
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഒരു കേസിൽ തനിക്കനുകൂലമായി വിധി പുറപ്പെടുവിക്കാൻ ഉന്നത ജുഡിഷ്യറിയിലെ ഒരു ജഡ്ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ജഡ്ജി വെളിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ സംഭവങ്ങൾക്ക് പുറമെ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടന്ന ചില കൊളീജിയം തീരുമാനങ്ങളും ചർച്ചയാവുകയാണ്.
ജഡ്ജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഒരു കേസിൽ പ്രത്യേക കക്ഷിക്ക് അനുകൂലമായി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഉന്നത ജുഡിഷ്യറിയിലെ ജഡ്ജി തന്നെ സമീപിച്ചതായി NCLAT ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ വലിയ മനോവിഷമമുണ്ടാക്കിയെന്നും, അതിനാൽ ഈ കേസിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം ഉത്തരവിൽ എഴുതി. എന്നാൽ, സ്വാധീനിക്കാൻ ശ്രമിച്ച ജഡ്ജിയുടെ പേരോ, ഏത് കക്ഷിക്ക് വേണ്ടിയാണ് വിളിച്ചതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
അട്ടലുരു ശ്രീനിവാസുലു റെഡ്ഢിയും, എ.എസ് മെറ്റ് കോർപ്പറേഷനും തമ്മിലുള്ള കേസിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
കൊളീജിയം തീരുമാനങ്ങൾ: വിവാദങ്ങൾ
സുപ്രീം കോടതി കൊളീജിയം എടുത്ത ചില തീരുമാനങ്ങൾ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അനന്തരവൻ: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അനന്തരവനായ അഡ്വ. രാജ്ദാമോദർ വകോഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. 13 അഭിഭാഷകരുടെ പേരിനൊപ്പം വകോഡെയെയും ഉൾപ്പെടുത്തുകയായിരുന്നു.
സീനിയോറിറ്റി മറികടന്നു: പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലിയെ സുപ്രീം കോടതി ജഡ്ജിയാക്കാൻ തീരുമാനിച്ചതിനെ കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ശക്തമായി എതിർത്തു. ദേശീയ സീനിയോറിറ്റിയിൽ 57-ാം സ്ഥാനത്തുള്ള പഞ്ചോലിയെ മറ്റ് മികച്ച ജഡ്ജിമാരെ മറികടന്ന് നിയമിക്കുന്നതിൽ അവർ വിയോജിപ്പ് രേഖപ്പെടുത്തി. കൂടാതെ, നിലവിൽ ഗുജറാത്തിൽ നിന്ന് രണ്ട് ജഡ്ജിമാർ സുപ്രീം കോടതിയിലുണ്ടെന്നും പ്രാതിനിധ്യം ഇല്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് നിയമനം നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിന്ന് ഒരാൾ മാത്രം: ജാർഖണ്ഡ്, ഒഡീഷ, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മേഘാലയ, സിക്കിം, ത്രിപുര ഹൈക്കോടതികളിൽ നിന്ന് ഒരു ജഡ്ജി പോലും സുപ്രീം കോടതിയിലില്ല. എന്നാൽ കേരളത്തിൽ നിന്നുള്ളത് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ മാത്രമാണ്.
നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെക്കുറിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൺവീനറായുള്ള ക്യാമ്പയിൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.











