09:47pm 22 October 2026
NEWS
തൃശ്ശൂരിൽ ഇറീഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
18/03/2025  08:25 AM IST
nila
തൃശ്ശൂരിൽ ഇറീഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്

തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് ഇറീഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ഷാജൂട്ടൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 500 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതിയിൽ പറയുന്നത്. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ആയിരക്കണക്കിനാളുകളിൽനിന്ന്ായി വൻ ലാഭം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ സ്വീകരിച്ചതായാണ് പരാതി. ഒരുലക്ഷംമുതൽ 25 ലക്ഷംവരെയാണത്രെ ആളുകൾക്ക് നഷ്ടമായത്.

ഇന്ത്യയിൽ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തിൽ നിക്ഷേപം നടത്തിയാൽ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നുമായിരുന്നു വാ​ഗ്ദാനം. ഇത്തരത്തിൽ 500 കോടിയോളം രൂപ സമാഹരിച്ചെന്ന് പരാതിയിൽ പറയുന്നു. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസിയൊട്ടിച്ച് താഴെ ഒപ്പിട്ടുനൽകും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറൻസിയാണ് ഒട്ടിക്കുന്നത്. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കിൽ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.

റിസർവ് ബാങ്കുമായാണ് ഇടപാടെന്നാണ് തട്ടിപ്പുകാർ ഇരകളെ പറഞ്ഞുവിശ്വസിപ്പിക്കുന്നത്. നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസർവ് ബാങ്കിന്റെ വ്യാജ രേഖയും ഇവർ നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവർക്ക് കമ്മിഷൻ നൽകിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളിൽ യോഗം ചേർന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകൾ സഹിതമാണ് പരാതി. അതേസമയം, തട്ടിപ്പിന് ഇരയായവർ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img