
കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ മികച്ച അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അൻഷാദിനെ കോടതി പ്രത്യേകം അഭിനന്ദിച്ചു. അൻഷാദിന് സർക്കാർ അംഗീകാരം നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂട്ടറുടെയും പോസ്റ്റ്മോർട്ടം നടത്തിയ സർജന്റെയും പ്രവർത്തനങ്ങളെയും കോടതി പ്രശംസിച്ചു. കേസിന്റെ അന്വേഷണ പശ്ചാത്തലം പിന്നീട് 'ഉയിർ' എന്ന സിനിമയ്ക്കും പ്രമേയമായിരുന്നു.
2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടോടി സ്ത്രീയായ ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റിൽ തള്ളിയതാണെന്ന് വ്യക്തമായി. ശോഭയുടെ രണ്ടാം ഭർത്താവായ മഞ്ജുനാഥായിരുന്നു കേസിലെ പ്രതി. കൊലപാതകം നടന്ന ദിവസം തന്നെ ശോഭയുടെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇയാൾ നാടുവിട്ടു.
മൈസൂരുവും ബെംഗളൂരുവും കടന്ന് കുട്ടികളുമായി മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മഞ്ജുനാഥ്, വഴിമധ്യേ ഇരുവരെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്ക് സമീപം ബെഡ്ഷീറ്റ് വിരിച്ച് തന്നെയും അനിയത്തിയെയും കിടത്തിയശേഷം ഇയാൾ പോയെന്നാണ് അന്ന് അഞ്ചുവയസുകാരനായിരുന്ന ആൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്. അനിയത്തി വിശന്ന് കരഞ്ഞപ്പോൾ ഒരു സ്ത്രീ ഭക്ഷണം നൽകിയെന്നും പിന്നീട് പൊലീസെത്തി ഇരുവരെയും ഹോസ്റ്റലിലേക്ക് മാറ്റിയെന്നും കുട്ടി മൊഴി നൽകി.
അമ്മയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്ന കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ കണ്ടെത്താൻ അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രൊബേഷൻ എസ്.ഐ. അൻഷാദ് നടത്തിയ ഇടപെടലും കേസിൽ വഴിത്തിരിവായി. മുംബൈയിലെത്തി അന്വേഷണം നടത്തിയാണ് അദ്ദേഹം കുട്ടികളെ കണ്ടെത്തിയത്.
മഞ്ജുനാഥിനെ ചോദ്യം ചെയ്തതോടെയാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്. രാജുവിനെ ശോഭയും താനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചെന്നും മഞ്ജുനാഥ് പൊലീസിനോട് വെളിപ്പെടുത്തി. രാജുവിന്റെ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറയുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതോടെയാണ് അവരെയും കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി.
കേസിലെ നിർണായക വഴിത്തിരിവായ കുട്ടികളെ കണ്ടെത്തിയതും അന്വേഷണത്തിന് ശക്തമായ ദിശാബോധം നൽകിയതും അൻഷാദിന്റെ ഇടപെടലായിരുന്നു. നിലവിൽ തൃശൂർ ഈസ്റ്റ് സി.ഐ.യായ അൻഷാദാണ് കുട്ടികളെ ഇപ്പോഴും സംരക്ഷിക്കുന്നത്.










