
ദോഹ: ഇറാൻ ഇന്ന് ഖത്തറിന് നേരെ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താക്കൾ സ്ഥിരീകരിച്ചു.
ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി വന്ന 65 ബാലിസ്റ്റിക് മിസൈലുകളിൽ 63 എണ്ണവും ഖത്തർ സായുധ സേന തകർത്തു.അയക്കപ്പെട്ട 12 ഡ്രോണുകളിൽ 11 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടു.
ആക്രമണത്തിന്റെ തീവ്രത കാരണം രണ്ട് മിസൈലുകൾ അൽ ഉദൈദ് എയർ ബേസിലും ഒരു ഡ്രോൺ റഡാർ സംവിധാനത്തിന് അരികിലും പതിച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല.ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് 8 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേർ ചികിത്സയിലാണ് (ഒരാളുടെ നില ഗുരുതരമാണ്). ബാക്കി നാല് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ചില പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മിസൈൽ അവശിഷ്ടങ്ങൾ വീണതുമായി ബന്ധപ്പെട്ട 114 പരാതികൾ അധികൃതർ കൈകാര്യം ചെയ്തു.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയംപൊതുജനങ്ങളോട് നിർദ്ദേശിച്ചു.ആക്രമണത്തിന്റെ ദൃശ്യങ്ങളോ നാശനഷ്ടങ്ങളുടെ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്. ഇത് നിയമനടപടികൾക്ക് കാരണമാകും.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ സായുധ സേന സജ്ജമാണെന്നും ആധുനിക നിരീക്ഷണ സംവിധാനങ്ങൾ വഴി സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന്
രാവിലെ നടന്ന വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മുഫ്താഹ്, പ്രതിരോധ മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് കേണൽ നാസർ മുഹമ്മദ് അൽ കുബൈസി, വിദേശകാര്യ മന്ത്രാലയത്തിലെ ഇബ്രാഹിം സുൽത്താൻ അൽ ഹാഷ്മി എന്നിവർ പങ്കെടുത്തു.











