
ദോഹ: മേഖലയിൽ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് ഖത്തറിലെ ഇറാൻ അംബാസഡർ ഡോ. അലി സാലിഹ് ആബാദി. ഇറാന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദോഹയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സങ്കീർണ്ണമായ പ്രാദേശിക പ്രശ്നങ്ങളിൽ ഖത്തർ സ്വീകരിക്കുന്ന മിതമായ നിലപാടുകളും ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളും മേഖലയുടെ സുസ്ഥിരതയ്ക്ക് കരുത്തുപകരുന്നു.ഖത്തറും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത കാലത്തായി വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ടെഹ്റാൻ സന്ദർശനവും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയന്റെ ദോഹ സന്ദർശനവും ഈ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്.ചരിത്രപരവും സാംസ്കാരികവുമായ ദൃഢബന്ധം പങ്കിടുന്ന ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ നയതന്ത്രമാണ് പിന്തുടരുന്നത്. രാഷ്ട്രീയ പക്വതയും അയൽരാജ്യങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടലുമാണ് ദോഹ-ടെഹ്റാൻ ബന്ധത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ, വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം ഡയറക്ടർ ഇബ്രാഹിം ബിൻ യൂസഫ് ഫക്രോ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.











