11:27am 29 April 2026
NEWS
ഇറാനിൽ അധികാരം പരമോന്നത നേതാവിൽ നിന്നും സൈനിക നേതൃത്വത്തിലേക്ക്
29/04/2026  06:46 AM IST
nila
ഇറാനിൽ അധികാരം പരമോന്നത നേതാവിൽ നിന്നും സൈനിക നേതൃത്വത്തിലേക്ക്

ടെഹ്റാൻ: ഇറാന്റെ ഭരണരംഗത്ത് ഗൗരവമായ മാറ്റങ്ങൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ പരമോന്നത നേതാവിന്റെ  അധികാരം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ മുൻതൂക്കം നേടുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നു. രണ്ട് മാസമായി തുടരുന്ന അമേരിക്ക–ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാനിലെ ഭരണകാര്യങ്ങളിൽ ഇത്തരമൊരു മാറ്റമെന്നാണ് റിപ്പോർട്ട്. 

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യത്തെ നിർണായക തീരുമാനങ്ങൾ പരമോന്നത നേതാവിന്റെ കൈകളിലായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ അധികാരം സൈനിക നേതൃത്വത്തിലേക്ക് മാറിയതായി വിലയിരുത്തപ്പെടുന്നു. മുൻ നേതാവ് അയത്തുള്ള അലി ഖമനെയിയുടെ മരണത്തിന് പിന്നാലെ അധികാരത്തിലെത്തിയ മുജ്‌തബ ഖമനെയിക്ക് പിതാവിനെപ്പോലെ ഏകാധിപത്യപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോൾ പ്രധാനമായും സൈനിക കമാൻഡർമാരാണ് നയരൂപീകരണത്തിൽ മുൻപന്തിയിൽ. അവരുടെ തീരുമാനങ്ങൾക്ക് ഔപചാരിക അംഗീകാരം നൽകുന്ന നിലയിലേക്കാണ് പുതിയ നേതൃത്വത്തിന്റെ പങ്ക് ചുരുങ്ങിയതെന്നും വിലയിരുത്തൽ. ഇതോടെ അമേരിക്കയുമായി നടക്കുന്ന നയതന്ത്ര ചർച്ചകളിൽ ഇറാൻ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുന്നതായും, സമാധാനശ്രമങ്ങൾ മന്ദഗതിയിലായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, ഏകോപിതമായ രാഷ്ട്രീയ നേതൃത്വം ഇല്ലായ്മ നയതന്ത്ര പ്രതികരണങ്ങളിൽ വൈകല്യം സൃഷ്ടിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മതനേതൃത്വത്തിൽ നിന്ന് സൈനിക–സുരക്ഷാ സംവിധാനത്തിലേക്കുള്ള ഈ അധികാരമാറ്റം, മേഖലയിലെ ഭാവി രാഷ്ട്രീയ–സൈനിക സമവാക്യങ്ങളെ കാര്യമായി സ്വാധീനിക്കാനിടയുണ്ടെന്നാണ് നിരീക്ഷണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img