
റിയാദ്/ദോഹ: ഖത്തറിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നഗ്നമായ പ്രകോപനങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള വിശ്വാസ്യതയിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണെന്ന് സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ. ഈ നീക്കങ്ങൾ ഗൾഫ്-ഇറാൻ ബന്ധത്തിന്റെ ഭാവിയിൽ ആഴത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നും 'അൽ അറബിയ നെറ്റിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ല. ലോകത്തിലെ തന്നെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും ആയുധശേഖരവും ഗൾഫ് സൈന്യത്തിനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖലയിലെ യുദ്ധസാഹചര്യം വ്യാപിക്കുന്നത് തടയാനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്. തർക്കങ്ങൾ പരിഹരിക്കാൻ സമാധാനപരമായ ചർച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് ഖത്തറിന്റെ വിദേശനയത്തിന്റെ അടിസ്ഥാനം. സമാധാനത്തിനായി നിലകൊള്ളുന്ന ആഗോള ശക്തികളുമായി ചേർന്ന് ഖത്തർ തുടർന്നും പ്രവർത്തിക്കും.നിലവിലെ സാഹചര്യം നേരിടാൻ ആറ് ഗൾഫ് രാജ്യങ്ങൾക്കിടയിലും മികച്ച ഏകോപനവും സംയോജനവുമാണ് നിലനിൽക്കുന്നത്. സൈനിക-സുരക്ഷാ മേഖലകളിൽ മാത്രമല്ല, അതിർത്തികൾ തുറന്നുനൽകുന്നതിലും പൊതുവായ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലും ഈ ഐക്യം ദൃശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വന്തം അതിർത്തികളും ആസ്തികളും സംരക്ഷിക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ വലിയ തോതിൽ പ്രതിരോധ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏതൊരു സുരക്ഷാ വെല്ലുവിളിയെയും കാര്യക്ഷമമായി നേരിടാൻ ജി.സി.സി രാജ്യങ്ങൾക്ക് സാധിക്കുമെന്നും അംബാസഡർ വ്യക്തമാക്കി.











