
മാർക്കോ റൂബിയോയെ ക്യൂബയുടെ പ്രസിഡന്റാക്കണമെന്ന സോഷ്യൽ മീഡിയയിലെ നിർദ്ദേശത്തോട് ‘അത് നല്ല ആശയമായി തോന്നുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വാഷിങ്ടൺ: ക്യൂബയ്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബക്ക് നൽകിപ്പോന്നിരുന്ന വെനസ്വേലൻ സഹായം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്ത് അമേരിക്കയിൽ എത്തിച്ചതിന് പിന്നാലെയാണ് ക്യൂബയെ ലക്ഷ്യമിട്ട് ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയിൽ നിന്ന് ഇതുവരെ ലഭിച്ചിരുന്ന എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നതിന് മുമ്പ് അമേരിക്കയുമായി ധാരണയിലെത്തണമെന്നും ട്രംപ് ക്യൂബയ്ക്ക് അന്ത്യശാസനവും നൽകി.
വർഷങ്ങളായി വെനസ്വേല നൽകിയിരുന്ന എണ്ണയും പണവുമാണ് ക്യൂബൻ ഭരണകൂടത്തിന്റെ നിലനില്പിന് അടിസ്ഥാനമായിരുന്നതെന്ന് ട്രംപ് ആരോപിച്ചു. ഇതിന് പകരമായി ക്യൂബ വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇനി മുതൽ വെനസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് ഒരു തുള്ളി എണ്ണയോ ഒരു ഡോളറോ പോലും പോകില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.
വെനസ്വേലയെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക തന്നെ നിലവിലുണ്ടെന്നും, അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ സഹായം അവർക്കാവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന യുഎസ് ആക്രമണത്തിൽ വെനസ്വേലയിലുണ്ടായിരുന്ന ഭൂരിഭാഗം ക്യൂബൻ സൈനികരും കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ക്യൂബ ഗുരുതരമായ സാമ്പത്തിക–രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും രാജ്യം തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. നിക്കോളാസ് മഡൂറോയുടെ ഭരണകൂടം നിലനിൽക്കാൻ പിന്നിൽ ക്യൂബയാണെന്നും മാർക്കോ റൂബിയോ കുറ്റപ്പെടുത്തി. എന്നാൽ ക്യൂബ സ്വാഭാവികമായിത്തന്നെ തകർന്നേക്കാമെന്ന സാഹചര്യത്തിൽ ഇപ്പോൾ സൈനിക നടപടി അനിവാര്യമാണെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.
ഇതിനിടെ, മാർക്കോ റൂബിയോയെ ക്യൂബയുടെ പ്രസിഡന്റാക്കണമെന്ന സോഷ്യൽ മീഡിയയിലെ നിർദ്ദേശത്തോട് ‘അത് നല്ല ആശയമായി തോന്നുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ക്യൂബൻ സിഗാറുകൾ, ക്യൂബയിൽ നിന്നുള്ള കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും ട്രംപ് തന്റെ കുറിപ്പുകളിൽ പരാമർശിച്ചു.
വെനസ്വേലയിൽ അമേരിക്ക നടത്തിയ റെയ്ഡും പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ലാറ്റിൻ അമേരിക്കയിൽ ശക്തമായ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്യൂബയ്ക്കെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിക്കുന്നത്.











