
ലങ്കാധിപൻ രാവണൻ പുഷ്പക വിമാനത്തിൽ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയതും, ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരപ്പടയുമൊത്ത് കടലിന് മീതെ ശ്രീരാമൻ രാമസേതു എന്ന മണൽപ്പാലം നിർമ്മിച്ച് ലങ്കയിലേക്ക് പോയി രാവണനേയും, ലങ്കയേയും തകർത്തു സീതയെ വീണ്ടെടുക്കുന്നതും, 'രാമായണ'ത്തിൽ വിവരിക്കുന്നത് 'യുദ്ധകാണ്ഡ'ത്തിലാണ്. വാനരസേനയുമായി ഭാരതത്തിന്റെ ദക്ഷിണതീരമായ രാമേശ്വരത്ത് ഗന്ധമാദന പർവ്വതത്തിന് താഴെയെത്തിയ ശ്രീരാമൻ കടൽതാണ്ടി എങ്ങനെ ലങ്കയിലെത്തുമെന്നറിയാതെ വിഷമിച്ചുവെന്നും, കടൽകടക്കാൻ എന്തുമാർഗ്ഗവും സ്വീകരിക്കണമെന്ന ശ്രീരാമന്റെ നിർദ്ദേശാനുസരണം വാനരനേതാവ് നളന്റെ നേതൃത്വത്തിൽ പത്തുമീറ്റർ വീതിയും നൂറുയോജന നീളവുമുള്ള രാമസേതു നിർമ്മിച്ചുവെന്നും, അതിലൂടെ നടന്നു ലങ്കയിലെത്തി സീതയെ മോചിപ്പിച്ചു അതിലൂടെ തിരികെ എത്തിയെന്നുമാണ് വാൽമീകി 'രാമായണ'ത്തിൽ വിവരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന അരിച്ചൽ മുനൈ(മുനമ്പ്) യിൽ നിന്നാണ് ലങ്കയിലേക്ക് നീളുന്ന രാമസേതു(ചിറ, അണ, പാലം എന്നൊക്കെയാണ് സേതുവിന്റെ അർത്ഥം). അരിച്ചൽ മുനൈയിൽ നിന്ന് ശ്രീരാമൻ ലങ്കയുടെ മണ്ണിലേക്ക് അസ്ത്രാഗ്രം തൊടുത്തു കടൽദൂരം അളന്നു എന്നാണ് രാമായണത്തിൽ പറയുന്നത്. (രാമേശ്വരം ക്ഷേത്രവും ധനുഷ്കോടിയും കടന്ന്, ബോട്ടിലോ നടന്നോ ഇരുപത് കിലോമീറ്ററിനപ്പുറത്തുള്ള രാമസേതുവിലെത്താം).
ഇതിഹാസ-പുരാണങ്ങളിലും, ഐതിഹ്യത്തിലും കെട്ടുകഥകളിലുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന സമസ്യയായിരുന്നു രാമസേതു. ശാസ്ത്രീയ അടിത്തറയോ, പര്യവേഷണ നിഗമന പിൻബലമോ ഇല്ലാതെ അത് കടൽവെള്ളത്തിൽ താണുകിടന്നു. രാമസേതു മിത്താണെന്നും, കടലിൽ സ്വാഭാവികമായി രൂപംകൊണ്ട മൺതിട്ട മാത്രമാണെന്നും പണ്ടേ തർക്കമുണ്ടായിരുന്നു. രാമസേതു സ്ഥിതി ചെയ്യുന്നിടത്ത് ആഴം വളരെ കുറവായതിനാൽ കപ്പൽ ഉപയോഗിച്ചുള്ള മാപ്പിംഗ് സാദ്ധ്യമായിരുന്നില്ല. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ 29 കിലോമീറ്റർ നീളമുള്ള ആ ഭാഗമാണിപ്പോൾ ഉപഗ്രഹ സഹായത്തോടെ മാപ്പ് ചെയ്തിരിക്കുന്നത്. ചുണ്ണാമ്പുകല്ലിൽ തീർത്ത രാമസേതു(പാലം)വിന് കടലിന്റെ അടിത്തട്ടിൽ നിന്ന് 8 മീറ്റർ വരെ ഉയരവും, 100 മീറ്റർ വരെ ഉയരവുമുണ്ടത്രെ.
യുഗങ്ങൾക്കിപ്പുറം രാമസേതുവിന്റെ യഥാർത്ഥകാഴ്ച പകർത്തിയിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി. ഏജൻസിയുടെ കോപ്പർ നിക്കെസ് സെന്റിനെൽ 2 എന്ന സാറ്റലൈറ്റ് പകർത്തിയ ചിത്രമാണ് പ്രചാരം നേടിയിരിക്കുന്നത്. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നൂലുപോലെ കിടക്കുന്ന രാമസേതു പാലം ചിത്രത്തിൽ കാണാം. ധാരാളം വൈവിദ്ധ്യങ്ങളുടെ മായാലോകമാണ് ഇവിടമെന്നാണ് യൂറോപ്യൻ ഏജൻസി പറയുന്നത്. അധികം ആഴമില്ലാത്ത കടൽവെള്ളത്തിൽ ഒട്ടനവധി സസ്യജാലങ്ങൾ വളരുന്നു. ഡോൾഫിനുകളും കടലാമകളും ഈ കടലിൽ നീന്തിത്തുടിക്കുന്നു.
രാമസേതുവിന്റെ ഭൂപടം ഉപഗ്രഹസഹായത്തോടെ ഐ.എസ്.ആർ.ഒ തയ്യാറാക്കിയതോടെ, ഇതൊരു സ്വാഭാവികത പ്രകൃതി സൃഷ്ടി കൂടിയാണെന്ന വാദം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ ബഹിരാകാശഗവേഷണ ഏജൻസിയായ നാസയുടെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഐ.എസ്.ആർ.ഒ ഈ നിഗമനത്തിലെത്തിയത്. രാമസേതുവിന്റെ ഇത്ര വ്യക്തതയുള്ള ഭൂപടം ആദ്യം. രാമസേതുവിനെക്കുറിച്ച് കൂടുതൽ പഠനത്തിന് ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
രാമസേതു(പാലം) മിത്താണെന്നും, കടലിന്റെ സ്വാഭാവികമായി രൂപം കൊണ്ട മൺതിട്ട മാത്രമാണ് ഇതെന്നും പണ്ടേ തർക്കമുണ്ട്. ഈ തർക്കത്തിന്റെ മുനയൊടിക്കുന്നതാണ് ഐ.എസ്.ആർ.ഒ തയ്യാറാക്കിയ ഭൂപടം.
നൂതന ലേസർ സാങ്കേതികവിദ്യയും വാട്ടർ പെനിട്രേറ്റഡ് ഫോട്ടോണുകളും ഉപയോഗിച്ച് നാസയുടെ ഐ.സി.ഇ സാറ്റ് ഉപഗ്രഹം 2018 മുതൽ 2023 വരെ പകർത്തിയ രണ്ടുലക്ഷത്തോളം ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു മാപ്പിംഗ്. ഈ ഡാറ്റകൾ ഐ.എസ്.ആർ.ഒയുടെ ജോധ്പൂർ, ഹൈദരാബാദ് റിമോട്ട് സെൻസിംഗ് സെന്ററുകളിൽ വിശകലനം ചെയ്തു. മാന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ആഴമുള്ള 11 ഇടുങ്ങിയ ചാലുകളും കണ്ടെത്തിയത് പാലം മനുഷ്യനിർമ്മിതിയാണെന്ന വാദത്തിന് ബലമേകുന്നു.
'ആദംസ് ബ്രിഡ്ജ്' എന്ന് പാശ്ചാത്യരും, രാമസേതുവെന്ന് ഭാരതീയരും വിശേഷിപ്പിക്കുന്ന പാലം ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരത്തിനും, ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ജാഫ്ന ജില്ലയിലെ മാന്നാർ ദ്വീപിനും ഇടയിൽ 48 കിലോമീറ്റർ നീളത്തിൽ, കല്ലും മണ്ണും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ബണ്ട് മാതൃകയിലുള്ളതാണ്. പവിഴപ്പുറ്റുകളിലെ മണൽ ടാപ്പിംഗും ടെക്റ്റോണിക് ചലനവും ചേർന്ന് രൂപം കൊണ്ട പ്രകൃതിദത്ത ഘടനയാണെന്ന് ശാസ്ത്രജ്ഞർ വാദിക്കുന്നു.
തമിഴ്നാട്ടിലെ രാമേശ്വരം ധനുഷ്കോടി മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമാന്നാർ വരെയാണ് രാമസേതുവിന്റെ കിടപ്പ്. ധനുഷ്കോടിക്ക് 48 കിലോമീറ്റർ അടുത്താണ് ശ്രീലങ്കയിലെ ഗൾഫ് ഓഫ് മാന്നാർ. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യൻ നാവികർ 'സേതുബന്ധൈ' അഥവാ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം എന്നാണ് രാമസേതുവിനെ വിളിച്ചിരുന്നത്. ഇതിന്റെ ചില ഭാഗങ്ങൾ വേലിയിറക്കസമയത്ത് കടലിന് മുകളിൽ കാണാം. രാമേശ്വരം ക്ഷേത്രരേഖകൾപ്രകാരം 1480 വരെ പാലം വെള്ളത്തിന് മുകളിലായിരുന്നു. ചുഴലിക്കാറ്റിൽ പാലം മുങ്ങിയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ലങ്കൻ കടലിടുക്കിൽ മുങ്ങിക്കിടക്കുകയാണെങ്കിലും, രാമസേതുവിൽ തൊട്ടാൽ പൊള്ളുമെന്നതാണ് സ്ഥിതി. ആദംസ് ബ്രിഡ്ജ് എന്ന് പാശ്ചാത്യചരിത്രകാരന്മാർ വിശേഷിപ്പിച്ചതും, അതിനെ ഇന്ത്യൻ ചരിത്രകാരന്മാർ എതിർത്തതുമായിരുന്നു ആദ്യ അന്താരാഷ്ട്ര വിവാദം. രാമസേതു മനുഷ്യനിർമ്മിതമാണെന്ന് അമേരിക്കൻ സയൻസ് ചാനൽ വിശേഷിപ്പിച്ചത് വീണ്ടും വിവാദമായി. ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചപ്പോൾ രാമസേതു മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമായെന്നും, ഇതിൽ കാണുന്ന കല്ലുകൾക്കും ചെറിയ പാറകൾക്കും മണലിനേക്കാൾ പഴക്കമുണ്ടെന്നും ചാനൽ പറയുന്നു. കല്ലുകൾക്ക് ഏകദേശം 7000 വർഷത്തെ പഴക്കമുണ്ട്. മണൽത്തരികൾ അതിന്മേൽ പിന്നീട് അടിഞ്ഞുകൂടിയതാകാം. അതിന് 4000 വർഷഷത്തെ പഴക്കമേയുള്ളുവെന്ന് കണ്ടെത്തിയതായും ചാനൽ പറയുന്നു.
'സേതുസമുദ്രം' കപ്പൽച്ചാൽ പദ്ധതി വാജ്പേയ് സർക്കാർ കൊണ്ടുവന്നപ്പോഴും വിവാദമായിരുന്നു. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ 83 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാത നിർമ്മിച്ച് ഒരു കപ്പൽപാത വഴി അറബിക്കടലിനേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 1860 മുതൽ ഈ പദ്ധതി നിർദ്ദേശിക്കപ്പെട്ടിരുന്നു. 2004 ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 3500 കോടി രൂപയുടെ ബഡ്ജറ്റിന് അംഗീകാരവും നൽകി. 2005 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. അതേസമയം 'സേതുസമുദ്രം' പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിവാദങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും പിന്നാലെ പദ്ധതി നിലച്ചു.











