06:18pm 22 November 2026
NEWS
ബിൽക്കിസ് ബാനുവിനെ കേൾക്കാതെ പ്രതികൾക്ക് ആശ്വാസം? ശിക്ഷ മരവിപ്പിച്ച ഉത്തരവിൽ ചോദ്യങ്ങളുമായി നിയമവിശകലനം
22/11/2026  07:39 AM IST
നിയമകാര്യലേഖകൻ
ബിൽക്കിസ് ബാനുവിനെ കേൾക്കാതെ പ്രതികൾക്ക് ആശ്വാസം? ശിക്ഷ മരവിപ്പിച്ച ഉത്തരവിൽ ചോദ്യങ്ങളുമായി നിയമവിശകലനം

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ–കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടുപേരുടെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് നടപടിക്രമപരമായ ചോദ്യങ്ങൾ  നിയമ വിദഗ്ധന്മാർക്കിടയിൽ ഉയരുന്നു.  ഇരയ്ക്ക് നോട്ടീസ് നൽകാതെയും അവരുടെ വാദം കേൾക്കാതെയും ആശ്വാസം അനുവദിച്ചതാണ്  പ്രധാനമായും ഇവർ ചൂണ്ടിക്കാട്ടുന്നത്.
 ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും പി.ബി. വരാലെയും അടങ്ങിയ ബെഞ്ച് ഒക്ടോബർ 28-നാണ് ബിപിൻചന്ദ്ര കനയ്യാലാൽ ജോഷി, പ്രദീപ് രമൺലാൽ മോധിയ എന്നിവർക്ക് ആശ്വാസം അനുവദിച്ചത്. പതിനേഴുവർഷത്തെ തടവുജീവിതവും ഒരാൾക്ക് ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചതായി ഇവർ പറയുന്നു.
കേസിലെ പതിനൊന്നു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് 2017 മേയ് നാലിന് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇപ്പോൾ ആശ്വാസം ലഭിച്ച രണ്ടുപേരും 2025-ലാണ് പ്രത്യേകാനുമതി ഹർജികൾ സമർപ്പിച്ചതെന്നും 2,935 ദിവസത്തെ കാലതാമസം മാപ്പാക്കി 2026 മാർച്ച് 17-ന് സുപ്രീംകോടതി നോട്ടീസ് അയച്ചെന്നുമാണ് വിലയരുത്തൽ .
നിയമപരവും വസ്തുതാപരവുമായ വിഷയങ്ങൾ അപ്പീലിൽ ഉയരുന്നുണ്ടെന്ന് രേഖപ്പെടുത്തിയ രണ്ടുപേജുള്ള ഉത്തരവിൽ, ഇരയുടെ വാദം കേൾക്കാനുള്ള അവകാശത്തിന് മതിയായ പരിഗണന ലഭിച്ചോയെന്നാണ് നിയമരംഗത്ത് ഉള്ളവർ ഉന്നയിക്കുന്ന ചോദ്യം. ദീർഘകാല തടവിനൊപ്പം കുറ്റകൃത്യത്തിന്റെ ഗൗരവവും ഇരയുടെ അവകാശങ്ങളും പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും  ചർച്ച ചെയ്യപ്പെടുന്നു .
ലഖിംപുർ ഖേരി അക്രമക്കേസിലെ ജഗ്ജീത് സിങ് വേഴ്‌സസ് ആശിഷ് മിശ്ര വിധിയാണ് ഈ വാദത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. ക്രിമിനൽ നടപടികളിൽ ഇര വെറും കാഴ്ചക്കാരിയല്ലെന്നും അന്വേഷണം മുതൽ അപ്പീൽ, റിവിഷൻ നടപടികൾ അവസാനിക്കുന്നതുവരെ പങ്കാളിത്തത്തിനും വാദം അവതരിപ്പിക്കുന്നതിനും അവകാശമുണ്ടെന്നും ആ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയതായി പറയുന്നു. 
ബലാത്സംഗക്കേസുകളിൽ പ്രോസിക്യൂഷൻ നടപടികളിൽ സർക്കാർ ഹാജരാകുന്നതുകൊണ്ടുമാത്രം അതിജീവിതയുടെ വാദം കേൾക്കാനുള്ള അവകാശം ഇല്ലാതാകുന്നില്ലെന്ന മുൻവിധിയും  ഓർമിപ്പിക്കപ്പെടുന്നു. കുറ്റവാളികളുടെ സ്വാതന്ത്ര്യവും പരിഷ്‌കരണസാധ്യതയും പരിഗണിക്കുമ്പോൾ അതിജീവിതയുടെ നീതിക്കായുള്ള അവകാശത്തിനും അർഹമായ സ്ഥാനം ലഭിക്കണമെന്നതാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശങ്ക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img