10:19am 15 September 2026
NEWS
കേരളത്തിലെ സഖ്യം ലീഗിന്റെ ബുദ്ധിയോ ?
02/01/2026  08:11 PM IST
അഡ്വ. എം. മനോഹരൻപിള്ള
കേരളത്തിലെ സഖ്യം ലീഗിന്റെ ബുദ്ധിയോ ?

അധികാരം ഒരു ഭ്രാന്താണ്; അത് രാജാധിപത്യമായാലും ജനാധിപത്യമായാലും. പിന്നെ ജനാധിപത്യത്തിന് വേർതിരിവുകൾ കണ്ടുപിടിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇൻഡ്യയിലെ പാർലമെന്ററി ജനാധിപത്യം സ്വാദിഷ്ട ഭക്ഷണമായപ്പോൾ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ജനകീയ ജനാധിപത്യ വിപ്ലവവും അവർ ഉപേക്ഷിച്ചു. ബംഗാളിലെ നക്‌സൽബാരി ഗ്രാമത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട നക്‌സലൈറ്റുകൾ ഇന്ന് ഒരു പ്രസ്ഥാനമല്ല. അവരെ ഭരണവർഗ്ഗമായ സർക്കാരുകൾ മാവോയിസ്റ്റുകൾ, അർബൻ എന്നൊക്കെ വിളിക്കുന്നു. സമാധാനപ്രിയരായ, വനത്തിന് പുറത്തുള്ള സി.പി.ഐ (എം.എൽ) കാർ കമ്മ്യൂണിസ്റ്റ് പരിഷ്‌ക്കാരികൾ. ആചാര്യന്മാർ അവരെ  പഠിപ്പിച്ച ഭരണവർഗ്ഗമായ കോൺഗ്രസ്സ് മുത്തച്ഛന്മാരുടെ പാരമ്പര്യ പ്രതിനിധികളായ സോണിയയോടും രാഹുലിനോടും പ്രിയങ്കയോടും ഒപ്പം കമ്മിറ്റി കൂടുന്നു.ചർച്ച ചെയ്യുന്നു. തെരഞ്ഞെടുപ്പുകളിൽ തകർത്താടുന്നു. ഭരണവർഗ്ഗമായ ബി.ജെ.പിക്ക് ഒറ്റ ദൂഷ്യമേയുള്ളൂ. ഫാസിസം. ഈ ഐക്യത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ഒത്തുകൂടുമ്പോൾ ഫാസിസത്തിന്റെ അളവുകോൽ ചർച്ചയ്‌ക്കെടുക്കും. പണ്ട് പരിപ്പുവടയും കട്ടൻചായയും ഇല്ലെങ്കിൽ കമ്മിറ്റി നിർത്താറുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ വൈദ്യുതിയും എ.സിയും നിലച്ചാലെ കമ്മിറ്റി പിരിയൂ. അല്ലെങ്കിൽ ഭക്ഷണത്തിന്. ഇതാണ് നേതാക്കൾ. പണ്ഡിറ്റ് നെഹ്‌റു ശീലിച്ചെടുത്ത ഈ പാർലമെന്ററി ജനാധിപത്യപ്രക്രിയ എത്ര വോട്ടുചോരിയും ഇവിഎമ്മും രാഹുൽഗാന്ധി പറഞ്ഞാലും അധികാരത്തിന്റെ സ്വാദ് നുണഞ്ഞ ഒരു നേതാവും സമ്മതിക്കില്ല; കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും ബി.ജെ.പിയായാലും.

ഇൻഡ്യസഖ്യഭൂതി ആരുടെ ബുദ്ധി?

ഫാസിസം, ആർ.എസ്.എസ്, അർദ്ധഫാസിസം, ബി.ജെ.പി, മോദി, അമിത്ഷാ എന്നൊക്കെ പറഞ്ഞ കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ളവരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും പിന്നിൽകൂടി പാലം ഇട്ട് ബി.ജെ.പി സർക്കാരുമായി മൊത്തക്കച്ചവടം നടത്തുന്നതിൽ സ്വന്തം ഘടകകക്ഷികളെപ്പോലും കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മാണ് കേരളത്തിലെ കോൺഗ്രസ്സിനെ രക്ഷപ്പെടുത്താൻ ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുന്നത്.

2019 ലെ വിജയവും, 2020 തദ്ദേശത്തിലെ തദ്ദേശപരാജയവും 2021 ലെ നിയമസഭയിലെ തോൽവിയും ഒക്കെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യംചോരാതെ പിടിച്ചുനിൽക്കുന്നത്. ആ ധൈര്യപ്പകർച്ചയാണ് ഗോവിന്ദൻമാസ്റ്ററിലും തെയ്യം ആടിയത്. ഇ.എം.എസിന്റെ കാലത്താണ് സി.പി.എം ഏറ്റവും കൂടുതൽ അടവുനയങ്ങൾ പ്രയോഗിച്ചത്. വി.എസിന്റെ കാലമായപ്പോൾ ഗ്രൂപ്പ് പ്രവർത്തനം ശക്തിപ്പെടുത്താനാണ് അടവുകൾ പ്രയോഗിച്ചത്.

വി.എസ്. അച്യുതാനന്ദൻ 1980 ലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായത്. അന്ന് നായനാർ കേരളമുഖ്യമന്ത്രിയായി. അന്ന് മുതൽ തന്റെ മുഖ്യമന്ത്രി മോഹത്തിന് തടയിട്ടുകൊണ്ട് വഴിധാരയിൽ നിന്ന എല്ലാ ഈഴവനേതാക്കളെയും വി.എസ് വെട്ടിമാറ്റി. കെ.ആർ. ഗൗരിയമ്മ, 78 ൽ പി.ബി അംഗമായ ഇ. ബാലാനന്ദൻ, ടി.കെ. രാമകൃഷ്ണൻ, സുശീല ഗോപാലൻ എന്നിവർ. മുസ്ലീം- ക്രിസ്ത്യാനികൾക്ക് മുഖ്യമന്ത്രിസ്ഥാനം സി.പി.എമ്മിൽ സാധ്യതയില്ലെങ്കിലും പാലോളി മുഹമ്മദുകുട്ടി, സി.ഐ.ടി.യു അക്കൗണ്ടിൽ എം.എം. ലോറൻസിന് പാലക്കാടൻ വെട്ട്. 1998 ൽ താൻ സെക്രട്ടറിയാക്കിയ പിണറായിയുടെ വരവ് വി.എസിന് ഒരു അപ്രതീക്ഷിത വടക്കൻ വരവായിരുന്നു. 80 മുതൽ തടയിട്ടുവരുമ്പോൾ മലബാറിൽ നിന്നൊരു തിയ്യൻ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാൻ സങ്കൽപ്പിച്ചതേയില്ല സാറേ, എന്ന വാചകം പിണറായിക്കുവേണ്ടി അനുനയത്തിനുവേണ്ടി സംസാരിച്ച ഒരു പ്രമാണിയോട് വി.എസ്. പറഞ്ഞ മറുപടി. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ഈ കാര്യം സ്വകാര്യമായി പറഞ്ഞപ്പോഴും ഞാൻ തമാശയായേ എടുത്തുള്ളു എന്ന് വി.എസ് അദ്ദേഹത്തോട് പറഞ്ഞവസാനിപ്പിച്ചു. മലപ്പുറം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മിന്നൽപ്പിണറായി മാറിയ പിണറായി സഖാവ് തൃശൂർ അതിർത്തി കടന്ന് തിരുവിതാംകൂറിലേക്ക് പ്രവഹിച്ച് ഒരു തുറന്ന യുദ്ധത്തിന് തയ്യാറെടുത്തിരുന്നു.

ഇ.എം.എസ് പാർട്ടി സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യുന്ന കാലത്ത് ടി.കെ. രാമകൃഷ്ണനും പി.വി. കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും ഒക്കെ നോട്ടുബുക്കിൽ കുറിച്ചെടുക്കാറുണ്ടായിരുന്നെന്നും, അങ്ങനെ കുറിക്കാത്തവരായ എം.വി രാഘവനെപ്പോലെയുള്ളവരെ ശ്രദ്ധിക്കുമായിരുന്നെന്നും പി.വി.യുടെ ലൂസ് ട്രാക്കുകളിൽ കേട്ടിട്ടുണ്ട്.
ആ നോട്ടുബുക്കുകൾ വായിച്ചിട്ടുള്ള പുത്തൻ ബുദ്ധിജീവികളുടെ വല്ല ഉപദേശവുമാണോ ഇപ്പോഴത്തെ കേരളത്തിലെ ഇൻഡ്യാ സഖ്യത്തിന്റെ പിന്നാമ്പുറം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇ.എം.എസിന്റെ അടവുനയങ്ങൾ പാർട്ടിയെ ജയിപ്പിച്ചു

1964 ൽ ആണ് അവിഭക്ത കമ്മ്യണിസ്റ്റ് പാർട്ടി പിളർന്ന് രണ്ടായത്. സി.പി.ഐയും സി.പി.മ്മും. കേരളത്തിൽ 1965 ൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നു. അതാകട്ടെ ഒരു സംസ്ഥാന തലക്കണക്കെടുപ്പ്. ഭിന്നിച്ച പാർട്ടികളുടെ പ്രാദേശിക പാർട്ടികളുടെ ശക്തി അളന്നു. അന്ന് ഏറ്റവും വലിയ ഒറ്റപ്പാർട്ടി സി.പി.എം ആയിരുന്നു. കോൺഗ്രസ്സും അവരിൽ നിന്ന് ഭിന്നിച്ചുണ്ടായ കേരളാകോൺഗ്രസ്സും ഒന്നിച്ചുനിന്നിരുന്നെങ്കിൽ സർക്കാരുണ്ടായേനെ. പക്ഷേ മന്നവും ആർ.  ശങ്കറും കെ.എം. ജോർജ്ജും സമ്മതിച്ചില്ല. ഈഗോ ചരിത്രത്തെ തോൽപ്പിച്ചു.
പക്ഷേ ഇ.എം.എസ് കോൺഗ്രസ്മുക്ത കേരളം സ്വപ്നം കണ്ടു. 2014 ൽ നരേന്ദ്രമോദിയും ബി.ജെ.പിയും കോൺഗ്രസ്മുക്ത ഭാരതം വിഭാവനം ചെയ്തപ്പോൾ, 1967 ൽ ഇ.എം.എസ് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ ഒൻപതോളം സംസ്ഥാനങ്ങളിൽ കോൺഗ്രസ്സേതര സർക്കാരുകൾ ഉണ്ടാക്കി. ദേശീയ ബദൽ പ്ലാനിംഗിനു രൂപം നൽകി. ഇ.എം.എസ് അന്ന് കണ്ടെത്തിയ ആസൂത്രണ വിദഗ്ദ്ധനായിരുന്നു ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കേരളത്തിന്റെ പ്ലാനിംഗ് ബോർഡ് വൈസ്‌ചെയർമാൻ ഡോ. കെ. മാത്യുകുര്യൻ.

കണ്ണിലെ കൃഷ്ണമണി പോലെ '67 ലെ സപ്തകക്ഷി മുന്നണി കുറുമുന്നണി രാഷ്ട്രീയത്തിലൂടെ തകർത്ത് താഴെയിറക്കി, ദൽഹിയിൽ നിന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയ ബുദ്ധി സാക്ഷാൽ എം.എൻ. ഗോവിന്ദൻ നായർ ആയിരുന്നു. രാജൻകേസിൽ മുഖ്യമന്ത്രി അച്യുതമേനോനെ മൂക്കുകയറിട്ട കെ. കരുണാകരൻ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ താഴെയിറക്കിയതും എം.എൻ-ന്റെ ബുദ്ധി ആയിരുന്നു.

1980 ൽ ബഹുഗുണ എന്ന കോൺഗ്രസ്സ് നേതാവിന്റെ ശിഷ്യനായിരുന്ന നീലലോഹിതദാസൻ നാടാരെ ഉപയോഗിച്ച് എം.എൻ. ഗോവിന്ദൻനായരെ തിരുവനന്തപുരത്തും, ഐ.എൻ.ടി.യു.സിയുടെ മുതിർന്ന നേതാവ് ബി.കെ. നായരെ കൊല്ലത്ത് നിർത്തി എൻ. ശ്രീകണ്ഠൻനായരെയും തോൽപ്പിച്ചത് കെ. കരുണാകരന്റെ പകരം വീട്ടലുകളായിരുന്നു. പിന്നെ എം. ചാൾസ് നാടാരെ നിർത്തി ഒ.എൻ.വി കുറുപ്പ് അടക്കം ഒരു സി.പി.ഐ പരമ്പരകളെത്തന്നെ ലീഡർ കരുണാകരൻ തോൽപ്പിച്ചു.

ബദൽരേഖയുടെ കാലത്ത് എം.വി.രാഘവൻ കത്തിക്കാളുമ്പോൾ ശരിയത്തും, ബഹുഭാര്യാത്വവും പറഞ്ഞ് അഖിലേന്ത്യാലീഗിനെ എൽ.ഡി.എഫിൽ നിന്നും നിർദ്ദയം പുറത്താക്കി. പ്രീഡിഗ്രി ബോർഡ്  കാട്ടി സമരം നടത്തി, 1987 ൽ കെ.ആർ. ഗൗരിയമ്മയുടെ പേരിൽ വോട്ടുവാങ്ങി പോളിറ്റ്ബ്യൂറോ അംഗമായ ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കി. ഒരിക്കൽ സദ്ദാം ഹുസൈന്റെ കൊലപാതകമാണ് ഇ.എം.എസ് ഒരു ജില്ലാ കൗൺസിൽ വിജയത്തിന് കാരണമാക്കിയത്.

തെരഞ്ഞെടുപ്പുകാലങ്ങളിലെ ഇ.എം.എസിന്റെ പ്രസംഗങ്ങൾപോലും അടവുനയങ്ങളാകാറുണ്ടായിരുന്നു. ഒരിക്കൽ മഹാകവി കുമാരനാശാൻ മഹാരാജാവിൽ നിന്നും പട്ടും വളയും പാരിതോഷികം വാങ്ങിയെന്ന ഇ.എം.എസിന്റെ പ്രസംഗം വി.എസിന്റെ മുഖ്യമന്ത്രിസ്ഥാനം തെരഞ്ഞെടുപ്പിൽ തെറിപ്പിച്ചിട്ടുണ്ട്. നിലയ്ക്കൽ സമരവും ഹിന്ദുമുന്നണി സമാഹരണവും തടഞ്ഞത് ക്രിസ്റ്റ്യൻ - മുസ്ലീം രാഷ്ട്രീയത്തെ ന്യൂനപക്ഷ വർഗ്ഗീയതയായി വ്യാഖ്യാനിച്ചുകൊണ്ടാണ്.

ഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും

ബി.ജെ.പി ഒരിക്കലും ഇൻഡ്യയിൽ അധികാരത്തിൽ വരില്ല എന്ന് ഉറച്ചുവിശ്വസിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ.എം.എസ്. 1998 ലെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയുടെ നേതൃത്വത്തിൽ ബി.ജെ.പി മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ, 1998 മാർച്ച് 19 ന് ഇ.എം.എസ് അന്തരിച്ചു. ഇ.എം.എസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വാജ്‌പേയ് തിരുവനന്തപുരത്തേക്ക് അയച്ചത് ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെയായിരുന്നു.
അടിയന്തിരാവസ്ഥയ്‌ക്കെതിരെ പാർലമെന്റിലും പുറത്തും പൊരുതിയ സഖാവ് എ.കെ.ജിക്ക്, അതിന്റെ സ്രഷ്ടാവായ ഇന്ദിരാഗാന്ധിയുടെ 1977 മാർച്ചിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ് ബറേലിയിലെ തോൽവി അറിയാൻ മരണം അനുവദിച്ചില്ല. ഇതാണ് സി.പി.എം നേതാക്കളുടെ ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും.

ലീഗിന്റെ ബുദ്ധിയോ കേരളത്തിലെ ഇൻഡ്യാസഖ്യം ?

കേരളത്തിൽ ഇൻഡ്യാ സഖ്യം വന്നാൽ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും പ്രയോജനപ്പെടും. തോറ്റുനിൽക്കുന്ന എൽ.ഡി.എഫിന് ഒരു മേൽവിലാസം കിട്ടും. കോൺഗ്രസ്സ് അക്കൗണ്ടിൽ മൂന്നാം ഭരണം ഉറപ്പാക്കാം. ഘടകകക്ഷികളുടെ ചോർച്ച തടയാം. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ്സിന് കിട്ടുമായിരിക്കും. അരഡസൻ ഉപമുഖ്യമന്ത്രിമാർ വേണ്ടിവരും; പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും എം.വി. ഗോവിന്ദൻമാസ്റ്ററുടെയും നേതൃത്വത്തിൽ.

എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല; പശ്ചിമബംഗാളിലെ മമതയെപ്പോലെ. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികളൊക്കെത്തന്നെ തളർത്തിയിട്ടില്ല. രണ്ട് പാർലമെന്റുകൾ തകർത്തിട്ടില്ല, തളർത്തിയിട്ടില്ല.  പിന്നെയാണോ ഈ പഞ്ചായത്ത്. എത്ര കൂട്ടിയിട്ടും എൺപതേ എത്തുന്നുള്ളൂ. മാജിക് നമ്പരായ 70 ൽ എത്താൻ ഇനി 12 മതി. അതുതന്നെയാണ് ആ ആത്മവിശ്വാസത്തിന്റെ രഹസ്യം.
കോൺഗ്രസ്സിലാണെങ്കിൽ ഒരിക്കലും നഷ്ടക്കച്ചവടത്തിന് അവർ നിൽക്കില്ല. യു.ഡി.എഫിൽ ലീഗ് പറഞ്ഞാലും കോൺഗ്രസ് സമ്മതിക്കില്ല. കേരളത്തിലെ കോൺഗ്രസ്സിന്റെ ശീലവും സ്വഭാവവും അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രത്യേകിച്ചും രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നീ നേതാക്കൾ ഒരിക്കലും വഴങ്ങില്ല.

കേരളത്തിൽ ഇൻഡ്യാസഖ്യം വന്നാൽ 25 മേജർ കക്ഷികളെങ്കിലും കാണും. എൻ.ഡി.എഫിൽ ദേശീയകക്ഷികൾ ഒന്നോ ഒന്നരയേയുള്ളൂ. പിന്നെ മരിച്ചുപോയ ഉഴവൂർ വിജയന്റെ ഉപമ കടമെടുത്താൽ ബാക്കിയൊക്കെ പുറമ്പോക്കുകളും പിരിവുകളും ആണ്. എന്തായാലും മമതയുടെ അംശത്തിൽപ്പെടുന്ന പാർട്ടിയായ തൃണമൂലിന്റെ ഒരു പൂവായ പി.വി. അൻവറുടെ പാർട്ടി കൂടി ആകുമ്പോൾ ഒരു ഉത്സവക്കമ്മിറ്റിയോ ഉത്സാഹക്കമ്മിറ്റിയോ ആയി രൂപപ്പെടും.

കേരളത്തിൽ നേർക്കുനേർ മത്സരമാകും?

ഇൻഡ്യാസഖ്യം ഒരു പ്രാഥമിക കണക്കുപ്രകാരം കേരളത്തിൽ ഒരു ബി.ജെ.പി വിരുദ്ധ സഖ്യം തന്നെയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഒരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന് യാതൊരു പ്രസക്തിയുമില്ല. കേരളത്തിൽ രണ്ട് വിഭാഗം വിരുദ്ധന്മാരുണ്ട്. അവർ പരമ്പരാഗതരാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരും കോൺഗ്രസ്സ് വിരുദ്ധരും. പരസ്പരം മടുക്കുമ്പോൾ അവർ രണ്ടുകൂട്ടരും ബി.ജെ.പിയിലേക്ക് ചേക്കേറുന്ന അവസ്ഥയാണ് കാണുന്നത്. കോൺഗ്രസ് മുന്നണിയുടെ പ്രധാന ആശ്രയം മുസ്ലിം മുന്നണിയാണ്. മുസ്ലീംലീഗ് നയിക്കുന്ന ആ മുന്നണിയിൽ ജമാഅത്തെ ഇസ്ലാമി, എൻ.ഡി.എഫ്, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ഇവരെല്ലാം പെടും. ഇതൊരു ദേശീയസഖ്യം ആണ്. ഇതിന്റെ ഉറവിടം കേരളത്തിലാണ്. തെക്കെ ഇൻഡ്യയിലെ തമിഴ്  നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും തെലങ്കാനയിലും പ്രഭവകേന്ദ്രങ്ങൾ ഉള്ള ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇൻഡ്യാസഖ്യമാണ്. കേരളത്തിൽ കാന്തപുരവും സമസ്തഗ്രൂപ്പുകളും എൽ.ഡി.എഫിനൊപ്പമാണ്.

ക്രിസ്ത്യൻ ഗ്രൂപ്പുകൾ വിവിധ ചേരികളിലാണ്. എന്നാൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളിയുടെ വാക്ക്, വോട്ട് ഒഴിച്ചുള്ള കാര്യങ്ങൾ മാത്രം കേൾക്കുന്നവരാണ് ഈഴവരിൽ പ്രബലവിഭാഗം. എൻ.എസ്.എസിൽ ആണെങ്കിൽ കരയോഗങ്ങളിൽ രാഷ്ട്രീയം അടിച്ചേൽപ്പിക്കാറില്ല. ശരിദൂരം കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. പിന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചിലയിടങ്ങളിൽ ഒഴിച്ച് ഒരു ബി.ജെ.പി ചായ്‌വ് കാണുന്നുണ്ട്. കരയോഗങ്ങൾക്ക് താൽപ്പര്യമുള്ള രാഷ്ട്രീയം പറഞ്ഞാൽ അവർ നേതൃത്വത്തെ അനുസരിക്കും. അടച്ചേൽപ്പിക്കൽ നടക്കില്ല.
കേരളത്തിലെ ഇൻഡ്യാ സഖ്യ പരീക്ഷണത്തിൽ ദൽഹിയിലെ ഹൈക്കമാന്റ്, സി.പി.എം ബന്ധത്തെ സംശയിക്കുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും സമ്മതിക്കുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തയ്യാറാകുമെന്ന് പ്രതീക്ഷിക്കണ്ട. വെളുക്കുവോളം വെള്ളം കോരിയിട്ട് ആരെങ്കിലും കുടം ഉടയ്ക്കുമോ?

2026 മേയ് ഒരു പരീക്ഷണ മാസമാണ്. ജയമാണ് എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ജനങ്ങൾ മണ്ടന്മാരല്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും സമൂഹത്തിലെ  മാങ്കൂട്ടങ്ങളെയും ഫെനിയന്മാരെയും തെരഞ്ഞുപിടിച്ച് തോൽപ്പിക്കുന്നവരാണ് മനുഷ്യദൈവങ്ങളായ കേരളത്തിലെ ജനങ്ങൾ. പേടിക്കുന്നതാണ് നല്ലത്,സൂക്ഷിക്കുന്നതാണ് നല്ലത്. മാധ്യമങ്ങളെയല്ല, ജനങ്ങളെയാണ് ഭയപ്പെടേണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img