03:16am 04 October 2026
NEWS
ബി.ജെ.പിയെ ജയിപ്പിക്കുന്നത് ഗ്യാനേഷ്‌കുമാറോ? വിശ്വാസ്യത തകർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
03/10/2026  08:33 AM IST
ചെറുകര സണ്ണീലൂക്കോസ്
ബി.ജെ.പിയെ ജയിപ്പിക്കുന്നത് ഗ്യാനേഷ്‌കുമാറോ? വിശ്വാസ്യത തകർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

'മോദിയുടെ പ്രഭാവം കൊണ്ടല്ല ഇപ്പോൾ ബി.ജെ.പി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. അതിനുപിന്നിലെ യഥാർത്ഥ ഹീറോ ഗ്യാനേഷ് കുമാറാണ്. അദ്ദേഹം ബി.ജെ.പിയിൽ ഔദ്യോഗികമായി ചേരുന്നതാണ് നല്ലത്.' സമഗ്ര വോട്ടർപ്പട്ടിക പരിഷ്‌ക്കരണത്തിലുൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനിലെ അഭിപ്രായ ഭിന്നത പുറത്തുവന്നതിനുപിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറിനെതിരെ സമരമുഖം തുറന്നുകൊണ്ട് ക്രോക്രോച്ച് ജനതാപ്പാർട്ടി(സി.ജെ.പി) നേതാവ് അഭിജിത് ദീപ്‌കെ തൊടുത്ത വിമർശനശരങ്ങൾ ബി.ജെ.പിയുടെ നെഞ്ചത്താണ് തറച്ചത്.

'ഗ്യാനേഷ്‌കുമാറാണ് ഏറ്റവും വലിയ രാജ്യദ്രോഹി. ഗ്യാനേഷ്‌കുമാർ ചുമതയേറ്റതിനുപിന്നാലെ ആരു വോട്ടുചെയ്യണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഇത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. മോദിയോട് ഇത്രയേറെ വിധേയത്തമുണ്ടെങ്കിൽ അദ്ദേഹം പദവി രാജിവെച്ച് മോദിയുടെ വാല്യക്കാരനാകണം'. അഭിജിത് ദീപ്‌കെ ആഞ്ഞടിച്ചു.

രാജ്യത്തെ മുഖ്യ ഇലക്ഷൻ കമ്മീഷണറായും (CEC) മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെയും (ECS) നിയമിക്കുന്നതിനുള്ള 1991 ലെ പഴയ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മോദി സർക്കാർ 2023 ൽ പാസാക്കിയ നിയമമാണ് ദി ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് ആക്ട് 2023. ഈ നിയമപ്രകാരം മൂന്നംഗ സമിതിയാണ് കമ്മീഷണർമാരെ നിശ്ചയിക്കുന്നത്. പ്രധാനമന്ത്രിയാണ് ചെയർപേഴ്‌സൺ. കൂടാതെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രകാബിനറ്റ് മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും അംഗങ്ങളും.

അങ്ങനെ മോദിയും അമിത്ഷായും അംഗങ്ങളായ സമിതി നിശ്ചയിച്ച ആദ്യമുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറാണ് ഗ്യാനേഷ്‌കുമാർ, ഗ്യാനേഷ്‌കുമാർ മുഖ്യതിരഞ്ഞെടുപ്പുകമ്മീഷണർ ആയശേഷം വിവാദങ്ങൾ ഒഴിഞ്ഞിട്ടേയില്ല. അദ്ദേഹം കമ്മീഷണർ എന്ന നിലയിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും നടപടികളും ബി.ജെ.പിയുടെ അധികാരസംരക്ഷണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു എല്ലാ ആക്ഷേപങ്ങളുടെയും കാതൽ.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യുന്നതിന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഭൂരിപക്ഷം പ്രമേയം പാസാക്കണം. അതായത് സഭയിലുള്ള ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും വോട്ടുചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയും പ്രമേയത്തിന് വേണം. ഗ്യാനേഷ്‌കുമാറിനെ നീക്കാനുള്ള പ്രമേയം രണ്ടുതവണ പ്രതിപക്ഷം പാർലമെന്റിൽ കൊണ്ടുവന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലുള്ള അവിശ്വാസം എത്ര വലുതാണ് എന്നത് വ്യക്തമാക്കുന്നു.

ഗ്യാനേഷ്‌കുമാർ ഇലക്ഷൻ കമ്മീഷണറായ ശേഷം നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ വോട്ട് തട്ടിപ്പ് നടന്നത് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ശക്തമായ തെളിവുകളുടെ പിൻബലത്തോടെ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങൾക്ക് ഒന്നും തൃപ്തികരമായ വിശദീകരണം നൽകാൻ ഇലക്ഷൻ കമ്മീഷന് സാധിക്കുകയുണ്ടായില്ല.

ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പല തീരുമാനങ്ങളിലും രണ്ട് കമ്മീഷണർമാർ സമയാസമയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായും അവ ഗൗനിക്കപ്പെട്ടില്ലെന്നുമുള്ള രാജ്യത്തെ ഞെട്ടിച്ച വിവരങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് പത്രം പുറത്തുവിട്ടത്. സി.ഇ.സിയും രണ്ട് കമ്മീഷണർമാരുമടങ്ങിയ കമ്മീഷനിൽ ഏതെങ്കിലും തീരുമാനങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായാൽ ഈ മൂവരിൽ രണ്ടുപേരുടെ അഭിപ്രായമായിരിക്കണം തീരുമാനമായി നടപ്പാക്കപ്പെടേണ്ടത് എന്നാണ് നിയമം. എന്നാൽ കമ്മീഷൻ കൈക്കൊണ്ട പല തീരുമാനങ്ങളിലും നടപടികളിലും കമ്മീഷണർമാരായ വിവേക് ജോഷിയും, സുഖ്ബീർ സിങ് സന്ധുവും രേഖാമൂലമുള്ള വിയോജിപ്പ് പ്രകടിപ്പിച്ച വിവരങ്ങൾ പുറത്തുവന്നതാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യത്തെ 26 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ നടത്തി കരടുനടപടികൾ പ്രസിദ്ധീകരിച്ചപ്പോൾ 12 കോടിയിലേറെ വോട്ടർമാരാണ് പുറത്തായത്. എസ്.ഐ.ആറിനുള്ള ഫോം തയ്യാറാക്കിയത് മുതൽ സംഭവിച്ച വീഴ്ചകളാണ് ഇതിനുകാരണം.
തിരഞ്ഞെടുപ്പുകമ്മീഷന്റേതായി പുറത്തുവന്ന പല പരിഷ്‌ക്കാരങ്ങളും നടപടികളും പലതും തങ്ങളുടെ അറിവോ, സമ്മതമോ ഇല്ലാതെയുള്ളവയാണെന്ന് സന്ധുവും വിവേക് ജോഷിയും ചൂണ്ടിക്കാട്ടിയിരുന്നതായാണ് പുറത്തുവന്നത്. വേവ്വേറെ കുറിപ്പുകളിലൂടെ ഇക്കാര്യം ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 

3 അംഗങ്ങൾക്കും തുല്യമായ അധികാരാവകാശങ്ങളാണുള്ളതെങ്കിലും മുഖ്യതിരഞ്ഞെടുപ്പുകമ്മീഷണറായ ഗ്യാനേഷ്‌കുമാറിന്റെ തീരുമാനങ്ങൾ മാത്രമാണ് നടപ്പാക്കുന്നതെന്ന് 10 മാസത്തിനിടെ 14 തവണ കമ്മീഷണർമാർ രേഖാമൂലം നൽകിയ ഭിന്നാഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
വിവാദങ്ങളെ തുടർന്ന് പുറത്തുവന്ന വിവരങ്ങൾ നിഷേധിച്ച് കമ്മീഷൻ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും കമ്മീഷന്റെ പതിവ് വിശദീകരണങ്ങൾ പോലെ ദുർബലമായിരുന്നു വാദങ്ങൾ. വ്യത്യസ്ത വീക്ഷണങ്ങളും നിരീക്ഷണങ്ങളും സ്വാഭാവികമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണ് ഈ അഭിപ്രായങ്ങൾ കമ്മീഷണർമാർ അറിയിച്ചതെന്നുമായിരുന്നു വിശദീകരണം.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട കംപ്യൂട്ടർ സംവിധാനം കമ്മീഷനിലെ ഐ.ടി വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നത് അമ്പരപ്പിക്കുന്നതാണ്. നിയമപരമായി സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലത്തിലെയും വോട്ടർപട്ടികയുടെ ചുമതല ഇ.ആർ.ഒ, ഡി.ഇ.ഒ, സി.ഇ.ജി എന്നിവർക്കാണ്. പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 നൊപ്പം ചില വിവരങ്ങൾകൂടി ഉൾപ്പെടുത്തണെന്ന നിർദ്ദേശം കമ്മീഷനധികാരമുള്ള കാര്യമായിരുന്നില്ല. ബംഗാളിലെ 16 ലക്ഷം വോട്ടർമാരുടെ വോട്ട് വെട്ടിയത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ മാത്രം അറിവോടെയാണെന്നത് ഗുരുതരമായ വിഷയമാണ്. ബംഗാളിലെ കമ്മീഷന്റെ സമീപകാല ഇടപെടലുകളും എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്ന നടപടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും അഭിജിത്ത് ദീപ്‌കെയുടെ നേതൃത്വത്തിൽ സി.ജെ.പിയും സമരരംഗത്ത് ഇറങ്ങിയിട്ടുള്ളത് ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. ഭരണവിരുദ്ധവികാരത്തെ നരേന്ദ്രമോദിയും അമിത്ഷായും വോട്ടുവെട്ടി അട്ടിമറിച്ചെന്ന രാഹുൽഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും ആരോപണം അവർ കൂടുതൽ കടുപ്പിക്കുകയാണ്.

ഗ്യാനേഷ്‌കുമാർ രാജിവയ്ക്കുക എന്നതാണ് പ്രതിപക്ഷ ആവശ്യം. എസ്.ഐ.ആർ നടപടിക്രമം മരവിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ബി.ജെ.പി ഈ ആവശ്യങ്ങൾക്ക് വഴങ്ങാനിടയില്ല. ഇക്കാര്യങ്ങളിൽ ജുഡീഷ്യറിയുടെ നിലപാടാകും നിർണ്ണായകമാകുക. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img