09:20am 20 April 2026
NEWS
അനധികൃത ആയുധ ഇടപാടുകൾ നടത്തിയ ഇറാനിയൻ യുവതി അമേരിക്കയിൽ അറസ്റ്റിൽ
20/04/2026  06:19 AM IST
nila
അനധികൃത ആയുധ ഇടപാടുകൾ നടത്തിയ ഇറാനിയൻ യുവതി അമേരിക്കയിൽ അറസ്റ്റിൽ

ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരുമായി ബന്ധപ്പെട്ടു അനധികൃത ആയുധ ഇടപാടുകൾ നടത്തിയെന്നാരോപിച്ച് അമേരിക്കയിൽ ഇറാനിയൻ യുവതി അറസ്റ്റിൽ. 2013 മുതൽ അമേരിക്കയിൽ താമസമാക്കിയ ഷമീം മാഫി (44)യാണ് അറസ്റ്റിലായത്. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട സ്ഫോടക വസ്തുക്കൾ എന്നിവയുടെ വ്യാപാരമാണ് ഷമീം മാഫി നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

2025ൽ ഒമാൻ ആസ്ഥാനമായുള്ള ‘അറ്റ്ലസ് ഇന്റർനാഷനൽ ബിസിനസ്’ എന്ന വ്യാജ കമ്പനിയുടെ പേരിൽ ഇവർ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇറാന്റെ മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളറിന്റെ കരാർ ഒരുക്കിയതും, 2023 മുതൽ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് ഏകദേശം 55,000 ബോംബ് ഫ്യൂസുകൾ എത്തിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യുവതിക്കെതിരെയുള്ളത്.

ഇത്തരത്തിലുള്ള അന്താരാഷ്ട്ര ആയുധ ഇടപാടുകൾക്ക് ആവശ്യമായ നിയമാനുമതികൾ മാഫിക്കില്ലെന്നതാണ് യുഎസ് അധികൃതരുടെ കണ്ടെത്തൽ. കൂടാതെ, 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി നേരിട്ടുള്ള ബന്ധം പുലർത്തിയതിന്റെ തെളിവായി ഫോൺ രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

2013ൽ ഇറാനിൽ നിന്ന് യുഎസിലെത്തിയ മാഫിക്ക് 2016ൽ സ്ഥിരതാമസ പദവി ലഭിച്ചിരുന്നു. എന്നാൽ ഇറാൻ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ യുവതി വ്യക്തമാക്കിയത്. 2020ൽ പിതാവിൽ നിന്ന് ലഭിച്ച സ്വത്തുകൾ ഇറാനിയൻ അധികൃതർ പിടിച്ചെടുത്തതിനെ തുടർന്ന്, യുഎസിൽ ബിസിനസ് ആരംഭിക്കാൻ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. വിദേശത്ത് പ്രവർത്തിക്കുന്നതുകൊണ്ട് തനിക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന നിലപാടും മാഫി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img