
ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെയാണ് ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ഇറാൻ നൽകുന്ന മറുപടി ശത്രുക്കൾക്ക് ഒരിക്കലും മറക്കാനാകാത്തതായിരിക്കുമെന്ന് വഹീദി പറഞ്ഞു. കുറ്റവാളികൾക്ക്, പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അമേരിക്കൻ സൈന്യത്തിന് അർഹമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്തസാക്ഷികൾക്കുള്ള പ്രതികാരം ഉറപ്പാക്കുകയും ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമാനുസൃതമായി ശിക്ഷിക്കുകയും ചെയ്യുക എന്നത് ഇറാന്റെ പ്രതിബദ്ധതയായി തുടരുമെന്നും വഹീദി വ്യക്തമാക്കി. ഖമനേയിയെ വധിച്ചതിലൂടെ പ്രതിരോധ മുന്നണിയുടെ പോരാട്ടവീര്യം തകർക്കാനാകില്ലെന്നും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും അത് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന തയ്യാറാക്കിയിട്ടുണ്ടെന്ന വിവരങ്ങൾ ഇസ്രയേൽ അമേരിക്കയുമായി പങ്കുവെച്ചതായി അമേരിക്കൻ മാധ്യമങ്ങളായ വാൾ സ്ട്രീറ്റ് ജേണൽ, സിഎൻഎൻ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാൻ തന്നെ ലക്ഷ്യമിടുകയാണെന്നും അവരുടെ പ്രധാന ലക്ഷ്യം താനാണെന്നും ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം "ട്രംപിന്റെ മരണം" എന്ന് മുദ്രാവാക്യം മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.










