
റിയാദ്/ദോഹ : മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ വെറുമൊരു സംഘർഷാവസ്ഥയല്ലെന്നും, അത് ജി.സി.സി-ഇറാൻ ബന്ധത്തിലെ അപകടകരമായ ഒരു വഴിത്തിരിവാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പ്രസ്താവിച്ചു. റിയാദിൽ ജി.സി.സി അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കടുത്ത ഭാഷയിൽ ഇറാനെ വിമർശിച്ചത്.
ഇറാൻ മനഃപൂർവം ജി.സി.സി രാജ്യങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കവും കപ്പലുകൾക്ക് നികുതി ഏർപ്പെടുത്തുന്നതും അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ലോകത്തെ ക്രൂഡ് ഓയിൽ ഉൽപാദനത്തിന്റെ 22 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നാണെന്നും, ഈ മേഖലയിലെ അസ്ഥിരത ആഗോള വിപണിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടായിട്ടും ജി.സി.സി രാജ്യങ്ങൾ ഇതുവരെ സംയമനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











