09:52am 17 September 2025
NEWS
മതം എല്ലാറ്റിനും മേലെയോ?
18/08/2025  07:05 PM IST
മതം എല്ലാറ്റിനും മേലെയോ?

2025 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ 2-2 ന് സമനില നേടി. ആവേശോജ്ജ്വലമായ ചില കളിയനുഭവങ്ങൾ നിറഞ്ഞതായിരുന്നു ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര. 23 പേരെ പുറത്താക്കിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ആയിരുന്നു പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ. സിറാജ് മാത്രമെറിഞ്ഞത് 1113 പന്തുകളാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ അഞ്ചാംദിനം സിറാജ് പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.
'മുഹമ്മദ് സിറാജിന്റെ പ്രകടനം അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ കളിയോടുള്ള സമീപനം വളരെ മികച്ചതാണ്. ഇന്ത്യയുടെ ജയത്തിൽ നിർണ്ണായക സ്വാധീനമാകാൻ അവന് എപ്പോഴും സാധിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം ടീമിനായി ഇംപാക്ട് ഉണ്ടാക്കാൻ എപ്പോഴും സിറാജിന് സാധിക്കുന്നുണ്ട്. തുടർച്ചയായ പ്രകടനം വെച്ചുനോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം സിറാജിന് ഇതുവരെ ലഭിച്ചിരുന്നില്ല.' ഇതുപറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്.

31 കാരനായ മുഹമ്മദ് സിറാജ് ഹൈദരാബാദിലെ ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ മകനാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. 2015 ലാണ് സിറാജ് ആദ്യമായി ക്രിക്കറ്റ് പന്ത് ഉപയോഗിച്ച് പന്തെറിഞ്ഞത്. കഠിനാധ്വാനം ചെയ്ത് കളിച്ച് ഹൈദരാബാദിലെ ചാർമിനാർ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായി. 2015-16 സീസണിൽ രഞ്ജിക്രിക്കറ്റിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റുകൾ കളിക്കുന്ന ഇന്ത്യൻ ടീമിൽ അംഗമാകാൻ സാധിച്ചു.

2020 നവംബറിൽ പിതാവ് മരിക്കുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു സിറാജ്. കോവിഡ് കാലമായിരുന്നതിനാൽ നാട്ടിലെത്തി പിതാവിനെ ഒരു നോക്കുകാണാനായില്ല. ഇന്ന് ഇന്ത്യൻ ടീമിന് ഒഴിച്ചുകൂടാനാവാത്ത ബൗളിംഗ് സാന്നിദ്ധ്യമാണ് സിറാജ്. തെലങ്കാന സർക്കാർ 2024 ഒക്‌ടോബറിൽ സിറാജിന് നൽകിയ ജോലി തെലങ്കാന        ഡി.എസ്. പി ആയിട്ടായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ മുഹമ്മദ് സിറാജിന് അർഹിച്ച അംഗീകാരം കിട്ടുന്നില്ലെന്ന് ആദ്യം പറഞ്ഞത് ബൗളിംഗ് പരിശീലകൻ മോണിമോർക്കലാണ്. ഓവൽ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് താരം ജോറൂട്ട് പറഞ്ഞത് തങ്ങളുടെ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്  ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് സിറാജ് എന്നാണ്. സിറാജ് ഇന്ത്യക്കുവേണ്ടി മൈതാനത്ത് തന്റെ 100 ശതമാനവും നൽകുന്ന പോരാളിയാകണമെന്നും റൂട്ട് പറഞ്ഞു.
എന്നിട്ടും എന്തുകൊണ്ട് മുഹമ്മദ് സിറാജിന് ഇന്ത്യയിൽ അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല..? അതിന് ഒറ്റ ഉത്തരമേയുള്ളൂ; ഭരണകൂടം മുതൽ ദേശീയ മാധ്യമങ്ങളെവരെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള വംശീയ മനോഭാവം. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിൽ അവസാനത്തെ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് കുതിക്കുമെന്ന് എല്ലാവരും ആശങ്കപ്പെട്ടിരിക്കെയാണ് മുഹമ്മദ് സിറാജിന്റെ പ്രകടനത്തിലൂടെ ഇന്ത്യക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ചത്. എന്നിട്ടും ഇന്ത്യയിലെ മാധ്യമങ്ങൾ അർഹിക്കുന്ന കവറേജ് നൽകാതെ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു.

ബൗളിംഗിൽ കൂടുതൽ റൺസ് വിട്ടുകൊടുത്തത്തിന്റെ പേരിൽ, അബദ്ധത്തിൽ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സിറാജിനെ 'പോയി ഓട്ടോ ഓടിച്ചുകൂടെ' എന്ന് പരിഹസിച്ചവരുണ്ട്. സമൂഹമാധ്യമങ്ങളിൽ രാജ്യദ്രോഹി എന്നുള്ള വിമർശനം പോലും ഉണ്ടായി. വംശീയാധിക്ഷേപത്തിനിരയായപ്പോൾ സാന്ത്വനമായും ധൈര്യം പകർന്നും വിരാട് കോലിയെപ്പോലെ ചിലരാണ് പിടിച്ചുനിർത്തിയത്.
ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു വിഭാഗത്തോടും വിവേചനപരമായി സ്റ്റേറ്റ് (ഭരണകൂടം) പെരുമാറുകയില്ലെന്നും, എല്ലാവിഭാഗം പൗരന്മാരോടും സമഭാവനയോടെ വർത്തിക്കുമെന്നുമാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത. ഇതുപാലിക്കാൻ ഏറ്റവും ബാധ്യതപ്പെട്ട ജുഡീഷ്യറിയിലെ ന്യായാധിപർപോലും മതാധിഷ്ഠിത രാഷ്ട്രീയത്തിന് വിധേയരാവുന്നു എന്നത് ഇന്ത്യൻ ഭരണഘടനയുടെ മൗലികസ്വഭാവം തന്നെ നഷ്ടപ്പെടുത്തുകയാണ്.

വംശീയമായ വിവേചനം രാജ്യത്ത് എത്രത്തോളം രൂക്ഷമാണ് എന്ന് തെളിയിക്കുന്നതാണ് തലമുറകൾ ഓർമ്മിക്കാവുന്ന മാസ്മരിക ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് സിറാജിന്റെ നേട്ടം വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയത്. 'കേരളശബ്ദ'ത്തിന് ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജ് സൂപ്പർഹീറോ ആണെന്നുള്ള പ്രഖ്യാപനം കൂടിയാണ് ഞങ്ങളുടെ ഈ ലക്കം കവർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.