
ബംഗളുരു: കോൺഗ്രസ്സ് ഭരണത്തിലിരിക്കുന്ന കർണാടകത്തിൽ ബിജെപിയും ജെഡിഎസ്സും അടങ്ങുന്ന എൻ ഡി എയാണ് പ്രതിപക്ഷം. ബിജെപിയാണ് വലിയ പാർട്ടിയെങ്കിലും മുൻമുഖ്യമന്ത്രി യഡിയൂരപ്പ ഉപദേശകനായി മാറിയശേഷം ആ പാർട്ടിയിൽ തലയെടുപ്പും ജനപ്രീതിയുമുള്ള നേതാക്കൾ കുറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ നേതാക്കളില്ല. പ്രതിപക്ഷ നേതാവ് ആർ അശോകും സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയും ( യഡിയൂരപ്പയുടെ മകൻ) ആണ് പാർട്ടിയെ നയിക്കുന്നത്. അശോക് വൊക്കലിഗ സമുദായക്കാരനും വിജയേന്ദ്ര ലിങ്കായത്തുമാണ്. ഇരുനേതാക്കൾക്കും പാർട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ല, ചില വിഭാഗങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട് എന്ന പ്രശ്നമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ രണ്ടുനേതാക്കൾക്കും പരിമിതികളുണ്ട്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും നയിക്കുന്ന കോൺഗ്രസിനെ നേരിടാൻ ഈ നേതാക്കൾ പോര എന്ന അഭിപ്രായം ബിജെപിയുടെ ദേശീയ നേതാക്കൾക്കുണ്ട്. സർവ്വ സമ്മതനായ മറ്റൊരു നേതാവ് ബിജെപിയിൽ നിന്നുയർന്നുവരുന്നുമില്ല. ഡികെയെയും സിദ്ധരാമയ്യയെയും ധൈര്യപൂർവ്വം നേരിടാനുള്ള പ്രാപ്തി പ്രകടിപ്പിക്കുന്നത് ജെഡിഎസ്സ് നേതാവ് കുമാരസ്വാമിയാണ്. സിദ്ധരാമയ്യയ്ക്കും ഡി കെയ്ക്കും മുമ്പ് കർണാടക മുഖ്യമന്ത്രിയായ നേതാവാണ് നിലവിൽ കേന്ദ്രമന്ത്രിയായ കുമാരസ്വാമി. 2028 ൽ കർണാടകത്തിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കുമാരസ്വാമി ആയിരിക്കുമെന്ന സൂചന കുറച്ചുകാലമായുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണുന്നത് അദ്ദേഹത്തെയാണ്.അക്കാര്യം മുഖ്യമന്ത്രി ഡികെയ്‌ക്ക് അറിയാം. കുമാരസ്വാമി എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായാൽ അദ്ദേഹത്തെ നേരിടാൻ ഡി കെയ്‌ക്ക് നന്നായി വിയർക്കേണ്ടിവരും. കാരണം ഇരുനേതാക്കളും ഒരേ മേഖലയിൽ നിന്നുള്ളവരും വൊക്കലിഗ സമുദായക്കാരുമാണ്. 2018 ൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് -ജെഡിഎസ് കൂട്ടുമന്ത്രിസഭ നിലവിൽ വന്നപ്പോൾ ഡി കെ അദ്ദേഹത്തിന്റെ കീഴിൽ മന്ത്രിയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നത് തടയാൻ ശ്രമിക്കുകയാണ് ഡി കെ. അശോകിന്റെയും വിജയേന്ദ്രയുടെയും ചെലവിൽ കുമാരസ്വാമി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് ഡി കെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ബിജെപി- ജെഡിഎസ്സ് കൂട്ടുകെട്ട് ശിഥിലമാക്കുക എന്ന ലക്ഷ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അശോകിനും വിജയേന്ദ്രയ്ക്കും പ്രാധാന്യമുണ്ടാവുകയില്ലെന്നും മറ്റൊരു നേതാവ് പാരച്ചൂട്ടിൽ വന്നിറങ്ങി നേതൃത്വം കൈവശപ്പെടുത്തുമെന്നും ഡി കെ പരിഹസിച്ചത് കുമാരസ്വാമിയെ ഉദ്ദേശിച്ചാണ്. ബിജെപി- ജെഡിഎസ് നേതാക്കൾക്കിടയിൽ വിള്ളലുണ്ടാക്കാൻ ഡി കെ ബോധപൂർവം ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നു. കർണാടകത്തിലെ അടുത്ത രാഷ്ട്രീയയുദ്ധം ഡി കെയും കുമാരസ്വാമിയും തമ്മിലായിരിക്കുമെന്നതിന്റെ സൂചനകളാണ് വെളിവാക്കപ്പെടുന്നത്.
Photo Courtesy - Google











