
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടടുത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു. അന്തർവാഹിനി ആക്രമണത്തെ തുടർന്നാണ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ഡെന തകർന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 101 പേരെ കാണാതായിട്ടുണ്ട്. ആക്രമണത്തിൽ 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ സൈന്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിൽ അറിയിച്ചു.
തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തിന് സമീപമാണ് ഇറാന്റെ യുദ്ധക്കപ്പലിനു നേരേ ആക്രമണമുണ്ടായത്. കപ്പലിൽ നിന്നു ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് ശ്രീലങ്കൻ നാവികസേന ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി പരിസരത്തും സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ കർശനമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സാഹചര്യം കൂടുതൽ ഗുരുതരമായി മാറുകയാണ്.











