
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായി പ്രവര്‍ത്തനരഹിതമായ ഒരവസ്ഥയിലേക്ക് എത്തുന്നതിനെ നാം സ്ഥായിയായ വൃക്ക സ്തംഭനം അഥവാ എന്‍ഡ്‌സ്റ്റേജ് റീനല്‍ ഡിസീസ് (ESRD) എന്നു പറയും. ഈ സാഹചര്യത്തില്‍ രക്തത്തെ ശുദ്ധീകരിക്കാനുള്ള ശേഷി വൃക്കകള്‍ പൂര്‍ണമായും നഷ്ടപ്പെടുകയും ശരീരത്തില്‍ ദ്രാവകങ്ങളും പാഴ് വസ്തുക്കളും മാരകമായ തോതില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടു മാര്‍ഗ്ഗങ്ങളെ നമ്മുടെ മുന്നിലുള്ളൂ. ഒന്ന് വൃക്ക മാറ്റിവയ്ക്കലും മറ്റേത് ഡയാലിസിസും (രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ ആണ്).
സ്ഥായിയായ വ്യക്ക സ്തംഭനത്തിനുള്ള ഏറ്റവും ഉചിതമായ ചികിത്സ വൃക്ക മാറ്റി വയ്ക്കലാണ്. വൃക്ക മാറ്റിവയ്ക്കുന്നതിന് അതിന്റേതായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉണ്ട്. വ്യക്ക മാറ്റിവയ്ക്കാന്‍ തീരുമാനിച്ചാല്‍ പോലും അത് സാദ്ധ്യമാകുന്നത് വരെ ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കും.
ഡയാലിസിസ് രണ്ടുതരം
1. രക്ത ഡയാലിസിസ് (ഹീമോ ഡയാലിസിസ് - HD)
2. കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ് - CAPD.
ഹീമോ ഡയാലിസിസ് (HD)
രക്തം പുറത്തേക്ക് വലിച്ചെടുത്ത് കൃത്രിമ വൃക്കയിലൂടെ (Dialyzer) കടത്തിവിട്ട് ശുദ്ധീകരിച്ച് തിരിച്ച് ശരീരത്തിലേക്കു തന്നെ കയറുന്ന ഒരു പ്രക്രിയയാണിത്. ഹീമോഡയാലിസിസ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യണം. ഓരോ ഡയാലിസിസും നാലുമണിക്കൂറുകളോളം നീണ്ടു നില്‍ക്കും. സാധരണയായി ആശുപത്രിയില്‍ ആണ് ഹീമോ ഡയാലിസിസ് ചെയ്യുന്നത്. എന്നാല്‍ വീട്ടില്‍ ചെയ്യുന്ന രീതിയും (Home Hemodialysis) നിലവിലുണ്ട്. എന്നാല്‍ ഇതിനായി വീട്ടില്‍ മെഷീനും ഇതിനുള്ള ശുദ്ധീകരിച്ച വെള്ളവും കരുതേണ്ടതായിട്ടുണ്ട്. വില കൂടിയതിനാല്‍ ഇന്ത്യയില്‍ ഈ രീതി സുലഭമല്ല.
അല്‍പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്. രോഗിയുടെ ശരീരത്തില്‍ വച്ചു തന്നെ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണിത്. ഈ പ്രക്രിയ നടക്കുന്നത് ഉദരത്തിനകത്തുള്ള പെരിട്ടോണിയല്‍ കാവിറ്റിയിലാണ്.
പെരിട്ടോണിയം അഥവാ പെരിട്ടോണിയല്‍ മെംബ്രെയിന്‍ എന്നു വിളിക്കപ്പെടുന്ന ഒരു നേര്‍ത്ത സ്തരം ഉദരഭിത്തിയെയും ഉദരത്തിനുള്ളില്‍ ഉള്ള അവയവങ്ങളെയും പൊതിയുന്നു. ഈ സ്തരം അര്‍ത്ഥ പ്രവേശ്യമാണ് (Semi-permeable). അതായത് തന്നിലൂടെ ചില വസ്തുക്കളെ മാത്രമേ കടത്തിവിടുകയുള്ളൂ. അനേകം ചെറുദ്വാരങ്ങള്‍ ഈ സ്തരത്തില്‍ ഉണ്ട്. പാഴ് വസ്തുക്കളെ അരിച്ചു നീക്കാന്‍ ഇത് സഹായിക്കുന്നു.
CAPD നടപടിക്രമം
ആശുപത്രിയില്‍ വച്ചാണ് CAPD തുടങ്ങുന്നത്. ഇതിനായി ഒരു ട്യൂബ് (CAPD കത്തീറ്റര്‍) രോഗിയുടെ ഉദരഭിത്തി വഴി പെരിട്ടോണിയല്‍ കാവിറ്റിയിലേക്ക് കടത്തുന്നു.
ഇതിനായി മൂന്നുതരം ശസ്ത്രക്രിയ ഉണ്ട്.
1. തുറന്ന് ശസത്രക്രിയ (Open Surgery)
2. താക്കോല്‍ദ്വാര ശസ്ത്രക്രിയ (Keyhole Surgery)
3. Bedside ചെയ്യുന്ന പെര്‍ക്യൂട്ടേനിയസ് കത്തീറ്റര്‍ ഇന്‍സേര്‍ഷന്‍
ഇതില്‍ മൂന്നാമത് സൂചിപ്പിച്ചത് ഐ.സി.യുവില്‍ വച്ച് നെഫ്രോളജിസ്റ്റ് തന്നെ തൊലിപ്പുറം മരവിപ്പിച്ച് ചെയ്യുന്ന ലളിതമായ ശസ്ത്രക്രിയയാണ്. ഇങ്ങനെ ചെയ്താല്‍ തിയറ്റര്‍ ചിലവും അനസ്‌തേഷ്യയുടെ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.
CAPD കത്തീറ്റര്‍ ശരീരത്തില്‍ വച്ചു പിടിപ്പിച്ചു കഴിഞ്ഞാല്‍ ഏകദേശം പത്തു ദിവസത്തോളം ആശുപത്രിയില്‍ നിന്ന് CAPD ചെയ്യുന്നതെങ്ങനെയെന്നുള്ള പരിശീലനം നേടേണ്ടി വരും. ഇതിനായി നെഫ്രോളജിസും പരിചയ സമ്പത്തുള്ള CAPD ടെക്‌നീഷ്യനും സഹായിക്കും.
CAPD ചെയ്യുന്നത് എങ്ങനെ?
ഡയാലിസേറ്റ് (ഡയാലിസിസ് ദ്രാവകം) CAPD കത്തീറ്റര്‍ വഴി ഉദരത്തില്‍ നിറയ്ക്കുന്നു. ഒരു സമയത്ത് 2-3 ലിറ്റര്‍ വരെ നിറയ്ക്കാം. ഒരു നിശ്ചിത സമയം ഈ ദ്രാവകം (2-6 മണിക്കൂര്‍) ഉദരത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
ഈ സമയം രോഗിയുടെ ശരീരത്തിലെ പാഴ് വസ്തുക്കളും അധിക ദ്രാവകങ്ങളും രക്തത്തില്‍ നിന്ന് പെരിട്ടോണിയം വഴി ഡയാലിസിറ്റിലേക്ക് ഊര്‍ന്നിറങ്ങുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഈ ദ്രാവകം പുറത്തേയ്ക്ക് ഒഴുക്കുന്നു. മുകളില്‍ പറഞ്ഞ പ്രക്രിയയെ എക്‌സ്‌ചേഞ്ച് എന്നാണ് പറയുന്നത്. ഒരു രോഗിക്ക് ശരാശരി ഒരു ദിവസം രണ്ടു മുതല്‍ നാല് എക്‌സ്‌ചേഞ്ചുകള്‍ വരെ നടത്തേണ്ടതായി വരാം.
പലതരത്തിലുള്ള ഡയാലിസിസ് ദ്രാവകങ്ങള്‍ ഉണ്ട് (1.5%, 2.5%, 4.5%). ഒരു രോഗിക്ക് ഒരു ദിവസം എത്ര എക്‌സ്‌ചേഞ്ച് വേണമെന്നും ഏതുതരം ഡയാലിസേറ്റ് ഉപയോഗിക്കണമെന്നും പരിചരിക്കുന്ന നെഫ്രോളജിസ്റ്റ് തീരുമാനിക്കും.
CAPD ചെയ്യുന്നതിന് മുമ്പായി രോഗിയുടെ ശുശ്രൂഷകന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1. വൃത്തിയും വെടിപ്പുമുള്ള ഒരു മുറി ഇതിനായി വീട്ടില്‍ തയ്യാറാക്കണം.
2. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും കാര്യങ്ങള്‍ സാമാന്യ രീതിയില്‍ മനസ്സിലാക്കാന്‍ ശേഷിയും ഉള്ള ഒരു ശുശ്രൂഷകന്‍ വേണം (അത് ജീവിത പങ്കാളിയോ, മാതാപിതാക്കളോ, മക്കളോ ആകാം).
3. CAPD ദിവസവും ചെയ്യേണ്ട ഒരു പ്രക്രിയയാണ്. അത് ഒരു ദിവസം പോലും മുടങ്ങാതെ ചെയ്യാനുള്ള ആത്മസമര്‍പ്പണവും മാനസിക സന്നദ്ധതയും തുടക്കത്തിലേ വേണം.
CAPD എത്ര തരമുണ്ട്?
രണ്ടുതരം
1. മെഷീന്‍ സഹായമില്ലാതെ നിര്‍വ്വഹിക്കപ്പെടുന്ന CAPD
2. മെഷീനിന്റെ സഹായത്തോടെ നിര്‍വ്വഹിക്കപ്പെടുന്ന ഓട്ടോമേറ്റഡ് പെരിടോണിയല്‍ ഡയാലിസിസ്.
മെഷീന്റെ സഹായമില്ലാതെ ചെയ്യുന്ന CAPD
സര്‍വ്വസാധാരണയായി ചെയ്യുന്ന CAPD രീതിയാണിത്. നേരത്തേ പറഞ്ഞതുപോലെ ഉദരത്തിനുള്ളിലേക്ക് ദ്രാവകം നിറയ്ക്കുന്നത് രോഗിയോ അടുത്ത ശുശ്രൂഷകനോ ആയിരിക്കും. വയറിനുള്ളില്‍ ദ്രാവകം നിറയ്ക്കുന്ന സമയത്ത് രോഗി കസേരയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം. ഡയാലിസേറ്റ് നിറച്ച് ബാഗ് രോഗിയേക്കാള്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു കമ്പിയിലെ കൊളുത്തില്‍ തൂക്കിയിടുന്നു. ഈ ബാഗ് ട്യൂബിംഗ് വഴി കത്തീറ്റുമായി ബന്ധിച്ചിരിക്കും. ബാഗ് തുറക്കുമ്പോള്‍ രോഗിയുടെ ഉദരത്തിനുള്ളില്‍ ദ്രാവകം നിറയും. നിറഞ്ഞു കഴിയുമ്പോള്‍ കത്തീറ്റും ബാഗുമായുള്ള ബന്ധം വേര്‍പെടുത്താം. 2-6 മണിക്കൂര്‍ ഈ ദ്രാവകം ഉദരത്തിനുള്ളില്‍ നിലനില്‍ക്കും. ഈ ഇടവേളയെ ഡില്‍ സമയം എന്നു പറയുന്നു. ഈ സമയം രോഗിക്ക് സാധാരണ പ്രവര്‍ത്തികളിലും ജോലിക്കും യാത്രയിലും ഏര്‍പ്പെടാം. നിശ്ചിത ഇടവേള കഴിഞ്ഞാല്‍ ഈ ദ്രാവകം ഒരു ഒഴിഞ്ഞ ബാഗിലേക്ക് തുറന്നുവിടുന്നു. അത് ടോയ്‌ലറ്റില്‍ ഒഴിച്ചുകളയുന്നു. ഡയാലിസിസ് ദ്രാവകം ശരീരത്തിലേക്ക് കടത്തിവിടാന്‍ പത്ത് മിനിറ്റും പുറത്തേക്ക് കളയുവാനുള്ള സമയം 30 മിനിറ്റും ആണ്.
APD (ഓട്ടോമോഡ് പെരിട്ടോണിയല്‍ ഡയാലിസിസ്)
CAPD യുടെ മറ്റൊരു വകഭേദമാണ് APD. ഇത് രാത്രിയില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. ഡയാലിസിസ് ട്യൂബും ദ്രാവകവും സൈക്‌സര്‍ എന്നറിയപ്പെടുന്ന, കൊണ്ടു നടക്കാന്‍ കഴിയുന്ന ഒരു ചെറിയ മെഷീനുമായി ഘടിപ്പിക്കുന്നു. ഈ മെഷീന്‍ രോഗി ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ എക്‌സ്‌ചേഞ്ച് നടത്തുന്നു (അതായത് ദ്രാവകം അകത്തേക്ക് നിറയ്ക്കുകയും പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുന്ന പ്രക്രിയ). ഇതിനായി മെഷീനും ദ്രാവകവും കിടക്കയുടെ സമീപത്തായി വയ്ക്കാം.
പകല്‍ മുഴുവന്‍ രോഗി സ്വതന്ത്രമായിരിക്കും. മിക്ക രോഗികള്‍ക്കും രാവിലെ മെഷീനില്‍ നിന്ന് ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ദ്രാവകം ഉദരത്തിനുള്ളില്‍ നിറയ്ക്കുന്നു. അടുത്ത എക്‌സ്‌ചേഞ്ച് വരെ ഈ ദ്രാവകം വയറിനുള്ളില്‍ത്തന്നെ നില്‍ക്കും.
ഹീമോ ഡയാലിസിസും CAPDയും
1. ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോയി ഓരോ പ്രാവശ്യവും നാലു മണിക്കൂര്‍ ചിലവഴിക്കേണ്ടി വരുന്നത് ഒരു രോഗിക്ക് മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ്. ജോലിയുള്ളവരാണെങ്കില്‍ രോഗിയും പരിചരിക്കുന്ന ആളും ആ ദിവസങ്ങളില്‍ മിക്കവാറും അവധിയെടുക്കേണ്ടി വരും. ആശുപത്രിയിലേക്കുള്ള യാത്രാചിലവ് വേറെ. സര്‍വോപരി സ്ഥിരമായി ആശുപത്രി കയറിയിറങ്ങുന്നത് ഏതൊരു വ്യക്തിയേയും വിഷാദ രോഗത്തിലേക്ക് നയിക്കാവുന്ന ഒരു സാഹചര്യം സൃഷ്ടിച്ചേക്കാം.
2. കൈകളിലെ രക്തക്കുഴലുകള്‍ക്ക് വേണ്ടത്ര വലിപ്പമില്ലെങ്കില്‍ ഹീമോ ഡയാലിസിസിന് ആവശ്യമായ ആള്‍ട്ടീരിയോ വീനസ് ഫിസ്റ്റുല എന്ന ശസ്ത്രക്രിയ ചെയ്യാന്‍ സാധ്യമല്ല. ഇത്തരം രോഗികള്‍ക്ക് CAPD അനിവാര്യമായി വരും.
3. CAPD ദിവസവും ചെയ്യുന്നതിനാല്‍ രക്തത്തിലെ അധിക ജലാംശവും മാലിന്യങ്ങളും തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടുന്നു. ഇത് രോഗികള്‍ക്ക് കുറേക്കൂടി ആശ്വാസവും നല്‍കുന്നു.
4. ഹീമോ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് രക്തം വഴി പകരുന്ന എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി സി മുതലായ അണുബാധകള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. CAPD തുടര്‍ന്നു ചെയ്യാന്‍ സൂചികളുടെ ഒന്നും ആവശ്യം ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാദ്ധ്യത കുറവാണ്.
5. ഹീമോ ഡയാലിസിസ് താങ്ങാനുള്ള ആരോഗ്യശേഷി ഇല്ലാത്ത ഹൃദ്രോഗികള്‍ക്ക് CAPD തിരഞ്ഞടുക്കാവുന്നതാണ്.
6. വളരെ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും CAPD ഒരു നല്ല ഡയാലിസിസ് മാര്‍ഗ്ഗമാണ്.
7. CAPD ചെയ്യുമ്പോള്‍ ചികിത്സയില്‍ രോഗിയുടെ ഉത്തരവാദിത്വവും സജീവമായ ഇടപെടലും കൂടുതലാണ്. പരസഹായം തേടേണ്ടി വരുന്നത് കുറവാണ്. ഇത് രോഗിയില്‍ ആത്മ സംതൃപ്തിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.
CAPD യുടെ ന്യൂനതകള്‍ എന്തെല്ലാമാണ്?
1. വളരെ ഉത്തരവാദിത്വത്തോടു കൂടി എല്ലാ ദിവസവും ചെയ്യേണ്ട ഒരു നടപടിക്രമമാണ് CAPD. ഈ ചിന്ത ചിലപ്പോള്‍ ഒരു ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും.
2. സ്ഥിരമായി കത്തീറ്റര്‍ ശരീരത്തില്‍ ഇരിക്കുന്നത് ചില രോഗികള്‍ക്കെങ്കിലും ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടാക്കാവുന്നതാണ്.
3. നല്ല വൃത്തിയായി എക്‌സ്‌ചേഞ്ചുകള്‍ ചെയ്തില്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.
CAPD ചെയ്യുന്നത് നിത്യജീവിതത്തെ എത്രത്തോളം ബാധിക്കും?
നിത്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ഡയാലിസിസ് രീതിയാണ് CAPD. ജോലിക്ക് പോകാന്‍ സാധിക്കും. വ്യായാമം ചെയ്യാനും യാത്ര ചെയ്യാനും സാധാരണ രീതിയില്‍ ലൈംഗിക ജീവിതം മുന്നോട്ടു കൊണ്ടു പോകാനും സാധിക്കും.
CAPD ചിലവ് കുറഞ്ഞ മാര്‍ഗ്ഗമാണോ?
CAPD യുടെ മാസ ചിലവ് ഏകദേശം 15000 - 20000 വരെ ആകും. ആദ്യ നോട്ടത്തില്‍ ഇത് ഹീമോ ഡയാലിസിസിനെ അപേക്ഷിച്ച് ചിലവ് കൂടിയത് ആണെന്ന് തോന്നുമെങ്കിലും ആശുപത്രിയില്‍ പോയി വരുന്നതിന്റെ ചിലവും കൂട്ടിരിപ്പുകാരുടെയും രോഗിയുടെയും സൗകര്യവും എല്ലാ വിലയിരുത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ഹീമോ ഡയാലിസിസിനെക്കാള്‍ നല്ലൊരു ഒപ്ഷന്‍ ആയി CAPD തിരഞ്ഞെടുക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണ്ണമായും വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചവര്‍ക്ക് ഒരു അനുഗ്രഹമായി വന്നുചേര്‍ന്നിട്ടുള്ള ഒരു ഡയാലിസിസ് രീതിയാണ് CAPD. എന്തുകൊണ്ടോ ഹീമോ ഡയാലിസിസിന്റെ അത്രയും അറിവ് രോഗികളുടെ ഇടയില്‍ CAPD യെക്കുറിച്ച് ഇല്ല. ആയതിനാല്‍ വളരെയധികം പരീക്ഷിക്കപ്പെടാത്ത എന്നാല്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഡയാലിസിസ് രീതിയാണ് CAPD. കൂടുതല്‍ രോഗികളിലേക്ക് ഈ ചികിത്സാ രീതി എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം.
Dr. Jacob George
Senior Consultant Nephrologist
SUT Hospital, Pattom











