
കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി സിനിമയൊരുക്കുന്നത് വലിയ വെല്ലുവിളിയെന്ന് യുവ സംവിധായകന്‍ ശ്രീജിത്ത് എം നായര്‍. തന്‍റെ പുതിയ ചിത്രമായ 'ആരംഭം ഒരു അല്‍ബാനിയോ കഥ'യുടെ റിലീസുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജിത്ത് എം നായര്‍. വനശ്രീ ക്രിയേഷന്‍സ്, ഒ എം സി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന 'ആരംഭം ഒരു അല്‍ബാനിയോ കഥ' ഒക്ടോബര്‍ 9 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പുതുമുഖങ്ങളാണ്. സിനിമ എല്ലാവരുടെയും വലിയ സ്വപ്നമാണ്. സിനിമയില്‍ മുഖം കാണിക്കുവാനും പ്രവര്‍ത്തിക്കുവാനും ചെറുപ്പക്കാര്‍ക്ക് ഏറെ താല്പര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി സിനിമയൊരുക്കിയത്. പക്ഷേ ഒത്തിരി പ്രയാസങ്ങള്‍ ഇത് മൂലം ഞാന്‍ അനുഭവിച്ചു. സിനിമയുടെ ചിത്രീകരണം മുതല്‍ റിലീസ് വരെ നിരവധിയായ തടസ്സങ്ങളാണ് ഉണ്ടായത്. പുതുമുഖങ്ങളുടെ സിനിമയോട് ഒരു തരം അയിത്തമാണ്.തിയേറ്റര്‍ കിട്ടുന്ന കാര്യത്തിലും മാധ്യമങ്ങളുടെ അടക്കം പരിഗണന ലഭിക്കുന്നതിനും ഏറെ പ്രയാസമാണ്. ശ്രീജിത്ത് എം നായര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ഇനിയും പുതുമുഖങ്ങളെ വെച്ച് സിനിമയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്പര്‍ശിയായ സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന ചിത്രമാണ് 'ആരംഭം ഒരു അല്‍ബാനിയോ കഥ'. വടക്കന്‍ കേരളത്തിലെ ചുറ്റുപാടിലാണ് സിനിമ ചിത്രീകരിച്ചത്. നിധിന്‍രാജ് , ഫാരിസ് സല്‍മാന്‍, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണല്‍ തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെ എന്‍ ബേത്തൂര്‍, എല്‍ദോ ഔസേഫ്, ജിന്‍സണ്‍ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Photo Courtesy - Google









