
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നും, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നുമൊക്കെയുള്ള മഹദ്വചനങ്ങൾ മാനവരാശിക്ക് സംഭാവന ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി കൊണ്ട് പുകൾപ്പെറ്റ ശിവഗിരിയിൽ, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നുള്ള വരികൾ ഒരു മർമ്മരംപോലെ സദാ അലയടിക്കുന്നതുകേൾക്കാം. അങ്ങനെ എല്ലാ നിലയിലും ജാതിയേയും മതത്തേയും ദൂരെ മാറ്റി നിർത്തിയിരുന്ന ശിവഗിരി അതുകൊണ്ടൊക്കെത്തന്നെ മതാതീത ആത്മീയതയുടെ ഉറവിടമാണെന്നാണ് വിശ്വാസം. അതിനപ്പുറം സങ്കുചിതമായ ജാതിചിന്തകളോ രാഷ്ട്രീയചിന്തകളോ ഒന്നും ശിവഗിരിക്കുന്നുകയറിയിട്ടില്ല. ആകെക്കൂടി പറയാവുന്നത് ശാശ്വതീകാനന്ദ സ്വാമികൾ മഠാധിപതിയായിരുന്ന കാലത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളാണ്. അതിന് മുൻപോ ശേഷമോ ശിവഗിരിമഠമോ അവിടുത്തെ സന്യാസിമാരോ ജാതിയ-മതകാര്യങ്ങളിൽ ഇടപെടുകയോ രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയോ ചെയ്തിട്ടില്ല.
എന്നാൽ സച്ചിദാനന്ദ സ്വാമി പ്രസിഡന്റായി വന്നശേഷം അതിനൊക്കെയും അടിമുടി മാറ്റം വരികയാണോ? യാതൊരുവിധമായ കൂടിയാലോചനകളുമില്ലാതെ പ്രസിഡന്റ് എന്ന നിലയിൽ സച്ചിദാനന്ദ സ്വാമി സ്വന്തമായിട്ടെടുക്കുന്ന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും മഠത്തിന്റേതായി സമൂഹമദ്ധ്യത്തിലെത്തുമ്പോൾ അത് ശിവഗിരിയെ ഒരു പ്രത്യേക സമുദായത്തിന്റേതാക്കി മാറ്റുന്നൂ എന്ന അവസ്ഥയാെണന്നും മുൻപ് ഒരു പ്രസിഡന്റും ചെയ്യാത്ത വിധം രാഷ്ട്രീയവിലപേശലിന് സച്ചിദാനന്ദ സ്വാമി നേരിട്ടിറങ്ങുകയുമാണെന്നും ഒരു വിഭാഗം വിശ്വാസികൾ ആരോപിക്കുന്നു.
തുടക്കം ലോക്സഭാ തെരഞ്ഞെടുപ്പോടെ
ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം എന്ന നിലയിലും ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മസംഘത്തിന്റെ ആസ്ഥാനം എന്ന നിലയിലുമൊക്കെ ശിവഗിരിമഠത്തിന് ദേശീയതലത്തിൽ തന്നെയുള്ള സ്ഥാനം വളരെ വലുതാണ്. മഠത്തിന്റെ ക്ഷണം സ്വീകരിച്ചും അല്ലാതെയുമൊക്കെ ശിവഗിരി സന്ദർശിച്ചിട്ടുള്ള സംസ്ഥാന- ദേശീയ നേതാക്കൾ നിരവധിയാണ്. അക്കൂട്ടത്തിൽ പ്രധാനമന്ത്രിമാരും പ്രതിപക്ഷനേതാക്കൻമാരും വരെയുണ്ട്. സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷനേതാക്കളും, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ശിവഗിരിമഠവുമായി നല്ല ബന്ധം പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് പ്രത്യേകിച്ചൊരു ചായ്വോ മമതയോ ഒന്നും ശിവഗിരി മഠം സ്വീകരിക്കാറുമിെല്ലന്നും, എന്നാൽ ഇതിനൊക്കെ വിരുദ്ധമായ നിലപാടാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും ഒരു പ്രബലവിഭാഗം വിശ്വാസികൾ കൂട്ടിച്ചേർക്കുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലാണ് അതിന് തുടക്കം കുറിച്ചത്. ശിവഗിരിമഠം സ്ഥിതി ചെയ്യുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ കൂടിയായിരുന്ന വി. ജോയിയും കോൺഗ്രസ് സ്ഥാനാർത്ഥിയായി അടൂർ പ്രകാശുമായിരുന്നുവല്ലോ അന്ന് മത്സരരംഗത്തെത്തിയത്. രണ്ടുപേരും ശിവഗിരിമഠവുമായി നല്ല ബന്ധത്തിലുള്ളവരും. ആ സ്ഥിതിക്ക് ആരുടെ പരാജയവും മഠത്തിന് ഉൾക്കൊള്ളാനാകില്ല. പ്രത്യേകിച്ചും സച്ചിദാനന്ദ സ്വാമിക്ക്. അതിനൊരു പ്രതിവിധിയായി സ്വാമി കണ്ടമാർഗ്ഗം അടൂർ പ്രകാശിനെ പിൻമാറ്റുകയായിരുന്നു. പകരം നിയമസഭാ സീറ്റും അവസരം വന്നാൽ മന്ത്രിസ്ഥാനവും സ്വാമി വാഗ്ദാനം ചെയ്തു. എന്നാൽ കോൺഗ്രസ് പാർട്ടി അടൂർ പ്രകാശിന്റെ കാര്യത്തിൽ അമിതവിശ്വാസത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ താനായിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും പാർട്ടി പറഞ്ഞാൽ മത്സരിക്കാം എന്ന നിലപാടായിരുന്നു അടൂർപ്രകാശിന്. എന്തായാലും പാർട്ടി പറഞ്ഞ, അടൂർപ്രകാശ് മത്സരിക്കാനിറങ്ങി. എന്നാൽ തോൽക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ കോൺഗ്രസുകാരും പറയുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെപ്പോലും കാര്യമായൊരു പ്രവർത്തനം അടൂർ പ്രകാശിന്റെ ഭാഗത്തുനിന്നു ഉണ്ടായില്ല എന്നും, ഒടുവിൽ, വി.ഡി. സതീശൻ ആറ്റിങ്ങലിലെത്തി കർശനമായ ഇടപെടലുകൾ നടത്തിയ ശേഷമണ് അടൂർ പ്രകാശ് സജീവമായതെന്നുമാണ് തിരുവനന്തപുരം ഡി.സി.സി ഭാരവാഹികൾ തന്നെ പറഞ്ഞിട്ടുള്ളത്. ആ പറച്ചിൽ ശരിവയ്ക്കുന്നതായിരുന്നല്ലോ ആറ്റിങ്ങലിലെ റിസൾട്ടും. സംസ്ഥാനത്തെ മറ്റ് എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ആയിരക്കണക്കിന് വോട്ടിന്റെയും പതിനായിരക്കണക്കിന് വോട്ടിന്റെയുമൊക്കെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ഏറ്റവും കുറവ് ഭൂരിപക്ഷം അടൂർ പ്രകാശിനായിരുന്നു. 684 വോട്ട്.
ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ മത്സരിക്കുമെന്നുള്ള അടൂർ പ്രകാശിന്റെ പിടിവാശിക്കുപിറകിലും സച്ചിദാനന്ദ സ്വാമിയുടെ പ്രേരണയാണെന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം.
ഈ അടുത്തകാലത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള പതിനെട്ടുപേരുടെ ലിസ്റ്റ് സച്ചിദാനന്ദ സ്വാമി അദ്ദേഹത്തിന് നൽകിയിരുന്നു, അത്രയും പേർക്ക് മത്സരിക്കാൻ സീറ്റ് നൽകണമെന്നുള്ള ആവശ്യത്തോടെ കെ. സുധാകരനും അടൂർ പ്രകാശുമൊക്കെ ആ ലിസ്റ്റിൽപ്പെട്ടവരാണ്. പിന്നോക്ക വിഭാഗങ്ങളെ എല്ലാമുന്നണികളും അവഗണിക്കുകയാണെന്നും, തോൽക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കുന്നതെന്നും, പിന്നോക്ക വിഭാഗങ്ങളുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും, അതുകൊണ്ടാണ് രാഹുൽഗാന്ധിക്ക് നിവേദനം നൽകിയതെന്നുമാണ് അത് സംബന്ധമായി സച്ചിദാനന്ദ സ്വാമി പറഞ്ഞത്. കോൺഗ്രസിലിപ്പോൾ ഒരേയൊരു ഈഴവ എം.എൽ.എ മാത്രമാണുള്ളതെന്നും കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് അതായിരുന്നില്ല സ്ഥിതി എന്നുള്ള കണ്ടുപിടിത്തവും സ്വാമി നടത്തി.
എൻ.ഡി.എയിലും പിന്നോക്കക്കാർക്ക് പ്രാതിനിധ്യമില്ലെന്നും, ഒരു വിഭാഗത്തിൽ നിന്ന് പത്ത് മന്ത്രിമാരുണ്ടെന്നും പറയുന്ന സച്ചിദാനന്ദ സ്വാമി, എൽ.ഡി.എഫിനും ഇതുപോലൊരു പരാതി നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. ഈ രീതിയിൽ രാഷ്ട്രീയ ഇടപെടലിന് ശ്രമിക്കുന്ന സ്വാമി എസ്.എൻ.ഡി.പി യോഗത്തിന് നേരെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ കോടതി നടപടി സ്വാഗതം ചെയ്യുന്നു എന്നുപറഞ്ഞ സ്വാമി, കോടതിവിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസം പകരുന്നതാണെന്നുകൂടി പറയുന്നു.
പ്രസിഡന്റിനെ തള്ളി സെക്രട്ടറി
അതേസമയം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ആത്മീയകേന്ദ്രമാണ് ശിവഗിരി എന്നും, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുവിധ രാഷ്ട്രീയ നിലപാടും മഠം സ്വീകരിച്ചിട്ടില്ലെന്നും പറയുന്ന ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് മഠമല്ല എന്നുകൂടി പറഞ്ഞുകൊണ്ട് സച്ചിദാനന്ദ സ്വാമിയുടെ നിലപാടുകളെ പരസ്യമായി തള്ളിപ്പറയുകയാണ്.
മഠത്തിന്റെ ഔദ്യോഗിക നിലപാട് പറയേണ്ടത് ജനറൽ സെക്രട്ടറിയാണെന്നും, മഠത്തിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണെന്നും, ഗുരുവിന്റെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും ശ്രമിക്കുന്നുണ്ടെന്നും, ആ വക കാര്യങ്ങളിൽ മഠത്തിന് പരാതികളില്ലെന്നും പറയുന്ന ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗത്തിന്റെ കേസ്സിൻ മേലുള്ള കോടതിവിധിയിൽ സച്ചിദാനന്ദ സ്വാമി നടത്തിയ അഭിപ്രായപ്രകടനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിവഗിരിമഠത്തേയും ധർമ്മസംഘത്തേയും വിഭാഗീയതയിലേക്ക് നയിക്കുമെന്നും സൂചിപ്പിക്കുന്നു. പ്രസിഡന്റ് എന്ന നിലയിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന സ്വാമി സച്ചിദാനനന്ദ, മഠത്തിന്റെ ആത്മീയതയേയും, വിശുദ്ധിയേയും അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ഒരു രാഷ്ട്രീയ അധികാര കേന്ദ്രമാകുവാൻ ശ്രമിക്കുകയുമാണെന്നാണ് സ്വാമി ശുഭാംഗാനന്ദയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
അതുതന്നെയാണ് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകളും. രാഹുൽഗാന്ധിക്ക് പതിനെട്ടുപേരുടെ ലിസ്റ്റ് നൽകിയ സ്വാമി സച്ചിദാനന്ദ പമ്പരവിഡ്ഢിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നുമാത്രമല്ല മഠാധിപതിയുടെ കസേരയിലിരിക്കാൻ യോഗ്യനല്ലെന്നും, രാഷ്ട്രീയക്കാർക്ക് വാലായും ചൂലായും നടക്കുകയല്ല മഠം ചെയ്യേണ്ടതെന്നും കൂടി വെള്ളാപ്പള്ളി പറഞ്ഞുവച്ചു. എന്നുപറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും, ഗുരുധർമ്മ പ്രചരണം കർമ്മമാക്കി മാറ്റേണ്ട ശിവഗിരി മഠത്തിന്റെ പ്രസിഡന്റുമാണ് ഇവ്വിധം തെരുവിൽ നിന്നുകൊണ്ട് പരസ്പരം ചെളിവാരിയെറിയുന്നത്. ലക്ഷോപലക്ഷം വരുന്ന ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം എസ്.എൻ.ഡി.പിയോഗവും ശിവഗിരിമഠവും കൈകോർത്തു നീങ്ങേണ്ട പ്രസ്ഥാനങ്ങളാണ്. അവ തമ്മിൽ ഉണ്ടാകുന്ന ആശയഭിന്നിപ്പുകൾ ഈ ശ്രീനാരായണീയരെ സംബന്ധിച്ചിടത്തത്തോളം വേദനാജനകമാണ്.











