
കൊച്ചി: വൻകിട രാജ്യങ്ങൾക്ക് ഭീഷണിയായി പ്രതിരോധ ഉൽപ്പന്ന കയറ്റുമതിയിൽ ഇന്ത്യ മുൻനിരയിലേക്ക്.നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ താൽപ്പര്യം കാട്ടുന്നു. കുറഞ്ഞ വിലയ്ക്ക് സാങ്കേതിക മേൻമയുള്ള പ്രതിരോധ സാമഗ്രികൾ കിട്ടുമെന്നതാണ് ഈ രാജ്യങ്ങളെ ഇന്ത്യയിലേക്ക് അടുപ്പിക്കുന്നത്. മിസൈലുകളും ഹെലികോപ്ടറുകളും ടാങ്കുകളും തോക്കുകളും ഉൾപ്പെടെ വൈവിധ്യമാർന്ന യുദ്ധസാമഗ്രികളാണ് ഇന്ത്യ നൽകുന്നത്.
2025-2026 സാമ്പത്തിക വർഷം 80 വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ കയറ്റുമതിയിൽ 62.66 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഈ കാലയളവിൽ 38424 കോടി രൂപയുടെ കയറ്റുമതി നടന്നു. ഇതേ കാലയളവിൽ 2024-2025-സാമ്പത്തികവർഷം ഇന്ത്യയുടെ കയറ്റുമതി 23, 622 കോടി രൂപയുടേതായിരുന്നു.14802 കോടി രൂപയുടെ അധികവിൽപ്പന 2025-26 സാമ്പത്തിക വർഷം രേഖപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിൽ
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ( ഡിഫൻസ് പബ്ലിക്ക് സെക്റ്റർ അണ്ടർടേക്കിംഗ്സ് ), സ്വകാര്യ പ്രതിരോധ ഉൽപാദകരുമാണ് ഇന്ത്യയുടെ കയറ്റുമതിക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ 38424 കോടി രൂപയുടെ കയറ്റുമതിയിൽ പൊതുമേഖലയുടേത് 21, 071 കോടി രൂപയും സ്വകാര്യമേഖലയുടേത് 17353 കോടി രൂപയുമാണ്. 151 ശതമാനം വർദ്ധനവാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കൈവരിച്ചത്.
പ്രശംസിച്ച് രാജ്നാഥ്
പ്രതിരോധ കയറ്റുമതിയിലെ കുതിച്ചു ചാട്ടത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ ഉൽപ്പാദക ഹബ്ബായി ഇന്ത്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








