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതും കെഎസ്ആർടിസിയുടെ പുതിയ ലുക്കാണ്. കെഎസ്ആർടിസിക്ക് പുതിയ ബസ്സുകൾ വരുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞതിന് പിന്നാലെയാണ് പുതിയ ബസുകളുടെ ചിത്രങ്ങൾ സൈബറിടങ്ങളിൽ പ്രചരിച്ചത്. ഇതോടെ ആനവണ്ടി പ്രേമികൾ അസ്വസ്ഥരാണ്. ഞങ്ങളുടെ കെ എസ് ആർ ടി സി ഇങ്ങനല്ല എന്നാണ് ആനവണ്ടി പ്രേമികളുടെ നിലപാട്. രാജസ്ഥാൻ വണ്ടി പോലെയുണ്ട്, ഫോട്ടോ കണ്ടിട്ട് എഡിറ്റിങ് ആണെന്ന് തോന്നുന്നു, മേസ്തിരി കൈവെക്കുമ്പോൾ ശരിയായിക്കോളും എന്നൊക്കെ കമന്റ് ചെയ്ത് തങ്ങളുടെ അമർഷം അവർ രേഖപ്പെടുത്തുന്നുമുണ്ട്. കെഎസ്ആർടിസി ബസുകളിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഡിസൈനിലും ബോഡി കോഡിലും എത്തിയിരിക്കുന്ന ബസുകളെ അനുകൂലിച്ചും ഒരു വിഭാ​ഗമുണ്ട് കേട്ടോ..

‌ടീം ആനവണ്ടി-കെഎസ്ആർടിസി ബ്ലോഗ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ബസ്സിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറയിൽ വെച്ച് പകർത്തിയ ഫോട്ടോയാണെന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.കേരളത്തിന് പുറത്തുനിന്ന് ബോഡി ചെയ്തിട്ടുള്ള ബസ്സുകളാണ് ഇവയെന്നാണ് വിലയിരുത്തൽ. ബസ്സിൽ പതിപ്പിച്ചിരിക്കുന്ന താത്കാലിക നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് ഗോവ രജിസ്‌ട്രേഷൻ സീരീസിലുള്ള നമ്പറാണ് നൽകിയിരിക്കുന്നത്. ടാറ്റയുടെ ബസുകളാണ് ചിത്രത്തിലുള്ളത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിങ്ങനെ വാഹനത്തിൽ ഏഴുതിയിരിക്കുന്നത്. സംഭവത്തിൽ കെ എസ് ആർ ടി സിയോ ​ഗതാ​ഗത വകുപ്പ് മന്ത്രിയോ ഇനിയും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ ഫേസ്ബുക്ക് എഡിറ്റിം​ഗ് സിംഹങ്ങളുടെ ചെപ്പടിവിദ്യയാകും എന്ന ആശ്വാസത്തിലാണ് ആനവണ്ടി പ്രേമികൾ. 

ആധുനിക സംവിധാനങ്ങളുള്ള ബസുകൾ മുതൽ ഗ്രാമത്തിലേക്കുള്ള ചെറുബസുകൾ വരെ ഒരു മാസത്തിനകം എത്തുമെന്നാണ് മന്ത്രി ഗണേഷ് കുമാർ നൽകിയ ഉറപ്പ്. മലപ്പുറത്തെ നവീകരിച്ച് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മൈസൂരു, ബെംഗളൂരു തുടങ്ങിയ അന്തസംസ്ഥാന റൂട്ടുകളിൽ ന്യായമായ നിരക്കിൽ പുതിയ ഹൈടെക് ബസുകൾ ഓടിക്കുമെന്നും ആളുകൾ കുറഞ്ഞ റൂട്ടുകളിൽ ചെറിയ ബസുകളും ഓടിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുതിയ 143 ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസി അഡ്വാൻസ് നൽകിയത്. ആദ്യഘട്ടമായി 80 ബസുകളും മൂന്ന് മാസത്തിനുള്ളിൽ 63 ബസുകളും എത്തുമെന്നായിരുന്നു റിപ്പോർട്ട്. ടാറ്റാ, അശോക് ലെയ്‌ലാൻഡ്, ഐഷർ കമ്പനികളിൽ നിന്നാണ് ബസുകൾ വാങ്ങുന്നത്. ഏതായാലും ഇപ്പോൾ സൈബറിടങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയിലുള്ളതുപോലെയാണോ പുതിയ കെ എസ് ആർ ടി സി ബസുകളെന്നറിയാൻ ഇനിയും കാത്തിരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img