08:55pm 22 September 2026
NEWS
സിദ്ധരാമയ്യയുടെ പിൻഗാമി സതീഷ് ജാർക്കിഹോളിയോ? കർണാടകത്തിലെ നേതൃമാറ്റചർച്ചയ്‌ക്ക് പുതിയ ട്വിസ്റ്റ്
24/10/2025  11:26 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യയുടെ പിൻഗാമി സതീഷ് ജാർക്കിഹോളിയോ.. കർണാടകത്തിലെ നേതൃമാറ്റചർച്ചയ്‌ക്ക് പുതിയ ട്വിസ്റ്റ്

ബംഗളുരു: ഈ മാസം അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാകുന്നതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹം സംസ്ഥാനമൊട്ടാകെ ശക്തമാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറാണ് മുഖ്യമന്ത്രിയാകാൻ കരു നീക്കുന്നത്. കോൺഗ്രസ്സ് ഹൈക്കമാണ്ടിന്, വീശേഷിച്ചും സോണിയ ഗാന്ധിയ്ക്ക്, സിദ്ധരാമയ്യയേക്കാൾ സ്വീകാര്യൻ ശിവകുമാറാണ്. 2023 ൽ തന്നെ ഹൈക്കമാണ്ട് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമായിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാർ സിദ്ധരാമയ്യയെ പിന്തുണച്ചതാണ് തടസ്സമായത്. എം എൽ എമാരുടെ പിന്തുണയിൽ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. എന്നിരുന്നാലും ശിവകുമാറിന് ഒരു അവസരം കൊടുക്കണമെന്നും അതിനാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നും ഹൈക്കമാണ്ട് ഉറച്ച സ്വരത്തിൽ സിദ്ധരാമയ്യയെ അറിയിച്ചതായാണ് വിവരം. ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം കർണാടകത്തിൽ നേതൃമാറ്റത്തിന് ഹൈക്കമാണ്ട് നീക്കം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പിതാവ് സജീവരാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലാണെന്നും സതീഷ് ജാർക്കിഹോളിയായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമി എന്നുമുള്ള സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ വെളിപ്പെടുത്തൽ നേതൃമാറ്റത്തിന് പുതിയ ട്വിസ്റ്റ്‌ നൽകുന്നത്. ബംഗളുരുവിൽ ഒരു ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് സംസ്ഥാന ലജിസ്ലേറ്റിവ് കൗൺസിൽ അംഗമായ( എം എൽ സി) യതീന്ദ്ര ഈ പ്രസ്താവന നടത്തിയത്. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജാർക്കിഹോളി. ഇരുപത് വർഷംമുമ്പ് സിദ്ധരാമയ്യയോടൊപ്പം ജെഡി എസ്സ് വിട്ട് കോൺഗ്രസ്സിലെത്തിയ ഈ ദളിത്‌ നേതാവ് ബെളഗാവി രാഷ്ട്രീയത്തിലെ അതികായനാണ്. സിദ്ധരാമയ്യയുടെ ആശയങ്ങളോടും പ്രവർത്തനശൈലിയോടും അന്ധമായ ആഭിമുഖ്യമുള്ള ജാർക്കിഹോളി പാർട്ടിയിൽ ശിവകുമാറിന്റെ എതിർപക്ഷത്താണെന്നതും ശ്രദ്ധേയമാണ്. നായക് സമുദായക്കാരനായ ജാർക്കിഹോളി നിരീശ്വരവാദിയാണ്. സിദ്ധരാമയ്യ നയിക്കുന്ന അഹിന്ദ യുടെ അടിയുറച്ച നേതാക്കളിലൊരാൾ. 2018 ലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ ജാർക്കിഹോളി രാഹുകാലം തിരഞ്ഞെടുത്തത് വാർത്തയായിരുന്നു. 2008 മുതൽ ബെളഗാവിയിലെ യെമകൺമർദിയിൽ നിന്ന് വിജയിച്ചുപോരുന്ന ജാർക്കിഹോളി അത്തവണയും ജയിച്ചുകയറി. കുമാരസ്വാമി നയിച്ച കൂട്ടുമന്ത്രിസഭയിൽ മന്ത്രിസ്ഥാനവും ലഭിച്ചു. 2013 ലെ സിദ്ധരാമയ്യ മന്ത്രിസഭയിലും അംഗമായിരുന്നു. വെളിപ്പെടുത്തൽ വിവാദമായപ്പോൾ താൻ 2028 ലെ കാര്യമാണ് സൂചിപ്പിച്ചതെന്ന് യതീന്ദ്ര തിരുത്തി. പക്ഷെ അപ്പോഴും പ്രശ്നം നിലനിന്നു. ഇത്തവണ അവസരം ലഭിച്ചില്ലെങ്കിൽ 2028 ൽ താൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ശിവകുമാർ പലതവണ പ്രഖ്യാപിച്ചതാണ്. 2028 ലെ നേതൃത്വകാര്യത്തിലെ തനിക്ക് താല്പര്യമുള്ളൂവെന്ന് സതീഷ് ജാർക്കിഹോളിയും വ്യക്തമാക്കിയിട്ടുണ്ട്. ഡി കെ ശിവകുമാറിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങൾക്ക് ജാർക്കിഹോളി വിലങ്ങുതടിയാവുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img