04:56pm 10 November 2026
NEWS
ഇറാനിയൻ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച് അമേരിക്കൻ യുദ്ധക്കപ്പൽ
24/07/2025  07:34 AM IST
nila
ഇറാനിയൻ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച് അമേരിക്കൻ യുദ്ധക്കപ്പൽ

ഇറാനിയൻ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പൽ തടഞ്ഞ് ഇറാൻ നാവികസേന. ഒമാൻ ഉൾക്കടലിലാണ് ഇന്നലെ  യു.എസ്.എസ്. ഫിറ്റ്സ്ജെറാൾഡ് എന്ന യുദ്ധക്കപ്പൽ ഇറാന്റെ സമുദ്രാതിർത്തി ലംഘിക്കാൻ തുനിഞ്ഞത്. ഇത് മനസ്സിലാക്കിയ ഇറാൻ നാവികസേന ഹെലികോപ്റ്റർ അയച്ച് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇറാനിയൻ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് സംഭവം. തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് അടുത്ത യു.എസ്.എസ്. ഫിറ്റ്സ്ജെറാൾഡ് എന്ന അമേരിക്കൻ നാവികസേനയുടെ കപ്പലിനെ നേരിടാൻ ഇറാൻ നാവികസേന ഹെലികോപ്റ്റർ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഹെലികോപ്റ്റർ അമേരിക്കൻ കപ്പലിന് മുകളിലൂടെ പറക്കുകയും സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, അമേരിക്കൻ യുദ്ധക്കപ്പൽ ആദ്യം ഈ നിർദ്ദേശം അനുസരിക്കാൻ തയ്യാറായില്ല. പ്രദേശം വിട്ടുപോയില്ലെങ്കിൽ ഹെലികോപ്റ്റർ തകർക്കുമെന്നായിരുന്നു യുദ്ധക്കപ്പലിന്റെ ഭീഷണി. 

ഹെലികോപ്റ്റർ ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ്ണ സംരക്ഷണയിലാണെന്നായിരുന്നു ഈ ഭീഷണിക്ക് മറുപടിയായി  ഇറാനിയൻ വ്യോമ പ്രതിരോധ സേന അറിയിച്ചത്. ഇതിനു പിന്നാലെ അമേരിക്കൻ കപ്പൽ പിൻവാങ്ങിയതായും  ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img