
ഡൽഹി ക്യാപിറ്റൽസ് ടീമിലെ യുവ താരം വിപ്രജ് നിഗം യുവതിക്കെതിരെ നൽകിയ പരാതി സംബന്ധിച്ച് വിവാദം ശക്തമാകുന്നു. യുവതി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വിപ്രജിന്റെ പരാതി. എന്നാൽ, വിപ്രജ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാരോപിച്ച് യുവതിയും പരാതി നൽകിയതോടെ ക്രിക്കറ്റ് താരം ഹണിട്രാപ്പിന്റെ ഇരയോ വില്ലനോ എന്ന ചോദ്യമാണ് ഉയരുന്നത്.
യുവതി ബ്ലാക്ക്‌മെയിൽ ചെയ്യുന്നെന്ന് വിപ്രജ്
ഒരു യുവതി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നാണ് ബരാബങ്കിയിലെ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വിപ്രജ് പറയുന്നത്. തന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയെന്നും താരം പറയുന്നു. തന്റെ ഇമേജിന് കേടുവരുത്തുന്ന വിഡിയോ പുറത്തുവിടുമെന്ന ഭീഷണി ഉയർത്തി. നമ്പർ ബ്ലോക്ക് ചെയ്തതോടെ വിദേശ നമ്പറുകളിൽനിന്നും തുടർകോളുകൾ വന്നെന്നും വിപ്രജ് പരാതിയിൽ പറയുന്നുണ്ട്.
ഈ സാഹചര്യം തന്റെ കരിയറിനും മാനസികാരോഗ്യത്തിനും ഗൗരവമായ ആഘാതം ഉണ്ടാക്കുന്നുവെന്ന് വിപ്രജ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ, കോൾ വിശദാംശങ്ങൾ എന്നിവ പൊലീസ് പരിശോധിക്കുകയാണ്.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരികബന്ധത്തിലേർപ്പെട്ടെന്ന് യുവതി
അതേസമയം, ഹൈദരാബാദ് സ്വദേശിനിയും നിലവിൽ ഉത്തർപ്രദേശ് ടീമിനായി കളിക്കുന്ന വനിതാ ക്രിക്കറ്റ് താരവുമായ യുവതി വിപ്രജിനെതിരെ പരാതി നൽകിയിട്ടുണ്ട്. തന്നെ വിപ്രജ് നോയിഡയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതി ആരോപിക്കുന്നത്. പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
തർക്കത്തിനിടെ ഹോട്ടൽ മുറിയിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കിയെന്നും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയെന്നും യുവതി ആരോപിക്കുന്നു. വിപ്രജിന്റെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ്ങും, വിപ്രജുമായി നടത്തിയ നിരവധി ഓഡിയോ തെളിവുകളും സമർപ്പിക്കാമെന്നും യുവതി അവകാശപ്പെടുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ തുടങ്ങിയ ബന്ധം
സമൂഹമാധ്യമങ്ങളിലൂടെ രൂപപ്പെട്ട ബന്ധമാണ് പിന്നീട് തർക്കത്തിലേക്കും ഇപ്പോഴത്തെ ഇരു കേസുകളിലേക്കും വഴിമാറിയത് എന്നാണ് ലഭ്യമായ സൂചനകൾ. വ്യക്തിപരമായ ബന്ധം തകരുന്നത് പരസ്പരം ഗുരുതരമായ ആരോപണങ്ങളാലും ഡിജിറ്റൽ തെളിവുകൾ അവതരിപ്പിക്കുമെന്ന് ഓരോ പക്ഷവും പറയുന്നതാലും അന്വേഷണം കൂടുതൽ സങ്കീർണമാകും.
രണ്ട് പരാതികളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ രണ്ടുപേരുടെയും ഫോൺ റെക്കോർഡിംഗുകൾ, ഹോട്ടൽ സി.സി.ടി.വി ദൃശ്യങ്ങൾ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, ചാറ്റ്/മെസേജ് രേഖകൾ എന്നിവ അന്വേഷണത്തിന്റെ നിർണായക ഭാഗമാകും.











