
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. എന്നാൽ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽവച്ച് തന്നെ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സേന അതീവ ജാഗ്രതയിലാണെന്നും യുഎഇയുടെ വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായ് അൽ മിൻഹാദിലെ വ്യോമതാവളം ഇറാൻ ആക്രമിച്ചെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ യുഎഇ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. ഏതു തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ യുഎഇ സജ്ജമാണെന്നും രാജ്യത്ത് സുരക്ഷാ ജാഗ്രത തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്ത് കടലിൽ സ്ഥാപിച്ചിരുന്ന രണ്ട് മൈനുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്ധനം കൊണ്ടുപോകുന്ന സൂപ്പർ ടാങ്കറിന് തീപിടിച്ചു. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലിനെയാണ് ആക്രമിച്ചതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അവകാശപ്പെട്ടു. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കും സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഖർഗ് ദ്വീപിലെ എണ്ണ ഉൽപാദനം നിർത്തിയിട്ടില്ലെന്ന് ഇറാൻ
ഇറാനിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ഖർഗ് ദ്വീപിൽ എണ്ണ ഉൽപാദനം നിർത്തിവച്ചിട്ടില്ലെന്ന് ദേശീയ ഓയിൽ കമ്പനി അറിയിച്ചു. ഖർഗിലെ എണ്ണ ഉൽപാദന കേന്ദ്രം പൂർണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ സിഇഒ ഹമീദ് ബൊവാർഡിന്റെ പ്രതികരണം. ഖർഗിലെ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. ദ്വീപിലെ സ്ഥിതിഗതികൾ ശാന്തവും സാധാരണ നിലയിലുമാണെന്നും അദ്ദേഹം പറഞ്ഞു.
ലാറക് ദ്വീപിൽ യുഎസ് ആക്രമണം
ആഴ്ചകൾ നീണ്ട ഇടവേളയ്ക്കുശേഷം ഇറാനെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന രണ്ട് മിസൈൽ വിക്ഷേപണ സംവിധാനങ്ങളാണ് യുഎസ് വ്യോമസേന ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. യുഎസിനെതിരെ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കപ്പൽ ഗതാഗത പാതയിലേക്ക് കടൽമൈനുകൾ സ്ഥാപിക്കുന്നതിനായി റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന യുഎസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ലാറക് ദ്വീപിലെ ആക്രമണം.
ജോർദാനിലെ യുഎസ് താവളത്തിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ
ലാറക് ദ്വീപിലെ യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി സൈനികർക്കും സാധാരണക്കാർക്കും ജീവഹാനിയും പരുക്കുകളും ഉണ്ടായതായി ഇറാൻ അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
ഹോർമുസ് ദ്വീപിന് തെക്കും ഖേഷം ദ്വീപിന് കിഴക്കുമായാണ് ലാറക് ദ്വീപിന്റെ സ്ഥാനം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 1,100 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ആഗോള എണ്ണ ഗതാഗതത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ തുടർച്ചയായ സൈനിക നീക്കങ്ങൾ നടക്കുന്നത് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.










