
ദോഹ: കഴിഞ്ഞ ശനിയാഴ്ച മുതൽ ഖത്തറിന് നേരെ ഇറാൻ നടത്തിവരുന്ന ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.ഇറാന്റെ നടപടി ഖത്തറിന്റെ ദേശീയ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. അയൽപക്ക ബന്ധത്തിന്റെ തത്വങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും വിരുദ്ധമാണ് ഈ പ്രകോപനമെന്നും ഇത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.ഇറാൻ തുടർച്ചയായി തൊടുത്തുവിട്ട മിസൈൽ തിരമാലകളെ തടയുന്നതിൽ ഖത്തർ സായുധ സേന പ്രകടിപ്പിച്ച ഉയർന്ന പോരാട്ട വീര്യത്തെയും ജാഗ്രതയെയും ശൂറ കൗൺസിൽ പ്രശംസിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ നടത്തുന്ന ഏകോപിതമായ പ്രവർത്തനങ്ങളെ കൗൺസിൽ അഭിനന്ദിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര നീക്കങ്ങളും സൈന്യത്തിന്റെ പ്രൊഫഷണലിസവും രാജ്യത്തെ വലിയ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായി യോഗം വിലയിരുത്തി.ഇറാനും അന്താരാഷ്ട്ര സമൂഹത്തിനുമിടയിൽ സമാധാന ചർച്ചകൾക്ക് എക്കാലവും മുൻകൈ എടുത്തിട്ടുള്ള രാജ്യമാണ് ഖത്തറെന്ന് കൗൺസിൽ ഓർമ്മിപ്പിച്ചു. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് ഖത്തർ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ, ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങൾ നല്ല ഉദ്ദേശ്യത്തോടെയുള്ളതല്ലെന്നും അത് സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും കൗൺസിൽ വ്യക്തമാക്കി.ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ, ബഹ്‌റൈൻ, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെയും ശൂറ കൗൺസിൽ അപലപിച്ചു. ഈ സഹോദര രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ശൂറ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.











