
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) വീണ്ടും പിളർപ്പിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടത് ചെയർമാൻ ജോസ് കെ. മാണിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അനാവശ്യ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങണമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളിലും അണികളിലും ശക്തമാണെന്ന വിലയിരുത്തലുകൾ ഉയരുന്നതിനിടെയാണ് പുതിയ ചർച്ചകൾ. ചെയർമാൻ ജോസ് കെ. മാണിയും ഈ വികാരത്തിനോട് അനുകൂലമാണെന്ന സൂചനകളുമുണ്ട്. അടുത്തിടെ നടന്ന രണ്ട് എൽഡിഎഫ് യോഗങ്ങളിലും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിലും ജോസ് കെ. മാണി പങ്കെടുത്തില്ല.
ഇതിനിടെ, മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണനും ഫേസ്ബുക്കിൽ പങ്കുവെച്ച ‘തുടരും’ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റുകളാണ് കേരള കോൺഗ്രസ് (എം) പിളർപ്പിലേക്കെന്ന വ്യാഖ്യാനങ്ങൾക്കു കാരണം. ഇതോടെ, ഒരു വിഭാഗം ഇടതുമുന്നണിയിൽ തുടരുമെന്നും മറ്റൊരു വിഭാഗം ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ യുഡിഎഫിലേക്ക് മടങ്ങുമെന്നും തരത്തിലുള്ള ചർച്ചകൾ ശക്തമായി.
എന്നാൽ ഇത്തരം പ്രചാരണങ്ങളെ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമായി നിഷേധിച്ചു. പാർട്ടിയിൽ പിളർപ്പെന്ന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, പാർട്ടിയുടെ യഥാർഥ നിലപാട് ജോസ് കെ. മാണി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുന്നണി മാറ്റം സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പ്രചരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘‘ഇന്നലത്തെ ഉപവാസ സമരത്തിൽ പാർട്ടിയിലെ അഞ്ച് എംഎൽഎമാരും പങ്കെടുത്തു. ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതിന്റെ കാരണം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) എൽഡിഎഫ് സർക്കാരിനൊപ്പം തുടരുമെന്ന കാര്യത്തിൽ സംശയമില്ല. സഭയോ സഭാ അധ്യക്ഷൻമാരോ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. ജോസ് കെ. മാണിയും സോണിയ ഗാന്ധിയും തമ്മിൽ ചർച്ച നടന്നുവെന്ന പ്രചാരണങ്ങൾക്കും അടിസ്ഥാനമില്ല,’’ റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
പാർട്ടിയുടെ അന്തിമ നിലപാട് ചെയർമാൻ ജോസ് കെ. മാണിയുടേതാണെന്നും, അഭ്യൂഹങ്ങൾക്കു കേരള കോൺഗ്രസ് (എം)യിൽ ഇടമില്ലെന്നും മന്ത്രി ആവർത്തിച്ചു. ഇടതുഭരണം തുടരുമെന്നും, ധാർമികതയും വിശ്വാസപ്രമാണങ്ങളും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











