
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ കഴിഞ്ഞ ദിവസങ്ങളായി ആശങ്കയുണർത്തിയിരുന്ന കല്ലറ ദുരൂഹതയ്ക്ക് ഒടുവിൽ വിരാമമായി. 38-ാം നമ്പർ കല്ലറ തുറന്ന് നടത്തിയ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹങ്ങളിലൊന്നിന്റെ ശവപ്പെട്ടിക്കുള്ളിലുണ്ടായിരുന്ന പായ കാലക്രമേണ പുറത്തേക്ക് വന്നതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട സംശയങ്ങൾ നീങ്ങിയത്.
കഴിഞ്ഞ ആഴ്ച മറ്റൊരു സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കു പുറത്തായി അസ്വാഭാവിക രീതിയിൽ പായ കാണപ്പെട്ടത്. രേഖകൾ പരിശോധിച്ചപ്പോൾ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് സംസ്കരിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് ദുരൂഹത നീക്കുന്നതിനായി പള്ളി അധികൃതർ തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ആർഡിഒയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ കല്ലറ വീണ്ടും തുറന്ന് പരിശോധന നടത്തി. സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് ഉൾപ്പെടെയുള്ളവരും പരിശോധനയിൽ പങ്കെടുത്തു.
ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കുന്ന പതിവില്ലാത്തതിനാൽ സംശയം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ പള്ളി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കല്ലറയുടെ രേഖകൾ പരിശോധിച്ചപ്പോൾ 2006-ലും 2015-ലുമായി രണ്ട് സംസ്കാരങ്ങൾ മാത്രമാണ് ഇവിടെ നടന്നതെന്ന് കണ്ടെത്തി. 2006-ൽ സംസ്കരിക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ ഇപ്പോഴും ഇടവകയിൽ താമസിക്കുന്നവരായിരുന്നു. 2015-ൽ സംസ്കരിക്കപ്പെട്ട ജെയിംസ് എന്ന വ്യക്തിയുടെ കുടുംബം പിന്നീട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ജെയിംസിന്റെ ഭാര്യയെ സ്ഥലത്തെത്തിച്ച് കല്ലറയുടെ വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഒടുവിൽ നടത്തിയ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു മറ്റൊരു മൃതദേഹമല്ലെന്ന് വ്യക്തമായതോടെ സെമിത്തേരിയെ ചുറ്റിപ്പറ്റിയിരുന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി.










