11:24pm 20 June 2026
NEWS
സമാധാനം ഇനിയും അകലെ? ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു
20/06/2026  08:23 PM IST
nila
സമാധാനം ഇനിയും അകലെ? ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള സമാധാന ധാരണയ്ക്ക് ദിവസങ്ങൾക്കകം തന്നെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഇസ്രയേലും യുഎസും നടത്തിയതായി ആരോപിക്കുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവച്ചത്. ഇറാന്റെ ഉന്നത സൈനിക കമാൻഡായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ നടപടിയെ മുന്നറിയിപ്പായി വിശേഷിപ്പിച്ച സൈനിക നേതൃത്വം, പ്രകോപനങ്ങൾ തുടർന്നാൽ കൂടുതൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകാമെന്നും സൂചന നൽകി.

ഇതിനിടെ, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ദക്ഷിണ ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും അഞ്ച് പേർ കൊല്ലപ്പെട്ടതായി ലബനൻ സർക്കാർ അനുകൂല മാധ്യമങ്ങൾ അറിയിച്ചു.

ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎയുടെ റിപ്പോർട്ട് പ്രകാരം, നബാതിയ മേഖലയിലും സമീപ പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ തുടർച്ചയായ ആക്രമണങ്ങളാണ് നടന്നത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. പീരങ്കി ആക്രമണവും നടന്നതായി എൻഎൻഎ വ്യക്തമാക്കി.

അതേസമയം, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതായി യുഎസ് ഉദ്യോഗസ്ഥരും ഇരുപക്ഷ വൃത്തങ്ങളും നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു കരാർ പ്രാബല്യത്തിൽ വന്നത്.

ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ

ഇസ്രയേൽ ഭരണകൂടത്തിന്റെ ലക്ഷ്യം സമാധാനമല്ല, മറിച്ച് അവസാനമില്ലാത്ത യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ലബനനെ പൂർണമായും നശിപ്പിക്കണമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീർ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു അരാഗ്ചിയുടെ പ്രതികരണം.

ഹിസ്ബുല്ല ആക്രമണത്തിൽ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ബെൻ ഗ്വീറിന്റെ വിവാദ പരാമർശം. ഇതിന് മറുപടിയായി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അരാഗ്ചി, ഇത്തരം പ്രസ്താവനകൾ മനുഷ്യരാശിക്കെതിരായ ഭീഷണിയാണെന്നും വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളെ ലോകം ഗൗരവത്തോടെ കാണണമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img